ടൂറിസം മേഖലയിൽ പുതുനിർദ്ദേശങ്ങളുമായി നഗരസഭ വികസന സെമിനാർ

ponnani channel
By -
0


 പൊന്നാനി : നഗരത്തിന്റെ അടിസ്ഥാന സൗകര്യ വികസനവും ടൂറിസവും മുൻനിർത്തിയുള്ള നവീനനിർദേശങ്ങളുമായി പൊന്നാനി നഗരസഭയുടെ വികസന സെമിനാർ. ആഭ്യന്തര സഞ്ചാരികളുടെ പ്രധാന വിനോദ സഞ്ചാര കേന്ദ്രമായ നിള ടൂറിസം മേഖലയിൽ വഴിയോര വിശ്രമ കേന്ദ്രം, പാർക്ക്, തെരുവ് വിളക്കുകൾ, ക്യാമറ എന്നിവ സ്ഥാപിക്കുക, വയോജനങ്ങൾക്കും വനിതകൾക്കും വ്യായാമത്തിന് സൗകര്യമൊരുക്കുക, ദേശീയപാത നിർമാണവുമായി ബന്ധപ്പെട്ട് രൂപപ്പെടാൻ സാധ്യതയുള്ള വെള്ളക്കെട്ടുകൾക്ക് പരിഹാരം കാണുക, നഗരത്തിലെ പ്രധാന പാതകളിൽ സ്ഥലനാമ ബോർഡുകളും ദിശാ ബോർഡുകളും സ്ഥാപിക്കുക, കിഫ്ബി പദ്ധതിയിൽ അനുവദിക്കപ്പെട്ട മത്സ്യമാർക്കറ്റ്, താലൂക്ക് ആശുപത്രി കെട്ടിടനിർമാണം ഉടൻ ആരംഭിക്കുക, താലൂക്ക് ആശുപത്രിയെ സ്‌പെഷലിസ്റ്റ് ആശുപത്രിയാക്കി ഉയർത്തുക,

പുതിയ നഗരസഭാ ബസ് സ്റ്റാൻഡ് നവീകരിക്കുമ്പോൾ ടേക്ക് എ ബ്രേക്ക് ഉൾപ്പെടുത്തുക, ബിയ്യം കായൽ ടൂറിസം പദ്ധതി വേഗത്തിലാക്കുക, വായനശാലകളെ ജനസേവന കേന്ദ്രങ്ങളാക്കി ഉയർത്തുക തുടങ്ങിയ വിവിധ നിദേശങ്ങൾ വികസന സെമിനാറിൽ മുന്നോട്ടുവെച്ചു.


17 വിഷയമേഖലകളായി തിരിഞ്ഞ് ഗ്രൂപ്പ് ചർച്ചയും പൊതു നിർദേശങ്ങളുടെ അവതരണവും നടന്ന സെമിനാർ കിലയിലെ സീനിയർ അർബ്ബൻ ഫെലോ ഡോ. രാജേഷ് ഉദ്ഘാടനം ചെയ്തു. 

നഗരസഭാ ചെയർമാൻ ശിവദാസ് ആറ്റുപുറം അധ്യക്ഷത വഹിച്ചു. വികസന കാര്യ സ്ഥിരം സമിതി അധ്യക്ഷ അജീന ജബ്ബാർ വികസന രേഖ അവതരിപ്പിച്ചു. സ്ഥിരം സമിതി അധ്യക്ഷരായ രജീഷ് ഊപ്പാല, ഷീന സുദേശൻ, മുഹമ്മദ് ബഷീർ, കൗൺസിലർമാരായ ഫർഹാൻ, ഗിരീഷ് ബാബു എന്നിവർ സംസാരിച്ചു. ഡെപ്യൂട്ടി ചെയർപേഴ്‌സൺ ബിന്ദു സിദ്ധാർഥൻ സ്വാഗതവും നഗരസഭാ സെക്രട്ടറി സജിറൂൺ നന്ദിയും പറഞ്ഞു.

Tags:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0അഭിപ്രായങ്ങള്‍

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ (0)