മാമാങ്ക മഹോത്സവം : അങ്കവാള്‍ പ്രയാണത്തിന് നാളെ പാലക്കാട് തുടക്കം

ponnani channel
By -
0







തിരുന്നാവായ: സാംസ്‌കാരിക സംഘടനായയ റിഎക്കൗയും മാമാങ്കമെമ്മോറിയല്‍ ട്രസ്റ്റും വിവിധ സംഘടനകളുടെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന മുപ്പതാമത് മാമാങ്കമഹോത്സവത്തിന് പാലക്കാട് തുടക്കമാകും.പാലക്കാട് പറളിയില്‍ നിന്നും സ്വാഗത സംഘം ചെയര്‍മാന്‍ ഉളളാട്ടില്‍ രവീന്ദ്രന്‍ നയിക്കുന്ന അങ്കവാള്‍ പ്രയാണം രണ്ട് മണിയോടെ അങ്ങാടിപ്പുറം തിരുമണ്ഡാംകുന്ന് ക്ഷേത്രപരിസരത്ത് അങ്ങാടിപ്പുറം പഞ്ചായത്ത് പ്രസിഡന്റ് സഈദ ടീച്ചറുടെ നേതൃത്വത്തില്‍ സ്വീകരിക്കും. ചാവേര്‍തറയിലെ സ്മൃതിയര്‍പ്പണത്തിന് ശേഷം ജില്ലാ ആസ്ഥാനത്ത് ടൂറിസം പ്രമോഷന്‍ കൗണ്‍സിലിന്റെ നേതൃത്വത്തില്‍ സ്വീകരണം നല്‍കും. തുടര്‍ന്ന് 4.30 നഗരസഭ ചെയര്‍പേഴ്‌സണ്‍ ഡോ.കെ അനീഷയുടെ നേതൃത്വത്തില്‍ കോട്ടക്കല്‍ ആര്യവൈദ്യ ശാല കൈലാസ് മന്ദിരത്തില്‍ സ്വീകരണത്തിന് ശേഷം നഗരസഭ ചെയര്‍പേഴ്‌സണ്‍ എ.പി നസീമയുടെ നേതൃത്വത്തില്‍ തിരൂര്‍ വാഗണ്‍ ട്രാജഡി സ്മാരക പരിസരത്ത് സ്വീകരണം നല്‍കും.തുടര്‍ന്ന് തലക്കാട് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി.പുഷ്പയുടെ നേതത്വത്തില്‍ മാങ്ങാട്ടിരിയിലും ഉളളാട്ടില്‍ കരുണാകരന്റെ നേതൃത്വത്തില്‍ സോപാനം വീട്ടിലെയും സ്വീകരണത്തിന് ശേഷം കൊടക്കലില്‍ എത്തുന്ന അങ്കവാള്‍ പ്രയാണത്തിനെ നാട്ടുകാരും ജനപ്രതിനിധികളും ചേര്‍ന്ന് നിലപാട് തറയില്‍ സ്വീകരിക്കും. മാമാങ്ക മെമ്മോറിയല്‍ ട്രസ്റ്റ് വൈസ് ചെയര്‍മാന്‍ ചങ്ങമ്പളളി മുസ്തഫ ഗുരുക്കള്‍ അങ്കവാള്‍ ഏറ്റുവാങ്ങും.മാമാങ്ക സ്മാരക സംരക്ഷണ സിമിതി കണ്‍വീനര്‍ കെ.പി അലവിയുടെ അധ്യക്ഷതയില്‍ തിരൂര്‍ ബ്ലോക്ക് പഞ്ചായത്തംഗം എം.പി മുഹമ്മദ് കോയ ഉദ്ഘാടനം ചെയ്യും.ആനുകാലിക എഴുത്തുകാരന്‍ ഡോ.ഒ സുരേഷ് സംസാരിക്കും. തുടര്‍ന്ന് നിലപാട് തറയില്‍ നടക്കുന്ന അങ്കപ്പയറ്റോടെ ഒന്നാം ദിനത്തിലെ പരിപാടി അവസാനിക്കും.1993 ല്‍ ചരിത്ര പണ്ഡിതരായ ഡോ.എന്‍.എം നമ്പൂതിരിയുടെ സഹകരണത്തോടെ തുടങ്ങി വച്ച ആഴ്‌വാഞ്ചേരി തമ്പ്രാക്കള്‍ മുഖ്യരക്ഷാധികാരിയായി തുടരുന്ന മാമാങ്കമഹോത്സവം നാളെത്തേക്ക് മുപ്പത് വര്‍ഷം പിന്നിടുകയാണ്. മാമാങ്കത്തിന്റെ പഴമ സൗഹൃദത്തിന്റെ പെരുമ എന്ന തലവാചകത്തിലാണ് ഈ വര്‍ഷത്തെ മാമാങ്കമഹോത്സവം നടക്കും. 

