രാത്രിയിൽ എലിവിഷം ഓഡർ ചെയ്തു ; ഡെലിവറി ബോയിയുടെ സമയോചിതമായ ഇടപെടൽ രക്ഷയായിചിലപ്പോൾ ചെറിയ തീരുമാനങ്ങൾ വലിയ ജീവിതങ്ങൾ രക്ഷിച്ചേക്കാം

ponnani channel
By -
0


രാത്രിയിൽ എലിവിഷം ഓഡർ ചെയ്തു ; ഡെലിവറി ബോയിയുടെ സമയോചിതമായ ഇടപെടൽ രക്ഷയായി
ചിലപ്പോൾ ചെറിയ തീരുമാനങ്ങൾ
 വലിയ ജീവിതങ്ങൾ രക്ഷിച്ചേക്കാം

സമയോചിതമായ ഇടപെടലിലൂടെ ഒരു ജീവൻ രക്ഷിച്ച ഡെലിവറി ബോയിയുടെ കഥ.തമിഴ്‌നാട്ടിൽ നിന്നുള്ള ഒരു ബ്ലിങ്കിറ്റ് ഡെലിവറി ബോയിക്ക് ആ രാത്രി കേവലം ഒരു ജോലി മാത്രമായിരുന്നില്ല, മറിച്ച് ഒരു മനുഷ്യജീവൻ തിരിച്ചുപിടിക്കാനുള്ള നിയോഗമായിരുന്നു. പതിവുപോലെ വന്ന ഒരു ഓർഡർ അയാളുടെ ഉള്ളിൽ അപായസൂചന നൽകി— മൂന്ന് പാക്കറ്റ് എലിവിഷം! അതും അസമയത്ത്.
സാധനങ്ങളുമായി അഡ്രസ്സിൽ എത്തിയ ഡെലിവറി റൈഡർ കണ്ടത് കരഞ്ഞു കലങ്ങിയ കണ്ണുകളുമായി നിൽക്കുന്ന ഒരു സ്ത്രീയെയാണ്. അവർക്ക് ആ വിഷപ്പൊതികൾ കൈമാറാൻ അയാളുടെ മനസ്സ് അനുവദിച്ചില്ല. തന്റെ ജോലി സാധനങ്ങൾ എത്തിക്കുക എന്നത് മാത്രമാണെങ്കിലും, ആ നിമിഷം അയാൾ ഒരു സഹോദരനായി മാറി.
"എന്ത് പ്രശ്നമുണ്ടെങ്കിലും ആത്മഹത്യ ഒരു പരിഹാരമല്ല..." എന്ന അയാളുടെ വാക്കുകൾ ആ സ്ത്രീയുടെ മനസ്സിനെ മാറ്റിമറിച്ചു.
 
ആദ്യമൊന്ന് മടിച്ചെങ്കിലും, അയാളുടെ കരുതലോടെയുള്ള സംസാരത്തിന് മുന്നിൽ അവരുടെ ഉള്ളിലെ സങ്കടക്കടൽ ഇരമ്പി. രാത്രിയിൽ എലിവിഷം വാങ്ങുന്നത് എലിയെ കൊല്ലാനല്ല എന്ന് തനിക്ക് മനസ്സിലായെന്ന് ഉറപ്പിച്ചു പറഞ്ഞതോടെ അവർ പിന്തിരിയാൻ തയ്യാറായി. ഒടുവിൽ ആ ഓർഡർ ക്യാൻസൽ ചെയ്യിപ്പിച്ചും അവരെ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവന്നുമാണ് അയാൾ അവിടെനിന്നും മടങ്ങിയത്.
താൻ ചെയ്ത കാര്യം പിന്നീട് സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ചപ്പോഴാണ് ഈ ധീരമായ ഇടപെടൽ ലോകമറിഞ്ഞത്. ഒരു നിമിഷത്തെ മനോധൈര്യവും സഹജീവി സ്നേഹവും എങ്ങനെ ഒരാളുടെ ആയുസ്സ് നീട്ടിക്കൊടുക്കുമെന്ന് ഈ സംഭവം നമ്മെ ഓർമ്മിപ്പിക്കുന്നു.
മറ്റുള്ളവരുടെ വിഷമങ്ങൾ തിരിച്ചറിയാൻ ഒരു നിമിഷം നീക്കിവെക്കുക. കരുതലോടെയുള്ള ഒരു വാക്കിന് ഒരു ജീവന്റെ വിലയുണ്ട്. ഒപ്പം നമ്മൾ മനസ്സിലാക്കേണ്ടത് മറ്റൊരു കാര്യം 'എത്ര വലിയ പ്രതിസന്ധിയിലും തളരാതെ കൂടെ നിൽക്കാൻ ആരെങ്കിലുമൊക്കെയുണ്ടാകും' എന്നതാണ്.
Tags:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0അഭിപ്രായങ്ങള്‍

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ (0)