കൂലിപ്പണി ചെയ്ത് സ്വരൂപിച്ച സ്വര്‍ണ്ണമാല നഷ്ടമായ വേദനയില്‍ പൊലീസ് സ്റ്റേഷന്‍ വളപ്പില്‍ തളര്‍ന്നിരുന്ന ചക്കിക്ക് പുതുപുത്തന്‍ മാല സ്വന്തം. തിരൂര്‍ ഫൈസല്‍ ജ്വല്ലറി ഉടമ ഫൈസലാണ് പുതിയ സ്വര്‍ണ്ണമാല സമ്മാനിച്ച് നന്‍മരൂപമായി ചക്കിക്ക് മുന്നില്‍ പ്രത്യക്ഷപ്പെട്ടത്. കവര്‍ച്ചാ സംഭവം പുറത്ത് വിട്ടത് തുഞ്ചന്‍വിഷന്‍ ന്യൂസ്
വെള്ളിയാഴ്ച രാവിലെ രണ്ട് സഹോദരികളോടൊപ്പം വൈരംകോട് പോയി വരുന്നതിനിടെയായിരുന്നു എറ്റരിക്കടവ് സ്വദേശിനിയായ ചക്കിയുടെ മാല നഷ്ടമായത്. തിരക്കേറിയ സ്വകാര്യ ബസില്‍ നിന്ന് മാല പൊട്ടിച്ചെടുക്കുകയായിരുന്നു. മാല നഷ്ടമായതോടെ ബസില്‍ ചക്കി ബഹളം വെച്ചു. തുടര്‍ന്ന് ബസിലുണ്ടായിരുന്ന യാത്രക്കാരെ സ്‌റ്റേഷനിലെത്തിച്ച് പരിശോധന നടത്തിയെങ്കിലും മാല കണ്ടെത്താന്‍ സാധിച്ചിരുന്നില്ല. അതോടെയായിരുന്നു ആരുടേയും ഉള്ളുലക്കുന്ന വിധം ചക്കിയുടെ സങ്കടം അണപൊട്ടിയത്.
തുഞ്ചന്‍വിഷന്‍വാര്‍ത്തയിലൂടെ ചക്കിയുടെ വേദന ലോകം അറിഞ്ഞതോടെ സ്വര്‍ണ്ണ വ്യാപാരി ഫൈസല്‍ രംഗത്തെത്തുകയായിരുന്നു. മാതൃഭൂമി തിരൂര്‍ ലേഖകന്‍ പ്രദീപ് പയ്യോളിയുടെ ഇടപെടലുമുണ്ടായി. തൊട്ടുപിന്നാലെ ജ്വല്ലറിയില്‍ നിന്ന് രണ്ട് പവന്റെ സ്വര്‍ണ്ണമാലയുമായി ഫൈസല്‍ പൊലീസ് സ്റ്റേഷന്‍ വളപ്പിലെത്തി. അപ്പോഴും മാല നഷ്ടമായ ആധിയില്‍ കണ്ണീരണിഞ്ഞ് നില്‍ക്കുകയായിരുന്നു ചക്കി. ഫൈസല്‍ പുത്തന്‍മാല കഴുത്തില്‍ ചാര്‍ത്തിയതോടെ ചക്കിയുടെ കണ്ണീര്‍ ആനന്ദാശ്രുവായി മാറി. സ്വര്‍ണ്ണത്തിനേക്കാള്‍ ചക്കിയുടെ കണ്ണീരിന് ഫൈസല്‍ മൂല്യം നല്‍കിയതോടെ മനുഷ്യത്വത്തിന്റെ പുതിയ മാതൃക പിറവിയെടുക്കുകയായിരുന്നു.