സമസ്ത വാർഷികം: എ.പി വിഭാഗം നടത്തുന്ന പരിപാടിയുമായി ബന്ധമില്ലെന്ന് ജിഫ്രി മുത്തുക്കോയ തങ്ങൾ

ponnani channel
By -
0
കോഴിക്കോട്: സമസ്ത നൂറാം വാർഷികആഘോഷത്തിന്റെ ഭാഗമായി എ.പി വിഭാഗം നടത്തുന്ന പരിപാടിയുമായി സമസ്തയ്ക്ക് ബന്ധമില്ലെന്ന് അധ്യക്ഷൻ ജിഫ്രി മുത്തുക്കോയ തങ്ങൾ. സമസ്തയിൽ നിന്ന് പുറത്ത് പോയവരാണ് പരിപാടി നടത്തുന്നതെന്നും എ.പി വിഭാഗം നൂറാം വാർഷികം നടത്തുന്നതിൽ വിരോധമുണ്ടെന്നും ജിഫ്രി തങ്ങൾ പറഞ്ഞു '1980ൽ സമസ്തയിൽ നിന്ന് പുറത്തുപോയി സമാന്തര സംഘടനയുണ്ടാക്കി പ്രവർത്തിക്കുന്ന ചിലർ സമസ്തയുടെ നൂറാം വാർഷികവുമായി ബന്ധപ്പെട്ട് ചില പരിപാടികൾ സംഘടിപ്പിക്കുന്നുണ്ട്.
അതുമായി സമസ്ത കേരള ജംഇയ്യത്തുൽ ഉലമയ്ക്കും പോഷക സംഘടനകൾക്കും യാതൊരു ബന്ധവുമില്ല'. സമസ്തയുമായി ബന്ധപ്പെട്ട എല്ലാവരും അതിന്റെ യാഥാർഥ്യം മനസിലാക്കി പ്രവർത്തിക്കണമെന്നും അതിൽ വഞ്ചിതരാകരുതെന്നും അദ്ദേഹം അറിയിച്ചു. സുന്നി ഐക്യത്തിന് തങ്ങൾ എതിരല്ലെന്നും എന്നാൽ ഇത്തരം പരിപാടികൾ അംഗീകരിക്കാൻ കഴിയില്ലെന്നും അദ്ദേഹം വ്യക്തമാക്കി. പരിപാടിയുടെ ചർച്ച തുടങ്ങിയ ഘട്ടത്തിൽ കാന്തപുരം എ.പി അബൂബക്കർ മുസ്‌ലിയാർ ഇ.കെ അബൂബക്കർ മുസ്‌ലിയാരുടെ ഖബറിടം സന്ദർശിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ട് സമസ്തയുടെ ചില പോഷകസംഘടനകൾ വിമർശനവും ഉന്നയിച്ചിരുന്നു. എന്നാൽ, ആർക്കു വേണമെങ്കിലും ഖബർ സന്ദർശനം നടത്താമെന്നും അതിലൊന്നും തെറ്റില്ലെന്നും പറഞ്ഞ ജിഫ്രി തങ്ങൾ, നേരത്തെ സ്വീകരിച്ച നിലപാട് തെറ്റാണെന്ന് ബോധ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിലാകാം ഖബർ സന്ദർശനമെന്നാണ് തങ്ങൾ വിലയിരുത്തുന്നതെന്നും ചൂണ്ടിക്കാട്ടി.
Tags:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0അഭിപ്രായങ്ങള്‍

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ (0)