ബിജെപിയെ വേദനിപ്പിക്കരുതെന്ന നിർബന്ധം കോൺഗ്രസിന് ഉണ്ടാകുന്നത് എന്തിനാണ്?: മുഖ്യമന്ത്രി

ponnani channel
By -
0

 കൊച്ചി: നവകേരള സദസ്സ് ബഹിഷ്കരണത്തിൽ പ്രതിപക്ഷത്തെ വിമർശിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. ബഹിഷ്കരണത്തിന്റെ കാരണം പ്രതിപക്ഷം ഇപ്പോഴും വ്യക്തമാക്കിയിട്ടില്ല. ചില കോൺ​ഗ്രസ് നേതാക്കൾ സദസ്സിൽ പങ്കെടുത്തു. എന്നാല്‍ എന്തെല്ലാമോ വിളിച്ചുപറയുന്ന അവസ്ഥയിലേക്ക് പ്രതിപക്ഷ നേതാവ് തരംതാഴുകയാണ് ചെയ്തതെന്നും മുഖ്യമന്ത്രി പറഞ്ഞു. ബിജെപിയെ വേദനിപ്പിക്കരുതെന്ന നിർബന്ധം കോൺഗ്രസിന് ഉണ്ടാകുന്നത് എന്തിനാണ്. ബിജെപിക്ക് പ്രയാസം ഉണ്ടാകുന്നത് സ്വാഭാവികം. അതൊരു കേരള വിരുദ്ധ വികാരമായി വളർന്നിട്ടുണ്ടാകാം. അതേ വികാരം കോൺഗ്രസിന് ഉണ്ടാകുന്നത് എന്തുകൊണ്ടാണെന്നും മുഖ്യമന്ത്രി ചോദിച്ചു. തൃപ്പൂണിത്തുറയിലെ നവകേരള സദസ്സിൽ സംസാരിക്കുകയായിരുന്നു അദ്ദേ​ഹം.വലിയ ജനപിന്തുണയാണ് നവകേരള യാത്ര തുടങ്ങിയതു മുതൽ ലഭിക്കുന്നത്. സമാനതകൾ ഇല്ലാത്ത ജനങ്ങളുടെ ഒഴുക്കാണ് ഓരോ സ്ഥലത്തും അനുഭവപ്പെടുന്നത്. ഈ പരിപാടി ആർക്കും എതിരല്ല. ജനങ്ങൾക്ക് വേണ്ടിയുള്ള പരിപാടിയാണ്. എല്ലാവരും കൂടി കേരളത്തിന്റെ ആവശ്യം ഒരേ ശബ്ദത്തിൽ ഉയർത്തണം എന്നാണ് ആഗ്രഹിച്ചത്


.

ആരും പ്രതീക്ഷിക്കാത്ത രീതിയിൽ പരിപാടിയുമായി സഹകരിക്കില്ലെന്ന് പ്രതിപക്ഷം പ്രഖ്യാപിച്ചു. പ്രതിപക്ഷത്തിന് വിയോജിപ്പുള്ള ഏത് ഭാഗമാണ് പരിപാടിയിലുള്ളത് എന്ന് വ്യക്തമാക്കാൻ അവർക്ക് കഴിഞ്ഞിട്ടില്ല. ജീവിതത്തിന്റെ പല തുറകളിൽ ഉള്ളവരാണ് പ്രഭാത സദസ്സിൽ പങ്കെടുത്തയാളുകൾ. കോൺഗ്രസിലെ ചില പ്രധാനികളും പരിപാടിയിൽ പങ്കെടുത്തു. സംസ്ഥാനത്ത് തന്നെ അറിയപ്പെടുന്ന കോൺ​ഗ്രസ് നേതാവും മുൻ എംഎൽഎയുമായ എ വി ഗോപിനാഥ് പാലക്കാട്‌ വെച്ച് പങ്കെടുത്തു. ബഹിഷ്കരണം എന്തിനാണെന്ന് മനസിലാവുന്നില്ല എന്നാണ് അദ്ദേഹം പറഞ്ഞത്. ഇത് ഒരു ഗോപിനാഥിന്റെ മാത്രം അഭിപ്രായമല്ല. നിരവധി പേർക്ക് ഇതേ അഭിപ്രായമാണുള്ളത്. ആരെങ്കിലും നിർബന്ധിച്ചല്ല ഈ ആളുകൾ എത്തിയത്.നവകേരള സദസ്സിനെ മോശമായി ചിത്രീകരിച്ച പ്രതിപക്ഷ നേതാവിനോട് പറവൂരിൽ എത്തുമ്പോൾ കാണാമെന്ന് ഞങ്ങൾ പറഞ്ഞു. ആകാവുന്ന കാര്യങ്ങൾ എല്ലാം ചെയ്തു നോക്കി. എന്നാൽ പറവൂരിൽ കണ്ണഞ്ചിപ്പിക്കുന്ന കാഴ്ചയാണ് കാണാനായത്. വൻ ജനാവലിയാണ് പ്രതിപക്ഷ നേതാവിന്റെ മണ്ഡലത്തിൽ സദസ്സിനെ വരവേറ്റത്. എന്തെല്ലാമോ വിളിച്ചു പറയുന്ന അവസ്ഥയിലേക്ക് പ്രതിപക്ഷ നേതാവ് തരം താണു. ഭീഷണിപ്പെടുത്തിയാണ് ആളുകളെ എത്തിച്ചതെന്നും പറഞ്ഞു. ജിഎസ്ടി വകുപ്പിനെ ഉപയോഗിച്ച് കടകളിൽ ലൈറ്റ് ഇട്ടുവെന്ന് വരെ പറഞ്ഞു. മാറ്റി വെച്ച പരിപാടി എന്ന വിഷമം ഇല്ലാതെ തൃപ്പൂണിത്തുറയിലും ആളുകൾ എത്തി.സദസ്സ് ബഹിഷ്കരിക്കണമെന്ന് ആവശ്യപ്പെട്ടതിന്റെ കാരണം പറയാൻ പ്രതിപക്ഷത്തിന് ഇതുവരെ കഴിഞ്ഞിട്ടില്ല. സംഘാടനത്തിൽ പരിഗണിച്ചില്ലെന്ന ആക്ഷേപം ഉന്നയിക്കാൻ കഴിയുമോ? എംഎൽഎമാരെ അധ്യക്ഷനാക്കാനാണ് തീരുമാനിച്ചത്. ഇതിൽ കൂടുതൽ എന്ത് പരിഗണന നൽകാനാണ്. കേന്ദ്ര സർക്കാരിന് ചെറിയൊരു പ്രയാസം കാണും. അവർ കാണിക്കുന്ന നീതികേട് ജനസമക്ഷം അവതരിപ്പിക്കുന്നതിന്റെ പ്രശ്നം കാണും. എന്നാൽ കോൺഗ്രസിന് എന്താണ് പ്രശ്നം? സ്വന്തം അണികളെ പോലും ബോധ്യപ്പെടുത്താൻ കഴിഞ്ഞിട്ടില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

Tags:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0അഭിപ്രായങ്ങള്‍

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ (0)