അക്ബർ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പാരാമെഡിക്കൽസ് പി നന്ദകുമാർ എം എൽ എ ഉദ്‌ഘാടനം ചെയ്തു

ponnani channel
By -
0

പൊന്നാനി: ആരോഗ്യ രംഗത്തെ തൊഴിലധിഷ്ഠിത പഠന - പരിശീലന സൗകര്യം പൊന്നാനിയിൽ യാഥാർഥ്യമായതിൽ സ്ഥലം നിയമസഭാ സാമാജികർ പി നന്ദകുമാർ ആഹ്ലാദം രേഖപ്പെടുത്തി. ചന്തപ്പടിയിലെ ബെൻസി പോളിക്ലിനിക്കിന് അനുബന്ധമായി ആരംഭിക്കുന്ന അക്ബർ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പാരാമെഡിക്കൽസ് ഉദ്‌ഘാടനം ചെയ്ത ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രദേശത്തെ ആരോഗ്യ രംഗത്ത് അക്ബർ ഗ്രൂപ്പ് നടത്തുന്ന കാൽവെയ്പുകൾ തീരദേശമായ പൊന്നാനിയിലെ സാധാരണക്കാർക്ക് അനുഗ്രഹമാവുമെന്ന് നന്ദകുമാർ പ്രത്യാശ പ്രകടിപ്പിച്ചു. 

കേന്ദ്രസർക്കാരിന്റെ കീഴിലുള്ള ബി എസ് എസ് അംഗീകൃത ഏകവർഷ എക്സ്റേ ടെക്‌നീഷ്യൻ, ലാബ് അസ്സിസ്റ്റന്റ്റ്, ഫിസിയോതെറാപ്പി ടെക്‌നീഷ്യൻ, ഡിപ്ലോമ ഇൻ ഇ സി ജി ടെക്‌നീഷ്യൻ, ഡിപ്ലോമ ഇൻ അൾട്രാസോണോഗ്രാഫി ടെക്‌നീഷ്യൻ, ഡിപ്ലോമ ഇൻ ഡെൻറ്റൽ അസ്സിസ്റ്റന്റ്റ് എന്നീ കോഴ്‌സുകളാണ് അക്ബർ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പാരാമെഡിക്കൽസ് തുടക്കത്തിൽ ഏർപ്പെടുത്തിയിട്ടുള്ളത്. കോഴ്‌സുകളിലേക്കുള്ള അഡ്‌മിഷൻ തുടരുകയാണെന്നും പ്ലസ്റ്റു, എസ് എസ് എൽ സി എന്നിവ കഴിഞ്ഞവർക്കാണ് പ്രവേശനമെന്നും ഇൻസ്റ്റിറ്റ്യൂട്ട് അധികൃതർ അറിയിച്ചു.

സുസജ്ജമായ സ്വന്തം ആരോഗ്യ കേന്ദ്രത്തിൽ തന്നെ വെച്ചുള്ള ക്ലാസ്സുകളും ട്രെയിനിങ്ങുകളും, വിദഗ്ധരായ ഡോക്ടർമാരുടെയും അദ്ധ്യാപകരുടെയും നേതൃത്വത്തിലുള്ള അദ്ധ്യാപനം, ഹോസ്റ്റൽ സൗകര്യം എന്നിവ അക്ബർ ഇൻസ്റ്റിറ്റ്യൂട്ടിലെ അനുഭവം വ്യതിരിക്തമാക്കുമെന്ന് പ്രോസ്പെക്ടസ് പ്രകാശനം ചെയ്തുകൊണ്ട് ബെൻസി പോളിക്ലിനിക് അഡ്മിനിസ്ട്രേഷൻ മാനേജർ റിനി അനിൽകുമാർ പറഞ്ഞു. പാരാമെഡിക്കൽ കോഴ്‌സുകൾ വിജയകരമായി പൂർത്തിയാക്കുന്നവർക്ക് മികച്ച തൊഴിലവസങ്ങളാണ് ഉള്ളതെന്നും അവർ തുടർന്നു.

അക്ബർ ഗ്രൂപ്പ് ഓഫ് ഇന്ത്യയുടെ മേധാവി കെ വി അബ്ദുൽ നാസർ ജന്മനാടിന് സമർപ്പിക്കുന്ന മികച്ച സമ്മാനമാണ് പാരാമെഡിക്കൽ ഇൻസ്റ്റിട്യൂട്ട് എന്ന് ഉദ്‌ഘാടന പരിപാടിയിൽ ആശംസയർപ്പിച്ചവർ അഭിപ്രായപ്പെട്ടു. പൊതുപ്രവർത്തകൻ പി വി അയ്യൂബ്, ഹിലാൽ സ്‌കൂൾ പ്രിൻസിപ്പൽ ജോൺസൻ, സൈക്യാട്രിക് വിദഗ്ധൻ ഡോ. ഫാസിൽ, മെഡിക്കൽ ബോർഡ് ചെയർമാൻ ഡോ. ജമാലുദ്ധീൻ തുടങ്ങിയവർ സംസാരിച്ചു.

ലാബ് ഇൻചാർജ് രശ്‌മി കെ സ്വാഗതവും ബിസിനസ് ഡെവലപ്മെന്റ് ഓഫീസർ ഷാരൂൺ നന്ദിയും രേഖപ്പെടുത്തി. ഇൻസ്റ്റിറ്റ്യൂട്ട് കോഓർഡിനേറ്റർ ഷഹനാസ് പരിപാടി നിയന്ത്രിച്ചു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0അഭിപ്രായങ്ങള്‍

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ (0)