എ.എച്ച്.എസ്.ടി.എ സംസ്ഥാന സമ്മേളനം നാളെ മുതൽ

ponnani channel
By -
0

എയ്ഡഡ് ഹയർ സെക്കന്ററി ടീച്ചേഴ്സ് അസോസിയേഷന്റെ 33-ാംസംസ്ഥാന സമ്മേളനം 18, 19, 20 തീയതികളിലായി തിരൂർ തുഞ്ചൻ പറമ്പിൽ നടക്കും. 18-ാം തീയതി രാവിലെ 9 മണിയ്ക്ക് സംസ്ഥാന പ്രസിഡന്റ് ആർ. അരുൺ കുമാർ പതാക ഉയർത്തുന്നതോടെ സമ്മേളനത്തിന് ഔദ്യോഗിക തുടക്കമാകും. സംഗമം ആഡിറ്റോറിയത്തിൽ 11.30 മുതൽ നടക്കുന്ന പ്രതിനിധി സമ്മേളനം ശ്രീ.എ.പി.അനിൽകുമാർ എം.എൽ.എ ഉദ്ഘാടനം ചെയ്യും.2 pm ന് വിദ്യാഭ്യാസ സെമിനാറിൽ ഡോ.കെ.വി. മനോജ് വിഷയാവതരണം നടത്തും. ഹയർ സെക്കന്ററി പ്രിൻസിപ്പൽമാരുടെ യോഗത്തിനു ശേഷം അദ്ധ്യാപക പ്രകടനവും വൈകുന്നേരം 5 മണിയ്ക്ക് തിരൂർ ബസ്സ് സ്റ്റാന്റിനു സമീപം പൊതുസമ്മേളനവും സംഘടിപ്പിക്കും. കെ.പി.സി.സി. വൈസ് പ്രസിഡന്റ് ശ്രീ.വി.ടി.ബൽറാം ഉദ്ഘാടനം ചെയ്യും. യു.ഡി.എഫ് ചെയർമാൻ ശ്രീ. അജയമോഹൻ മുഖ്യപ്രഭാഷണം നടത്തും.

ജനുവരി 19 വെള്ളിയാഴ്ച രാവിലെ 10 മണിയ്ക്ക് നടക്കുന്ന ഉദ്ഘാടന സമ്മേളനം പ്രതിപക്ഷ നേതാവ് ശ്രീ.വി.ഡി. സതീശൻ ഉദ്ഘാടനം ചെയ്യും. ഡി.സി.സി പ്രസിഡന്റ് ശ്രീ.വി.എസ് ജോയ് മുഖ്യപ്രഭാഷണം നടത്തും. 
വിദ്യാഭ്യാസ - സാംസ്കാരിക സമ്മേളനം കെ.പി.സി.സി. ജനറൽ സെക്രട്ടറി ശ്രീ. ആര്യാടൻ ഷൗക്കത്ത് ഉദ്ഘാടനം ചെയ്യും. യാത്രയയപ്പ് അവാർഡ് ദാന സമ്മേളനം ശ്രീ. കുറിക്കോളി മൊയ്തീൻ എം.എൽ.എ ഉദ്ഘാടനം ചെയ്യും. കെ.പി.സി.സി ജനറൽ സെക്രട്ടറി ശ്രീമതി ആലിപ്പറ്റ ജമീല മുഖ്യപ്രഭാഷണം നടത്തും.
ഉച്ചയ്ക്കു ശേഷം നടക്കുന്ന വനിതാ സമ്മേളനം ശ്രീമതി. ജെബി മേത്തർ എം.പി. ഉദ്ഘാടനം ചെയ്യും. 
ജനുവരി 20 ന് രാവിലെ സമ്പൂർണ്ണ സംസ്ഥാന കൗൺസിൽ യോഗവും പുതിയ ഭാരവാഹികളുടെ തെരെഞ്ഞെടുപ്പും നടക്കും.

 മികച്ച അദ്ധ്യാപകർക്ക് സംസ്ഥാന കമ്മിറ്റി ഏർപ്പെടുത്തിയിട്ടുള്ള അവാർഡുകൾ പ്രഖ്യാപിച്ചു. ഡോ.കെ.വി കുഞ്ഞിക്കൃഷ്ണൻ സ്മാരക അവാർഡ് ജേതാവ് ഡോ.കെ. മനോജ് (എച്ച്.എസ്സ്.എസ്സ്. പനങ്ങാട് ,തൃശ്ശൂർ ) , ജി.കാർത്തികേയൻ സ്മാരക അവാർഡ് രണ്ടു പേർ പങ്കിട്ടു. ശ്രീ. അനിൽകുമാർ കെ., (എ.കെ.ആർ എച്ച്.എസ് എസ് . ചേലാന്നൂർ, കോഴിക്കോട്) ശ്രീ.പി. പ്രേംകുമാർ (എം.വി. എച്ച്. എസ്സ് എസ്സ്. തുണ്ടത്തിൽ തിരുവനന്തപുരം.
ലതിക ടീച്ചർ സ്മാരക പുരസ്കാരം രണ്ട് അദ്ധ്യാപികമാർ പങ്കിട്ടു.1 ശ്രീമതി. ലിസമ്മ ജോസഫ്
(ഹോളി ഫാമിലി HSS കാട്ടൂർ , ആലപ്പുഴ)
2. ശ്രീമതി.റിൻസി അബ്രഹാം
(സെന്റ് ജൂഡ് HSS വെള്ളരിക്കുണ്ട്
കാസർഗോഡ്)

കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ വികലമായ വിദ്യാഭ്യാസ നയങ്ങൾ പൊതു വിദ്യാഭ്യാസത്തെ പതനത്തിലേയ്ക്ക് നയിച്ചു കൊണ്ടിരിക്കയാണ്. ഹൈസ്കൂൾ - ഹയർ സെക്കണ്ടറി എകീകരണമെന്ന വിചിത്ര തീരുമാനത്തിലൂടെ മേഖലയെ ഇല്ലായ്മ ചെയ്യാനാണ് നർക്കാർ ശ്രമിക്കുന്നത്. ഹയർ സെക്കണ്ടറി മേഖലയുടെ പ്രധാന വിഷയങ്ങളോട് മുഖം തിരിക്കുന്ന നിലപാടാണ് സർക്കാർ നിരന്തരമായി സ്വീകരിക്കുന്നത്. ജോലിയിൽ പ്രവേശിച്ച തസ്തികയിൽ നിന്നും യാതൊരു പ്രമോഷനും സാധ്യതയില്ലാതെ വിരമിക്കേണ്ടിവരുന്ന ജൂനിയർ അധ്യാപകരുടെ ദുര്യോഗം സർവ്വീസ് മേഖലയിൽ മറ്റാർക്കും ഉണ്ടാകാനിടയില്ല. ഹയർ സെക്കണ്ടറിയിൽ ഒരു ദിവസം പോലും പഠിപ്പിക്കാത്ത ഹെഡ്മാസ്റ്റർ 12 വർഷത്തിന് മുകളിൽ ഹയർ സെക്കണ്ടറി സർവ്വീസുള്ള അധ്യാപകനെ മറികടന്ന് പ്രിൻസിപ്പലാകുന്ന വിചിത്രമായ 2:1 ക്വാട്ട പ്രമോഷനും ലോകത്തെവിടെയും ഉണ്ടാകാനിടയില്ല.
സാമ്പത്തിക പ്രതിസന്ധിയുടെ പേര് പറഞ്ഞ് ജീവനക്കാർക്കും അദ്ധ്യാപകർക്കും ലഭിക്കേണ്ട ന്യായമായ അവകാശങ്ങൾ ഒരോന്നായി നിഷേധിച്ച് സംസ്ഥാന സർക്കാർ ഹയർ സെക്കന്ററി അദ്ധ്യാപരേയും പണിമുടക്കിലേയ്ക്ക് തള്ളിവിടുകയാണ്.
പത്ത് മാസം കഴിഞ്ഞിട്ടും പൊതു പരീക്ഷകളുടെ വേതനം പൂർണ്ണമായിട്ടും വിതരണം ചെയ്തിട്ടില്ല എന്നത് ഹയർ സെക്കന്ററി അദ്ധ്യാപകരോടുള്ള വിവേചനമാണ്. ഹയർ സെക്കൻഡറി അദ്ധ്യാപകരെ ക്യു.ഐ.പി. കരിക്കുലം കമ്മിറ്റികളിൽ ഉൾപ്പെടുത്താതെ മാറ്റി നിർത്തി അവഗണിക്കുന്നു. ഇത്തരത്തിലുള്ള തെറ്റായ നയങ്ങൾക്കെതിരെയുള്ള ശക്തമായ പ്രക്ഷോഭങ്ങൾ 33-ാം സംസ്ഥാന സമ്മേളനത്തിൽ രൂപം നൽകുമെന്ന്
സംസ്ഥാന പ്രസിഡന്റ് ആർ. അരുൺ കുമാർ, ജനറൽ സെക്രട്ടറി എസ്. മനോജ്, സ്വാഗത സംഘം കൺവീനർ മനോജ് ജോസ് , കോ ഓർഡിനേറ്റർ യു.ടി. അബൂബേക്കർ , വൈസ് ചെയർമാൻ രഞ്ജിത്ത് വി.കെ , ജില്ലാ പ്രസിഡന്റ് പി. ഇഫ്ത്തിക്കാറുദ്ദീൻ, ജില്ലാ സെക്രട്ടറി ഡോ.പ്രദീപ് കറ്റോട്, ഡോ.എ.സി.പ്രവീൺ തുടങ്ങിയർ പത്ര സമ്മേളനത്തിൽ അറിയിച്ചു.
Tags:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0അഭിപ്രായങ്ങള്‍

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ (0)