24 ന് രാവിലെ നവാമുകുന്ദ ക്ഷേത്ര പടിഞ്ഞാറെ നടയിലെ ചരിത്ര പസിദ്ധമായ കൂരിയാല്‍ ചുവട്ടില്‍ കോട്ടക്കല്‍ ആര്യവൈദ്യശാല മാനേജിംങ് ട്രസ്റ്റി ഡോ.പി മാധവന്‍കുട്ടി മാമാങ്കത്തിന്റെ ധ്വജാരോഹണം നടത്തും. ചങ്ങമ്പളളി ഉമ്മര്‍ ഗുരുക്കള്‍ അധ്യക്ഷനാകും.കോഴിക്കോട് യുനിവേഴ്‌സിറ്റി ചരിത്ര വിഭാഗം ഫെ.വിവി.ഹരിദാസ് സ്മൃതി പ്രഭാഷണം നടത്തും.തുടര്‍ന്ന് എന്‍.എസ്.എസ് ടെക്‌നിക്കല്‍ സെലിന്റെ സഹകരണത്തോടെ സാംസ്‌കാരിക പരിപാടികള്‍ നടക്കും. വൈകീട്ട് സാംസ്‌കാരിക സമ്മേളനവും പ്രതിഭാ ആദരവും മോയിന്‍കുട്ടി വൈദ്യര്‍ സ്മാരക മാപ്പിളകലാ അക്കാദമി ചെയര്‍മാന്‍ ഹുസൈന്‍ രണ്ടത്താണി ഉദ്ഘാടനം ചെയ്യും.ജില്ലാ ഗ്രന്ഥശാല സംഘം പ്രസിഡന്റ് ശിവദാസന്‍ ആലത്തിയൂര്‍, മലപ്പുറം ജന്‍ശിക്ഷന്‍ സന്‍സ്ഥന്‍ ഡയറക്ടര്‍ വി.ഉമ്മര്‍കോയ പ്രബന്ധാവതരണം നടത്തും.

25 ന് രാവിലെ രാവിലെ പത്ത് മണിക്ക് ചരിത്രസഭയും ചരിത്രഗ്രന്ഥ പ്രദര്‍ശനവും ജില്ലാ കലക്ടര്‍ വിനോദ് കുമാര്‍ ഉദ്ഘാടനം ചെയ്യും.ചരിത്ര പണ്ഡിതന്‍ ഡോ.എസ്.രാജേന്ദു വിഷയാവതരണവും വിവിധ യൂനിവേഴ്‌സിറ്റിയില്‍ നിന്നുളള ചരിത്രാധ്യാപകരും ഗവേഷകരും ചര്‍ച്ചയില്‍ പങ്കെടുക്കും.വൈകീട്ട് നാട്ടൊരുമ്മയും കലാരാത്രിയും കേരള സംഗീത നാടക അക്കാദമി അംഗവും നര്‍ത്തകിയുമായ വി.പി മന്‍സിയ ഉദ്ഘാടനം ചെയ്യും.ജില്ലാ പഞ്ചായത്തംഗം ഫൈല്‍ എടശ്ശേരി മുഖ്യപ്രഭാഷണം നടത്തും. 

