തവനൂർ : സാമൂഹിക ഉച്ചനീചത്വങ്ങള്‍ക്കും അടിച്ചമര്‍ത്തലുകള്‍ക്കും വിധേയമാക്കപ്പെട്ട ഒരു ജനതയെ നവോത്ഥാന വിപ്ളവ പോരാട്ടങ്ങളിലൂടെ മുഖ്യധാരയിലേക്കെത്തിക്കാന്‍ മഹാത്മ അയ്യങ്കാളി നടത്തിയ സമരങ്ങള്‍ അവകാശ സമര പോരാട്ടങ്ങള്‍ക്ക് മാതൃകയാണെന്ന് പി.ഡി.പി.സംസ്ഥാന ജനറല്‍ സെക്രട്ടറി ജാഫർ അലി ദാരിമി പറഞ്ഞു. സാമൂഹിക അസമത്വം നിലനില്‍ക്കുകയും സഞ്ചാര സ്വാതന്ത്ര്യവും വിദ്യാഭ്യാസ അവകാശവും നിഷേധിക്കപ്പെടുകയും അയിത്തവും അടിമത്വവും ആചാരമായി നിലനില്‍ക്കുകയും ചെയ്ത കാലഘട്ടത്തില്‍ സവര്‍ണ്ണ വരേണ്യ അധികാര മേധാവിത്വത്തോട് തുല്യതയില്ലാത്ത പോരാട്ടം നടത്തിയാണ് നവോത്ഥാന വിപ്ളവങ്ങള്‍ യാഥാര്‍ത്ഥ്യമാക്കിയത്. ഇന്നിന്റെ ഇന്ത്യയെപ്പോലും പൗരാണിക സാമൂഹിക ചുറ്റുപാടിലേക്ക് പിന്തള്ളാന്‍ ആസൂത്രിതമായ പരിശ്രമങ്ങള്‍ നടത്തിക്കൊണ്ടിരിക്കുന്ന സവര്‍ണ്ണ ഫാസിസ്റ്റ് ഭരണകൂടങ്ങളോട് പൊരുതി നില്‍ക്കാന്‍ ജനാധിപത്യ സമൂഹം അയ്യങ്കാളിയുടെ പോരാട്ടവീര്യം ആര്‍ജ്ജിച്ചെടുക്കണമെന്ന് അദ്ദേഹം പറഞ്ഞു. സ്വാതന്ത്ര്യത്തിന്റെ എഴുപത്തഞ്ചാം ആണ്ടിലും കുടിവെള്ള പാത്രത്തില്‍ സ്പര്‍ശിച്ചതിന്റെ പേരില്‍ ഒന്‍പത് വയസ്സുള്ള ദലിത് വിദ്യാര്‍ത്ഥിയെ അധ്യാപകന്‍ ക്രൂരമായി തല്ലിക്കൊല്ലുന്ന ജാതിവെറിയുടെ സവര്‍ണ്ണാധിപത്യത്തിനെതിരെ ജനാധിപത്യ ജാഗ്രതയുണ്ടാകണം.
''മഹാത്മ അയ്യങ്കാളി വിമോചനത്തിന്റെ വിപ്ലവവീര്യം'' എന്ന പ്രമേയത്തില്‍ പി.ഡി.പി. തവനൂർ മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച അയ്യങ്കാളി അനുസ്മരണ സംഗമം ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. മണ്ഡലം കമ്മിറ്റി പ്രസിഡന്റ് ബാദുഷ കാലടിത്തറ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ ജോയിന്റ് സെക്രട്ടറി ശംലിക്ക് കടകശ്ശേരി മണ്ഡലം സെക്രട്ടറി സലാം അതളൂർ, വൈസ് പ്രസിഡന്റ് സൈതാലി കുട്ടി ചമ്രവട്ടം, സംസ്ഥാന കൗൺസിൽ അംഗം കല്ലിങ്ങൽ മൂസ അഷ്‌റഫ് മൗലവി തുടങ്ങിയവര്‍ പ്രസംഗിച്ചു.