നവകേരള സദസ്സ്: പൊന്നാനിയിൽ ഒരുക്കങ്ങൾ പുരോഗമിക്കുന്നു*

ponnani channel
By -
0
മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിൽ നടക്കുന്ന നവകേരള സദസ്സിന് പൊന്നാനി മണ്ഡലത്തിൽ ഒരുക്കങ്ങൾ പുരോഗമിക്കുന്നതായി സംഘാടക സമിതി ചെയർമാൻ പി. നന്ദകുമാർ എം.എൽ.എ അറിയിച്ചു. പരിപാടിയുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ വിശദീകരിക്കുന്നതിനായി വിളിച്ചുചേർത്ത വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
തിരൂരിലെ ബിയാൻകോ കാസിലിൽ രാവിലെ ഒമ്പതിന് നടക്കുന്ന പ്രഭാത സദസ്സോടെ ജില്ലയിലെ പര്യടനത്തിന് തുടക്കമാവും. തുടർന്ന് 11 മണിക്ക് ജില്ലയിലെ ആദ്യ വേദിയായ പൊന്നാനിയിലെത്തും. പൊന്നാനി ഹാർബർ ഗ്രൗണ്ടിൽ
പരാതികൾ സ്വീകരിക്കുന്നതിനും ഏഴായിരത്തോളം പേർക്ക് ഇരിക്കുന്നതിനുമായി വിപുലമായ സൗകര്യങ്ങളാണ് ഒരുക്കുന്നത്. പരാതികൾ സ്വീകരിക്കാൻ 21 കൗണ്ടറുകളാണ് ഒരുക്കുന്നത്. സ്ത്രീകൾ, ഭിന്നശേഷിക്കാർ എന്നിവർക്കായി പ്രത്യേകം സൗകര്യം ഏർപ്പെടുത്തും. രാവിലെ എട്ട് മുതൽ പരാതികൾ സ്വീകരിക്കും. പൊതുപരിപാടികൾ അവസാനിച്ചാലും മുഴുവൻ പരാതികളും സ്വീകരിക്കുന്നത് വരെ കൗണ്ടറുകൾ തുറന്നിരിക്കും. കുടിവെള്ളം, ഇ-ടോയ്‌ലറ്റ് സംവിധാനം ഉൾപ്പടെ അത്യാവശ്യ സൗകര്യങ്ങളും ഉറപ്പ് വരുത്തും.
കൂടാതെ കാലത്ത് ഒമ്പത് മുതൽ 10.30 വരെ ഫിറോസ് ബാബുവും സംഘവും നയിക്കുന്ന പട്ടുറുമാൽ നടക്കും.
പൊന്നാനി പൊതുമരാമത്ത് വിശ്രമ മന്ദിരത്തിൽ നടന്ന വാർത്താ സമ്മേളനത്തിൽ പൊന്നാനി നഗരസഭാ ചെയർമാൻ ശിവദാസ് ആറ്റുപുറം, സംഘാടക സമിതി ജനറൽ കൺവീനർ ഫിഷറീസ് ഡപ്യൂട്ടി ഡയറക്ടർ പി.കെ.രജ്ഞിനി, കോർഡിനേറ്റർ പൊന്നാനി തഹസിൽദാർ കെ.ജി സുരേഷ് കുമാർ, യൂണിവേഴ്‌സിറ്റി സിൻഡിക്കേറ്റ് അംഗം പി.കെ ഖലീമുദ്ധീൻ,ലൈബ്രറി കൗൺസിൽ സംസ്ഥാന എക്‌സിക്യട്ടീവ് അംഗം അജിത് കൊളാടി തുടങ്ങിയവർ പങ്കെടുത്തു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0അഭിപ്രായങ്ങള്‍

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ (0)