പേരൊന്നുമില്ല

ponnani channel
By -
0


നായര്‍തോട് പാലത്തിന്റെ പ്രവൃത്തി ഉദ്ഘാടനം മന്ത്രി നിര്‍വഹിച്ചു

പാലത്തിനും അപ്രോച്ച് റോഡിനുമായി ചെലവഴിക്കുന്നത് 52.2 കോടി രൂപ
 
ജനങ്ങൾക്ക് ഗുണകരമാകുന്ന ഏതൊരു പദ്ധതിയും തടസങ്ങൾ മറികടന്ന് പ്രാവർത്തികമാക്കുന്നതിന് സർക്കാർ പ്രതിജ്ഞാബന്ധമെന്ന് പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ്. പുറത്തൂര്‍ പഞ്ചായത്തിലെ കാവിലക്കാടിനെയും പടിഞ്ഞാറേക്കര ടിപ്പു സുല്‍ത്താന്‍ റോഡിനെയും ബന്ധിപ്പിക്കുന്ന നായര്‍തോട് പാലത്തിന്റെ പ്രവൃത്തി ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. വിദേശ രാജ്യങ്ങളെ മാതൃകയാക്കി യാത്രാ സൗകര്യങ്ങൾക്കൊപ്പം വിനോദ സഞ്ചാര കേന്ദ്രങ്ങൾ കൂടിയായി മാറിയിരിക്കുകയാണ് കേരളത്തിലെ പാലങ്ങൾ. ഈ പ്രവണത മനസ്സിലാക്കി സംസ്ഥാനത്തെ പ്രധാന പാലങ്ങളെ ടൂറിസം കേന്ദ്രങ്ങളാക്കുന്ന നടപടികൾ സർക്കാർ ആരംഭിച്ചിട്ടുണ്ട്. ഇതിനായി പ്രധാന പാലങ്ങൾ ജനകീയ പങ്കാളിത്തത്തോടെ അലങ്കരിക്കും. പൊതുമരാമത്ത് വിശ്രമ കേന്ദ്രങ്ങൾക്ക് ജനങ്ങൾ നൽകിയ പിന്തുണ ഈ പുതിയ ആശയത്തിനും ലഭിക്കുമെന്നാണ് പ്രതീക്ഷയെന്നും മന്ത്രി പറഞ്ഞു. 

പടിഞ്ഞാറേക്കര നായര്‍തോട് പരിസരത്ത് നടന്ന പരിപാടിയില്‍ ഡോ. കെ.ടി ജലീല്‍ എം.എല്‍.എ അധ്യക്ഷനായി. പുറത്തൂർ പഞ്ചായത്തിൻ്റെ ഇരുകരകളേയും ബന്ധിപ്പിക്കുന്ന നായർതോട് പാലം നിർമാണം ആരംഭിക്കുന്നതിലൂടെ പ്രദേശത്തുകാരുടെ വർഷങ്ങൾ നീണ്ട കാത്തിരിപ്പിനാണ് വിരാമമാകുന്നതെന്ന് എം.എൽ.എ പറഞ്ഞു. അഴിമുഖത്തോട് ചേർന്ന പ്രദേശമായതിനാൽ കേന്ദ്ര ഇൻ ലാൻഡ് നാവിഗേഷൻ അനുമതി ലഭ്യമാകുന്നതുൾപ്പടെ തടസങ്ങളാണ് പദ്ധതി വൈകാനിടയാക്കിയത്. പാലത്തിൻ്റെ സമീപന റോഡിനായുള്ള സ്ഥലമേറ്റെടുപ്പുൾപ്പടെ മുഴുവൻ പ്രതിബന്ധങ്ങളും നീക്കിയതായും രണ്ട് വർഷത്തിനകം പദ്ധതി പൂർത്തീകരിക്കാനാണ് ലക്ഷ്യമെന്നും എം.എൽ.എ പറഞ്ഞു.
 
മലപ്പുറം ജില്ലയിലെ തവനൂര്‍ നിയോജക മണ്ഡലത്തില്‍ തിരൂര്‍- പൊന്നാനി പുഴയ്ക്ക് കുറുകെയാണ് നായര്‍തോട് പാലം നിര്‍മിക്കുന്നത്. 46.89 കോടി രൂപ ചെലവില്‍ ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട് കോ-ഓപ്പറേറ്റീവ് സൊസൈറ്റിയാണ് പാലം നിര്‍മിക്കുന്നത്. ഇതിന് പുറമെ അഞ്ച് കോടി രൂപ സമീപന റോഡിന്റെ നിര്‍മ്മാണത്തിനും സ്ഥലമേറ്റെടുപ്പിനും അനുവദിച്ചിട്ടുണ്ട്. 432 മീറ്റര്‍ നീളത്തില്‍ നിര്‍മിക്കുന്ന നായര്‍തോട് പാലത്തിന് 20 മീറ്ററിന്റെ എട്ട് സ്പാനുകളും 36.20 മീറ്ററിന്റെ ആറ് സ്പാനുകളും നടുവിലായി 55 മീറ്ററിന്റെ ഒരു ബോസിങ് ഗര്‍ഡര്‍ സ്പാനുമാണ് ഉള്ളത്. കൂടാതെ കാവിലക്കാട് ഭാഗത്ത് 170 മീറ്ററും പടിഞ്ഞാറേക്കര ഭാഗത്ത് 160 മീറ്ററും സമീപന റോഡുകളും ഉള്‍പ്പെടുത്തിയിട്ടുണ്ട്. 7.50 മീറ്റര്‍ വീതിയില്‍ കാരിയേജ് വേയും ഇരുവശത്തും 1.50 മീറ്റര്‍ വീതിയില്‍ കൈവരിയോടു കൂടിയ നടപ്പാതയും ഉള്‍പ്പെടെ 11 മീറ്ററാണ് പാലത്തിന്റെ വീതി. 

തിരൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. യു. സൈനുദ്ധീന്‍,
ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ സി.പി കുഞ്ഞുട്ടി, നാഷാദ് നെല്ലാഞ്ചേരി, മത്സ്യബോര്‍ഡ് ചെയര്‍മാന്‍ കൂട്ടായി ബഷീര്‍, തിരൂര്‍ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി. പ്രീത, പുറത്തൂര്‍ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് സുഹറ ആസിഫ്, ജില്ലാ പഞ്ചായത്തംഗം ഇ. അഫ്സല്‍, പുറത്തൂര്‍ ഗ്രാമപഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷന്മാരായ കെ. ഉമ്മര്‍, ജെ. സരസ്വതിയമ്മ, കെ.ടി പ്രശാന്ത്, ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ കെ.പി സലീന, അനിത കണ്ണത്ത്, മത്സ്യഫെഡ് എക്സിക്യൂട്ടീവ് ഡയറക്ടര്‍ കെ.വി.എം ഹനീഫ, പുറത്തൂര്‍ ഗ്രാമപഞ്ചായത്ത് വാര്‍ഡ് മെമ്പര്‍ ഹസ്പ്ര യഹിയ, വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ എന്നിവർ സംസാരിച്ചു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0അഭിപ്രായങ്ങള്‍

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ (0)