ഒരു അഴിമതിയും താൻ നടത്തിയിട്ടില്ല, ഇത് തിരഞ്ഞെടുപ്പിന് മുമ്പുള്ള ബിജെപി നീക്കം: കെജ്‌രിവാൾ

ponnani channel
By -
0

ഡൽഹി: മദ്യനയ കേസില്‍ ഇഡി ഇന്ന് അറസ്റ്റ് ചെയ്തേക്കുമെന്ന് അഭ്യൂഹം പരക്കുന്നതിനിടെ ജനങ്ങളെ അഭിസംബോധന ചെയ്ത് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ. താൻ ഒരു അഴിമതിയും നടത്തിയിട്ടില്ലെന്ന് അദ്ദേഹം വിശദീകരിച്ചു. ബിജെപി തന്നെ ലക്ഷ്യം വെക്കുന്നതായും അദ്ദേഹം ആരോപിച്ചു.തന്നെ അറസ്റ്റ് ചെയ്യാനുള്ള ശ്രമങ്ങളാണ് നടക്കുന്നത്. തനിക്കെതിരെയുള്ളത് കള്ളക്കേസ് ആണ്. ബിജെപിയിൽ ചേരാത്ത നേതാക്കളെ ജയിലിൽ അടക്കുന്ന സാഹചര്യമാണുള്ളത്. തിരഞ്ഞെടുപ്പിന് മുമ്പ് ബിജെപി നടത്തുന്ന രാഷ്ട്രീയ നീക്കമാണിത്. ലോക്സഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തെ തടസപ്പെടുത്താനാണ് അവരുടെ ശ്രമം. രാജ്യത്തിനായി പോരാട്ടം തുടരുമെന്നും അരവിന്ദ് കെജ്‌രിവാൾ പറഞ്ഞു.


മൂന്നു തവണയും ചോദ്യം ചെയ്യലിന് ഹാജരാവാന്‍ കെജ്‌രിവാള്‍ തയ്യാറാവാതിരുന്നതിനാലാണ്, അദ്ദേഹത്തെ ഇന്ന് ഇഡി അറസ്റ്റു ചെയ്‌തേക്കുമെന്ന് അഭ്യൂഹം ശക്തമായത്. കെജ്‌രിവാളിന്റെ വസതിയില്‍ റെയ്ഡ് നടത്തിയ ശേഷം അറസ്റ്റുണ്ടാകുമെന്നാണ് എഎപി പറയുന്നത്. കെജ്‌രിവാളിന്റെ വസതിയിലേക്കുള്ള റോഡുകള്‍ ഡല്‍ഹി പൊലീസ് അടച്ചതായും എഎപി നേതാക്കൾ ആരോപിച്ചു.കെജ്‌രിവാളിനോട് നവംബര്‍ രണ്ടിനും ഡിസംബര്‍ 21നും ഹാജരാകാൻ ഇഡി നോട്ടീസ് അയച്ചിരുന്നെങ്കിലും അദ്ദേഹം ഹാജരായിരുന്നില്ല. തുടര്‍ന്ന് ഇന്നലെ ഹാജരാകണമെന്നാവശ്യപ്പെട്ട് മൂന്നാം തവണ നോട്ടീസ് അയച്ചു. എന്നാൽ ഇക്കുറിയും കെജ്‌രിവാൾ ഹാജരായില്ല. മദ്യ നയവുമായി ബന്ധപ്പെട്ട അഴിമതികേസില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ട്രേറ്റിന് മുന്നില്‍ ഹാജരാകാന്‍ ആവില്ലെന്നാണ് അരവിന്ദ് കെജ്‌രിവാളിന്റെ നിലപാട്. രാജ്യസഭാ തിരഞ്ഞെടുപ്പും റിപ്പബ്ലിക് ദിനവുമായി ബന്ധപ്പെട്ട തയ്യാറെടുപ്പും മുന്നില്‍ ഉള്ളതിനാല്‍ ഹാജരാകാന്‍ ആവില്ലെന്നാണ് കെജ്‌രിവാള്‍ അറിയിച്ചത്. ചോദ്യാവലി അയച്ചാല്‍ ഏത് ചോദ്യത്തിനും സന്തോഷത്തോടെ മറുപടി അയക്കാമെന്നും കെജ്‌രിവാള്‍ ഇഡി സമന്‍സിന് മറുപടി നല്‍കി. പാര്‍ട്ടി കണ്‍വീനര്‍ എന്ന നിലയില്‍ താൻ തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളിലാണ്. ഡല്‍ഹി മുഖ്യമന്ത്രി എന്ന നിലയില്‍ റിപ്പബ്ലിക് ദിനവുമായി ബന്ധപ്പെട്ട തയ്യാറെടുപ്പുകളുമുണ്ട് എന്നാണ് കെജ്‌രിവാളിന്റെ വിശദീകരണം. ഹാജരാകാന്‍ ആവശ്യപ്പെട്ട് നേരത്തെ അയച്ച സമന്‍സിനോട് കെജ്‌രിവാള്‍ രൂക്ഷഭാഷയിൽ പ്രതികരിച്ചിരുന്നു. ബിജെപിയുടെ നിര്‍ദ്ദേശപ്രകാരം ഇഡി തനിക്ക് നോട്ടീസ് അയച്ചതാണെന്നും ഇത് നിയമവിരുദ്ധമാണെന്നുമായിരുന്നു കെജ്‌രിവാളിന്റെ ആരോപണം

Tags:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0അഭിപ്രായങ്ങള്‍

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ (0)