നിശബ്ദമാക്കപ്പെട്ടവരുടെ ശബ്ദമാകാൻ കലകൾക്ക് കഴിയണം: മന്ത്രി സജി ചെറിയാൻ

ponnani channel
By -
0
നിശബ്ദമാക്കപ്പെടുന്നവരുടെ ശബ്ദമാകാൻ കലകൾക്കും സാഹിത്യത്തിനും കഴിയണമെന്ന്
ഫിഷറീസ്‌, സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ .
എടപ്പാൾ ഗോൾഡൻ ടവർ ഓഡിറ്റോറിയത്തിൽ രണ്ടു ദിനങ്ങളിലായി സംഘടിപ്പിച്ച 
കേരള സംഗീത നാടക അക്കാദമി സംസ്ഥാന പ്രൊഫഷണൽ നാടക മത്സര അവാർഡ് സമർപ്പണ ചടങ്ങ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി.
ജാതി-മത ചിന്തകൾക്കെതിരെ
പ്രതിരോധത്തിന്റെ പടയണി തീർക്കാൻ കലാകാരൻമാർക്ക് കഴിയണം. ഇന്നത്തെ പ്രൊഫഷണൽ നാടക രംഗം പ്രതീക്ഷാനിർഭരമാണ്. പ്രമേയത്തെ സ്വീകരിക്കുന്നതിലും നാടകത്തിന്റെ ഉളളടക്കത്തിലും നവീനത സ്വീകരിക്കാൻ 
പ്രൊഫഷണൽ നാടക വേദിക്ക് കഴിയുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അക്കാദമി ചെയർമാൻ മട്ടന്നൂർ ശങ്കരൻ കുട്ടി അധ്യക്ഷത വഹിച്ചു. ഡോ.കെ .ടി.ജലീൽ എം.എൽ.എ. ആമുഖ പ്രഭാഷണം നടത്തി.
എം.പി അബ്ദുസമദ് സമദാനി എം.പി വിശിഷ്ടാതിഥിയായി. പി.നന്ദകുമാർ എം.എൽ എ, പൊന്നാനി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി.രാമകൃഷ്ണൻ, പഞ്ചായത്ത് പ്രസിഡന്റുമാരായ സി.വി.സുബൈദ,  കഴുങ്കിൽ മജീദ്, ജില്ലാപഞ്ചായത്ത് അംഗം അഡ്വ.പി.പി മോഹൻദാസ് തുടങ്ങിയവർ പങ്കെടുത്തു. അക്കാദമി സെക്രട്ടറി കരിവെള്ളൂർ മുരളി സ്വാഗതവും എടപ്പാൾ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.പ്രഭാകരൻ നന്ദിയും പറഞ്ഞു.

മെയ് 29 മുതല്‍ ജൂണ്‍ രണ്ട് വരെ  നടന്ന  പ്രൊഫഷണല്‍ നാടക മത്സരത്തില്‍ മാറ്റുരച്ച പത്ത് നാടകങ്ങളില്‍ നിന്നും
19 ഇനങ്ങളിലാണ് അക്കാദമി അവാര്‍ഡ് നല്‍കിയത്. കാഷ് അവാർഡിനൊപ്പം ശില്പവും പ്രശംസാപത്രവും അടങ്ങുന്നതാണ് പുരസ്കാരം.


വള്ളുവനാട് ബ്രഹ്മയുടെ 'രണ്ടു നക്ഷത്രങ്ങൾ' (മികച്ച നാടകം),
എറണാകുളം ചൈത്രതാര തിയേറ്റേഴ്സിന്റെ 'ഞാൻ' ( മികച്ച രണ്ടാമത്തെ നാടകം), 
രാജേഷ് ഇരുളം (മികച്ച സംവിധായകൻ),
രാജീവൻ മമ്മിളി (മികച്ച രണ്ടാമത്തെ സംവിധായകൻ ), പ്രദീപ് കാവുംതറ (മികച്ച നാടകകൃത്ത്), ഹേമന്ത് കുമാർ (മികച്ച രണ്ടാമത്തെ  നാടകകൃത്ത് ), ബിജു ജയാനന്ദൻ (മികച്ച നടൻ), കലവൂർ ശീലൻ (മികച്ച രണ്ടാമത്തെ നടൻ), കലാമണ്ഡലം സന്ധ്യ (മികച്ച നടി ), അനു കുഞ്ഞുമോൻ (മികച്ച രണ്ടാമത്തെ നടി), കല്ലറ ഗോപൻ (ഗായകൻ)
ശുഭ രഘുനാഥ് (ഗായിക), ഉദയകുമാർ അഞ്ചൽ (സംഗീത സംവിധായകൻ), ശ്രീകുമാരൻ തമ്പി (ഗാനരചയിതാവ് ), ആർട്ടിസ്റ്റ് സുജാതൻ (രംഗപടം), രാജേഷ് ഇരുളം (ദീപസംവിധാനം ), വക്കം മാഹിൻ (വസ്ത്രാലങ്കാരം), ഉദയകുമാർ അഞ്ചൽ (പശ്ചാത്തല സംഗീതം), റജി ശ്രീരാജ് (ശബ്ദലേഖകൻ),
അഭിനയ മികവിന് കോഴിക്കോട് രംഗമിത്രയുടെ 'പണ്ട് രണ്ട് കൂട്ടുകാരികൾ' എന്ന നാടകത്തിലെ അഭിനവ്, അളകാബാബു
 (പ്രത്യേക ജൂറി പരാമർശം ) എന്നിവർ മന്ത്രി സജി ചെറിയാനിൽ നിന്നും പുരസ്‌കാരം ഏറ്റുവാങ്ങി. തുടർന്ന് വള്ളുവനാട്  ബ്രഹ്മ അവതരിപ്പിച്ച 'രണ്ട് നക്ഷത്രങ്ങൾ' എന്ന നാടകവും അരങ്ങേറി.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0അഭിപ്രായങ്ങള്‍

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ (0)