ഇന്നവർ സ്ക്കൂളിലെത്തിയത് പുസ്തക ബാഗിനൊപ്പം മറ്റൊരു സഞ്ചിയുമായാണ്. അതിൽ അട്ടിയിട്ട പാത്രങ്ങളായിരുന്നു. നിറയെ പലഹാരങ്ങൾ. നേരത്തെ ഉറക്കമുണർന്ന് ഉമ്മയോടൊപ്പം ചുട്ട അപ്പങ്ങൾ.

ponnani channel
By -
0
അപ്പങ്ങളെന്നാൽ എമ്പാടും അപ്പങ്ങൾ. പുതിയതും പരമ്പരാഗതവുമായ അപ്പങ്ങൾ. മുട്ടമാലയും, മുട്ട സുർക്കയും, ചിരട്ടിമാലയും, സമൂസയും, മുട്ടപ്പത്തിരിയും,ചട്ടിപ്പത്തിരിയും, ഇറച്ചി പത്തിരിയും, വെളിച്ചെണ്ണ പത്തിരിയും അടക്കം നൂറു നൂറു അപ്പങ്ങൾ. 

ക്ലാസ് മുറിക്കപ്പുറത്ത് അവരതൊക്കെയും നിരത്തിവെച്ചു. കാഴ്ച്ചയെ കൊതിപ്പിക്കുമാറ് മനോഹാരിതയിൽ അപ്പങ്ങളൊക്കെയും നിരയായി നിരത്തി. മനോഹരമായ വാചകങ്ങളെഴുതി മനസ്സിനെ ത്രസിപ്പിച്ചു. അടുത്തെത്തിയവരൊയൊക്കെയും വാചക കസർത്തിൽ പിടിച്ചു നിറുത്തി. 

ക്ലാസ് മുറിയിൽ മിണ്ടാതിരിന്നിരുന്നവർ അധ്യാപകർക്കു മുന്നിൽ വാചാലരായി. തങ്ങളോടുള്ള ഇഷ്ടം ഇതൊക്കെയും വാങ്ങിക്കഴിച്ച് കാണിക്കണമെന്ന സെൻ്റിമെൻസ് പതിനെട്ടാം അടവായി പുറത്തെടുത്തു. പിന്നാലെ കൂട്ടുകാർ ഒഴുകി എത്തി. വിൽപ്പനയിൽ നമ്മുടെ ക്ലാസ് ഒന്നാമതാകണമെന്ന പ്രസ്റ്റീജ് പയറ്റി. കച്ചവട തന്ത്രത്തിൻ്റെ സകല ഭാവങ്ങളും പുറത്തെടുത്തതോടെ നിരത്തിവെച്ച വിഭവങ്ങളൊക്കെയും ട്ടപ്പേന്ന് കാലിയായി. ഏറ്റവും ഇഷ്ടപ്പെട്ടവരുടെ കച്ചവടത്തെ വയറും മനസ്സും നിറച്ച് കൂട്ടുകാരികൾ സ്വീകരിച്ചത് പണപ്പെട്ടിയെ തിക്കി നിറച്ചു.

പുലർച്ചെ ഉറക്കമുണർന്ന് അവരുണ്ടാക്കിയ അപ്പങ്ങൾ കുറേ മനുഷ്യരുടെ കണ്ണീരൊപ്പാൻ വേണ്ടിയായിരുന്നു. അവർ വായട്ടലച്ച് നടത്തിയ കച്ചവടം നിരാലംഭരായ കുറേ മനുഷ്യരോടൊപ്പം കൈകോർക്കാനായിരുന്നു. നമ്മുടെ ക്ലാസ് കച്ചവടത്തിൽ ഒന്നാമതാകണമെന്ന് വാശി പിടിച്ചത് കുറേ മനുഷ്യരുടെ മുഖത്ത് പുഞ്ചിരി പടർത്താനായിരുന്നു. എന്തെങ്കിലും വാങ്ങൂ എന്നവർ കെഞ്ചിയത് അശരണരായവരുടെ ജീവിതത്തിൽ നിറം പടർത്താനായിരുന്നു.

എന്തിനേയും അടിച്ചുപൊളിയായി കാണുന്ന പുതിയ തലമുറക്കു മുന്നിൽ മനുഷ്യൻ്റെ സങ്കടങ്ങളെ രുചിക്കൂട്ടായി ചേർത്തൊരു ഇവൻ്റ് വാക്കാൽ സമർപ്പിക്കുകയായിരുന്നു. എത്ര മനോഹരമായാണവർ അതിനെ ഏറ്റെടുത്തത്. എത്ര സുന്ദരമായാണ് ഫുഡ് ഫെസ്റ്റ് അവർ നടത്തി തീർത്തത്. നിരാലംഭരായ മനുഷ്യർക്ക് ആശ്വാസമേകാൻ മൂന്ന് മണിക്കൂർ കൊണ്ട് പതിനൊന്നായിരം രൂപയാണ് സമാഹരിച്ചത്. അപ്പങ്ങളൊരുക്കാൻ അവർക്ക് ചെലവായതൊന്നും ആവശ്യപ്പെട്ടില്ല. വിൽപ്പനയിൽ കിട്ടിയ പണം മുഴുവൻ ആശ്രയമറ്റ മനുഷ്യർക്കായി നൽകി. ചുറ്റുപാടുകളേയും സമൂഹത്തേയും അറിയാത്ത, മൊബൈൽ ഫോണിൽ തല താഴ്ത്തിയിരിക്കുന്ന, അനുസരണയില്ലാത്തവരെന്ന് ഒളിഞ്ഞും തെളിഞ്ഞും നമ്മൾ ആക്ഷേപ വർഷം ചൊരിഞ്ഞവരായിരുന്നു ഇവർ. മനുഷ്യരെ അറിഞ്ഞിടപെടാൻ അത്രമോശമല്ലെന്ന് പലവട്ടം തെളിയിച്ചിട്ടുണ്ട് ന്യൂജെൻകാർ.

പുതുപൊന്നാനി എം ഐ ഗേൾസ് ഹയർ സെക്കണ്ടറി സ്ക്കൂളിലുള്ളവരാണിവർ.
ഇവിടത്തെ എൻഎസ്എസുകാരും ഗൈഡ്സുകാരുമാണ് സൗഹൃദ ക്ലബ്ബും ചേർന്നാണ് കാരുണ്യത്തിൽ പാകം ചെയ്ത ഭക്ഷ്യ മേള ഒരുക്കിയത്. പ്രിൻസിപ്പാൾ കെ ആസിഫ് ഉദ്ഘാടനം ചെയ്തു. അധ്യാപകരായ എ യു അസ്മ, കെ എം ഫൗസിയ, എം എം റഷീദ എന്നിവർ നേതൃത്വം നൽകി.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0അഭിപ്രായങ്ങള്‍

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ (0)