26ന് ഉച്ചക്ക് രണ്ട് മണിക്ക് ഗണത മഹാമേളയും അളവ്തൂക്ക ഉപകരണങ്ങളുടെ പ്രദര്‍ശനവും ബാലസാഹിത്യ ഇന്‍സ്റ്റ്യൂട്ട് ചെയര്‍മാന്‍ പളളിയറ ശ്രീധരന്‍ ഉദ്ഘാടനം ചെയ്യും. ഗണിത പണ്ഡിതരായ തൃക്കണ്ടിയൂര്‍ അച്ചുതപിഷാരഡി,വടശ്ശേരി ഇല്ലത്ത് പരമേശ്വരന്‍ എന്നിവരുടെ അനുസ്മരണവും തിരുന്നാവായയുടെ ഗണിതപ്രാധാന്യവും മലയാളം സര്‍വകലാശാല ചരിത്ര വിഭാഗം മേധാവി ഡോ.ആര്‍ മഞ്ജുഷ വര്‍മ്മയും തിരുന്നാവായയുടെ നാവിക ചരിത്രം സ്മരിച്ച് കൊണ്ട് ഇന്ത്യന്‍ നാവിക സേനയില്‍ വിശിഷ്ട സേവനം അനുഷ്ടിച്ച മലപ്പുറം ജില്ലയിലെ മുന്‍ നാവിക സേനാംഗങ്ങളെ കോഴിക്കോട് സാമൂതിരിയുടെ പ്രതിനിധി ടി.ആര്‍ രാമവര്‍മ്മ ആദരിക്കും. തുടര്‍ന്ന് ആലത്തിയൂര്‍ കെ.എച്ച്.എം.എച്ച്.എസ് ഗണിതക്ലബ് അംഗങ്ങളുടെ കലാപരിപാടികളും അരങ്ങേറും.വൈകീട്ട് ആറ് മണിക്ക് തിരുന്നാവായയുടെ വൈദ്യപാരമ്പര്യ സമ്മേളനം ചങ്ങമ്പളളി ഡോ.ജിബുഗുരുക്കളുടെ അധ്യക്ഷതയില്‍ കുറുക്കോളി മൊയ്തീന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്യും. ആഴ് വാഞ്ചേരി തമ്പ്രാക്കള്‍, നിയാസ് പുളികലകത്ത് എന്നിവര്‍ വിശിഷ്ടാഥിതികളായി പങ്കെടുക്കുന്ന ചടങ്ങില്‍ പ്രാദേശിക ചരിത്ര ഗവേഷകന്‍ ഡോ.വി.പി അനൂപ് വിഷയാവതരണം നടത്തും. തുടര്‍ന്ന് ആക്ഷന്‍ സ്‌പോര്‍ട്‌സ് ഇന്റര്‍ നാഷണല്‍ സ്‌കൂള്‍ ഓഫ് കരാട്ടയിലെ വിദ്യാര്‍ഥികളുടെ കലാ-കായിക പരിപാടികള്‍ നടക്കും. 

27ന് ശനിയാഴ്ച രാവിലെ പത്ത് മണിക്ക് നവായഗരിമയും നാപ്‌സ് ഒരുക്കുന്ന പുരാവസ്തു പ്രദര്‍ശനം തിരുന്നാവായ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കൊട്ടാരത്ത് സുഹറാബി ഉദ്ഘാടനം ചെയ്യും. മുതിന്ന പത്രപ്രവര്‍ത്തകന്‍ വിഷയാവതരണം നടത്തും. തുടര്‍ന്ന് തിരൂര്‍ സബ് ജില്ലാ സാമൂഹ്യ-ശാസ്ത്രക്ലബിന്റെ നേതൃത്വത്തില്‍ കുട്ടികള്‍ക്കായി പ്രശ്‌നോത്തിരി നടത്തും.തേക്കില്‍ മുഹ്‌സിന്‍ വിശിഷ്ടാഥിതിയായി പങ്കെടുക്കും. വൈകീട്ട് ആറ് മണിയോടെ നടക്കുന്ന നിളയോരം സ്‌നേഹോളം ആംസ്‌പോര്‍ട്‌സ് ഫെഡറേഷന്‍ ഓഫ് ഇന്ത്യയുടെ കര്‍ണ്ണാടക ചീഫ് ഡോ. ലക്ഷ്മണ്‍ ദീക്ഷിത് ഉദ്ഘാടനം ചെയ്യും. മര്‍മ്മ കളരി വിദഗ്ധന്‍ കാടാമ്പുഴ മൂസഗുരുക്കള്‍ അധ്യക്ഷനാകും. തുടര്‍ന്ന് അവിസന്ന മര്‍മ്മ കളരി പഠന കേന്ദ്രം ഒരുക്കുന്ന ജില്ലയിലെ നൂറില്‍പരം വിദ്യാര്‍ഥികള്‍ പങ്കെടുക്കുന്ന കലാ-കായിക മാമാങ്കം അരങ്ങേറും. 

