മറ്റുള്ളവർക്ക് ഭക്ഷണം നൽകുന്നതും അതിഥിയേ ആദരിക്കലും തിരുനബിമാതൃക...കെ എം മുഹമ്മദ്‌ കാസിം കോയ

ponnani channel
By -
0

പൊന്നാനി :ലോകജനതക്ക് സ്നേഹത്തിന്റെയും പാരസ്‌പര്യത്തിന്റെയും സന്ദേശം നൽകിയ അർത്ഥവത്തായ ജീവിത പദ്ധതിയുടെ വിശേഷങ്ങൾ പഠിപ്പിച്ചു തന്ന നീതിയുടെയും സമത്വത്തിന്റെയും ആശയങ്ങൾ പകർന്നു നൽകിയ തിരു റസൂൽ (സ്വ)തങ്ങളുടെ 1501ാം ജന്മദിനത്തിന്റെ ഭാഗമായി പൊന്നാനി മസ്ജിദ് മുസമ്മിൽ ഇജാബയിൽ മഹബ്ബ സംഗമം നടന്നു.

മുത്ത് നബി (സ്വ) തങ്ങൾ ലോകത്തിന് പഠിപ്പിച്ചു തന്ന സന്ദേശങ്ങളോരോ ന്നും നാം മനസ്സിലാക്കുകയും പകർത്തുകയും ചെയ്യേണ്ട കാലമാണിത്.
ഒരിക്കൽ നബിതങ്ങളുടെ അടുത്തേക്ക് ഒരു അതിഥി വന്നു. അവിടുന്ന് അയാൾക്ക് ഭക്ഷണം നൽകാൻ വേണ്ടി ഭാര്യമാരോട് എന്തെങ്കിലും ഉണ്ടാവുമോ എന്ന് അന്വേഷിച്ചപ്പോൾ പച്ചവെള്ളം അല്ലാതെ മറ്റൊന്നും തങ്ങളുടെ പക്കൽ ഇല്ലെന്ന വിവരമാണ് നബിയോർക്ക് അറിയാൻ കഴിഞ്ഞത്. അപ്പോൾ നബിതങ്ങൾ അനുയായികളോട് ഇന്നത്തെ ദിവസം ഈ അഥിതിയേ സൽക്കരിക്കാൻ ആർക്കാണ് സാധിക്കുക എന്ന് ചോദിച്ചു. അൻസ്വാരിയായ ഒരു സ്വഹാബി ഇക്കാര്യം ഏറ്റെടുക്കുകയും അദ്ദേഹത്തെ തന്റെ വീട്ടിലേക്ക് കൊണ്ട് പോവുകയും ചെയ്തു.അതിഥിയേ കണ്ടപ്പോൾ ഈ സ്വഹാബിയുടെ പ്രിയ പത്നി മക്കൾക്ക് നൽകാനുള്ള ഭക്ഷണമല്ലാതെ മറ്റൊന്നും ഇല്ലെന്നും നമ്മൾ രണ്ട് പേരും ഇന്ന് പട്ടിണിയാണെന്നുമുള്ള കാര്യമാണ് തന്റെ ഭർത്താവിനോട് പറഞ്ഞത്.എന്നിട്ട് അവർ തന്നെ ഒരു ഉപായം മുന്നോട്ട് വെച്ചു. ഭക്ഷണം വിളമ്പി വെക്കുകയും വീട്ടിലെ വിളക്ക് അണക്കുകയും ചെയ്യാം... കുറച്ച് സമയം കഴിയുമ്പോൾ കുട്ടികൾ പതുക്കെ ഉറങ്ങിക്കോളും....
അപ്പോൾ ആ ഭക്ഷണം കൊണ്ട് നമുക്ക് അതിഥിയേ സൽക്കരിക്കാം... അവർ അപ്രകാരം പ്രവർത്തിക്കുകയും ചെയ്തു.പിറ്റേ ദിവസം പ്രഭാത നമസ്കാരത്തിന് പള്ളിയിൽ എത്തിയപ്പോൾ മുത്ത് നബി ( സ്വ ) ആ സ്വാഹാബിയോട് പറഞ്ഞു : നിങ്ങളും നിങ്ങളുടെ പത്നിയും ഒരു രാത്രി കൊണ്ട് സ്വർഗ്ഗം നേടിയല്ലോ... 
അതിഥിയേ ആദരിക്കാൻ നിങ്ങൾ കാണിച്ച മനസ്സും നിങ്ങളുടെ ഈ സുകൃതവും അല്ലാഹുവിനെ സന്തോഷിപ്പിക്കുകയും നിങ്ങൾക്ക് സ്വർഗം പകരം കിട്ടുകയും ചെയ്യും...

ഇത് സംബന്ധിച്ചു ഖുർആനിൽ അല്ലാഹു തആല പറയുന്നത് 
"തങ്ങൾക്ക് കടുത്ത ദാരിദ്ര്യം ഉണ്ടായാൽ പോലും തങ്ങളേക്കാൾ മുൻഗണന അവർ മറ്റുള്ളവർക്ക് നൽകുന്നു. സ്വന്തം മനസ്സിന്റെ പിശുക്കിൽ നിന്ന് കാത്തു രക്ഷിക്കപ്പെടുന്നവർ ആരോ... അവരാണ് വിജയികൾ" ( വി :ഖുർആൻ 59:9)

തിരു റസൂൽ (സ്വ) അതിഥിയേ ആദരിക്കുന്നതിനേയും സൽക്കരിക്കുന്നതി നേയും മറ്റുള്ളവർക്ക് ഭക്ഷണം നൽകുന്നതിനെയും നന്നായി പ്രോത്സാഹിപ്പിക്കുകയും അതിന്റെ മഹത്വം നമ്മെ പഠിപ്പിക്കുകയും ചെയ്തു .ആ മാതൃക നാം പിൻപറ്റണമെന്ന് പരിപാടി ഉത്ഘാടനം ചെയ്തു കൊണ്ട് കെ എം മുഹമ്മദ്‌ കാസിം കോയ പറഞ്ഞു.

മസ്ജിദ് മുസമ്മിൽ ഇജാബ ഇമാം റഫീഖ് സഅദി, ഉസ്മാൻ മുസ്‌ലിയാർ, അനസ് അദനി, ഡോക്ടർ ഷബീബ് എന്നിവർ സംബന്ധിച്ചു.
Tags:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0അഭിപ്രായങ്ങള്‍

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ (0)