പൊന്നാനി മാതൃ ശിശു ആശുപത്രിയിൽ ആത്മഹത്യ കുറിപ്പെഴുതി സമരം നടത്തിയ വിഷയത്തിൽ പൊന്നാനി നഗരസഭ കൗൺസിൽ യോഗം ബഹളമയം.

ponnani channel
By -
0
വിഷയമുന്നയിച്ച രണ്ട് യു.ഡി.എഫ് കൗൺസിലർമാർക്ക് സസ്പെൻഷൻ. നീതിക്കായി ശബ്ദിച്ചതിന് ലഭിച്ച സസ്പെൻഷൻ അഭിമാനമായി കാണുന്നുവെന്ന് പ്രതിപക്ഷം

പൊന്നാനി മാതൃശിശു ആശുപത്രിയിൽ വിവിധ ജോലികൾ ചെയ്തിട്ടും പണം ലഭിക്കാത്തതിനാൽ ആശുപത്രിക്ക് മുന്നിൽ ആത്മഹത്യ കുറിപ്പെഴുതി സമരം നടത്തിയ യുവാവിന്റെ വിഷയം അടിയന്തിര പ്രാധാന്യത്തോടെ ചർച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ടതിനെത്തുടർന്നാണ് യു.ഡി.എഫ് കൗൺസിലർമാർക്ക് സസ്പെൻഷൻ നൽകിയത്. അജണ്ടകൾ വായിക്കുന്നതിന് മുമ്പ് വിഷയം ചർച്ച ചെയ്യണമെന്ന് നഗരസഭ പ്രതിപക്ഷ നേതാവ് ഫർഹാൻ ബിയ്യം കൗൺസിൽ യോഗത്തിൽ ആവശ്യപ്പെട്ടു. എന്നാൽ കൗൺസിൽ അജണ്ടകൾ ചർച്ച ചെയ്തതിന് ശേഷം വിഷയം ചർച്ചക്കെടുക്കാമെന്ന് നഗരസഭ ചെയർമാൻ ശിവദാസ് ആറ്റുപുറം മറുപടി നൽകി. എന്നാൽ നഗരസഭയുടെയും , ആശുപത്രി അധികൃതരുടെയും വീഴ്ച കൊണ്ട് ഒരാൾ ആത്മഹത്യയുടെ വക്കിൽ നിൽക്കുമ്പോൾ അടിയന്തിര പ്രാധാന്യത്തോടെ വിഷയം ചർച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് യു.ഡി.എഫ് കൗൺസിലർമാർ ബഹളം വെക്കുകയും പ്രതിപക്ഷ നേതാവ് ഫർഹാൻ ബിയ്യം, കൗൺസിലർ റാഷിദ് നാലകത്ത് എന്നിവർ നടുത്തളത്തിലിറങ്ങി പ്രതിഷേധിച്ചു. ഇതോടെ എൽ.ഡി.എഫ് കൗൺസിലർമാരും പ്രതിപക്ഷത്തിനെതിരെ രംഗത്തെത്തി. ഇതിനിടെ എൽ.ഡി.എഫ് കൗൺസിലർ വി.എസ് അശോകനും നടുത്തളത്തിലിറങ്ങി. കൗൺസിലർമാർ ഏറെ നേരം ബഹളം വെക്കുകയും ചെയർമാന്റെ ഡയസിന് സമീപം എത്തുകയും ചെയ്തതോടെ പ്രതിപക്ഷ നേതാവ് ഫർഹാൻ ബിയ്യം, കൗൺസിലർ റാഷിദ് നാലകത്ത് എന്നിവരെ സസ്പെന്റ് ചെയ്തതായി അറിയിക്കുകയും ചെയ്തു. ഇതിൽ പ്രതിഷേധിച്ച് യു.ഡി.എഫ് കൗൺസിലർമാർ ചെയർമാന്റെ ഡയസിന് സമീപം കുത്തിയിരുന്ന് പ്രതിഷേധിച്ചു. ഏറെ നേരത്തെ പ്രതിഷേധത്തിനൊടുവിൽ യു.ഡി.എഫ് കൗൺസിലർമാർ കൗൺസിൽ ബഹിഷ്കരിച്ചതോടെയാണ് കൗൺസിൽ യോഗം പുനരാരംഭിച്ചത്. 
കൗൺസിൽ യോഗം തടസ്സപ്പെടുത്തിയതിനാണ് കൗൺസിലർമാരെ അടുത്ത കൗൺസിൽ യോഗത്തിൽ നിന്നും സസ്പെന്റ് ചെയ്തത്.

എന്നാൽ മാസങ്ങളോളം ജോലി ചെയ്ത യുവാവിന് പണം നൽകാത്തതിനെത്തുടർന്ന് ആത്മഹത്യയുടെ വക്കിൽ നിൽക്കുന്ന യുവാവിന് നീതിലഭിക്കുന്നതിനായുള്ള വിഷയം ചർച്ച ചെയ്യാൻ പോലും ഭരണ സമിതി തയ്യാറാവാത്തത് പൊതുജനത്തോടുള്ള വെല്ലുവിളിയാണെന്ന് പ്രതിപക്ഷ നേതാവ് ഫർഹാൻ ബിയ്യം പറഞ്ഞു. പണമനുവദിച്ച് കിട്ടാൻ പല തവണ ഇയാൾ ചെയർമാൻ ഉൾപ്പെടെയുള്ളവരെ സമീപിച്ചിട്ടും നീതി ലഭിക്കാതെ വന്നതിനെത്തുടർന്നാണ് കൗൺസിൽ യോഗത്തിൽ വിഷയമുന്നയിക്കാൻ കൗൺസിലർമാർ രംഗത്തെത്തിയത്. അജണ്ടകൾ ചർച്ച ചെയ്തതിന് ശേഷം ഈ വിഷയം ചർച്ചക്കെടുക്കാമെന്നത് വിശ്വാസ യോഗ്യമല്ലാത്ത കാര്യമാണ്. മുൻ കൗൺസിലിൽ ഇത്തരത്തിൽ അജണ്ടകൾക്ക് ശേഷം വിഷയമുന്നയിച്ചപ്പോൾ ഇത് കേൾക്കാൻ പോലും തയ്യാറാവാത്ത ഭരണ സമിതിയുടെ വാക്ക് പൊള്ളയാണെന്നും ഫർഹാൻ ബിയ്യം പറഞ്ഞു
Tags:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0അഭിപ്രായങ്ങള്‍

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ (0)