28 ഞായറാഴ്ച രാവിലെ 9.30ന് മാഘത്തിലെ മകം നാളില്‍ നിളയില്‍ കോട്ടക്കല്‍ കോവിലകം ട്രസ്റ്റി കെ.സി രാമചന്ദ്രരാജ സ്മൃതി ദീപം തെളിയിക്കും. തിരൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.യു സൈനുദ്ധീന്‍ ഉദ്ഘാടനം ചെയ്യും. റി എക്കൗ അഡൈ്വസറി ബോര്‍ഡ് ചെയര്‍മാന്‍ അഡ്വ.ദിനേഷ് പൂക്കയില്‍ അധ്യക്ഷതവഹിക്കും.സംസ്ഥാന ചീഫ് സെക്രട്ടറി ഡോ.വി വേണു മുഖ്യാഥിതിയായി പങ്കെടുക്കും. കേരള പ്രദേശിക ചരിത്ര സമിതി പ്രസിഡന്റ് കെ.സി അബ്ദുല്ല സ്മൃതിയവതരണം നടത്തും. വൈകീട്ട് മൂന്ന് മണിക്ക് തിരുന്നാവായ വില്ലേജ് ഓഫിസ് പരിസരത്ത് നിന്നും മാമാങ്ക സ്മൃതിയാത്ര കൂരിയാല്‍ തറയിലേക്ക് പുറപ്പെടും.തിരുന്നാവായ നവാമുകുന്ദ ക്ഷേത്രം എക്‌സിക്യൂട്ടീവ് ഓഫിസര്‍ ആതവനാട് പരമേശ്വരന്‍ ഫ്‌ളാഗ് ഓഫ് ചെയ്യുന്ന സ്മൃതി യാത്ര കെ.കെ അബ്ദുല്‍ റസാഖ് ഹാജി നയിക്കും.തിരൂര്‍ എസ്.എസ്.എം പോളിടെക്‌നിക് എന്‍.സി.സി ഓഫിസര്‍ കെ.ഖാദറിന്റെ നേതൃത്വത്തില്‍ എന്‍.സി.സി കേഡറ്റുകള്‍ സ്‌നേഹ സന്ദേശം നടത്തും.കേരള കളരിപ്പയറ്റ് അസോസിയേഷന്‍ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ നൂറ്കണക്കിന് കളരി അഭ്യാസികള്‍ പ്രതികാത്മകമായി സാമൂതിരിയെ നിലപാട് തറയിലേക്ക് ആനയിക്കും. തുടര്‍ന്ന് മാമാങ്കമെമ്മോറിയല്‍ ട്രസ്റ്റ് ചെയര്‍മാന്‍ സി.പി.എം ഹാരിസിന്റെ അധ്യക്ഷതയില്‍ സമാപന സമ്മേളനം ഡോ.കെ.ടി ജലീല്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്യും. നാഷണല്‍ എന്‍.ജി.ഒ കോണ്‍ഫെഡറേഷന്‍ ദേശീയ കോര്‍ഡിനേറ്റര്‍ അനന്തുകൃഷ്ണന്‍ , പാലക്കാട് ലീഡ് കോളജ് മാനേജര്‍ ഡോ.തോമസ് ജോര്‍ജ് എന്നിവര്‍ സംബന്ധിക്കും. വിവിധ മേഖലകളില്‍ശ്രദ്ധേയരായ വ്യക്തികളെ ആദരിക്കും. തുടര്‍ന്ന് ജില്ലയിലെ പ്രമുഖ കളരിഗുരുക്കന്‍മാരുടെ നേതൃത്വത്തില്‍ പ്രത്യേകം തയാറാക്കിയ നാല്‍പ്പതരീടി കളരിയില്‍ അഭ്യാസ പ്രകടനം നടക്കും.
Tags:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0അഭിപ്രായങ്ങള്‍

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ (0)