സംസ്ഥാന സ്‌കൂള്‍ കലോത്സവം: സ്വര്‍ണക്കപ്പിന് ജില്ലയിൽ സ്വീകരണം നൽകി

ponnani channel
By -
0


കൊല്ലം ജില്ല ആതിഥേയത്വം വഹിക്കുന്ന സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിലേക്കുള്ള സ്വര്‍ണക്കപ്പുമായുള്ള ഘോഷയാത്രയ്ക്ക് മലപ്പുറം ജില്ലയിൽ സ്വീകരണം നൽകി. കോട്ടയ്ക്കല്‍ രാജാസ് സ്‌കൂളില്‍ നടന്ന സ്വീകരണ പരിപാടി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എം.കെ റഫീഖ ഉദ്ഘാടനം ചെയ്തു. രാജാസ് ഹയർ സെക്കന്ററി സ്കൂൾ പ്രിൻസിപ്പൽ പി.ആർ സുജാത കപ്പിൽ ഹാരാർപ്പണം നടത്തി.



മുന്‍ വര്‍ഷത്തെ വിജയികളായ കോഴിക്കോട് ജില്ലയില്‍ നിന്നും 117.5 പവന്‍ തൂക്കം വരുന്ന സ്വര്‍ണ്ണക്കപ്പ് പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി അഡ്വ. പി.എ മുഹമ്മദ് റിയാസാണ് കോഴിക്കോട് വിദ്യാഭ്യാസ ഉപ ഡയറക്ടര്‍ക്ക് കൈമാറിയത്. തുടര്‍ന്ന് ജില്ലാ അതിര്‍ത്തിയായ രാമനാട്ടുകരയില്‍ മലപ്പുറം വിദ്യാഭ്യാസ ഉപ ഡയറക്ടര്‍ക്ക് വേണ്ടി അഡ്മിനിസ്ട്രേറ്റീവ് അസിസ്റ്റന്റ് അഷ്റഫ് പെരുമ്പള്ളി കപ്പ് ഏറ്റുവാങ്ങി. കോട്ടയ്ക്കല്‍ രാജാസ് സ്‌കൂളിന് സമീപത്ത് നിന്നും ബാന്റ് വാദ്യങ്ങളുടെ അകമ്പടിയോടെ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എം.കെ റഫീഖ ഉൾപ്പടെ ജനപ്രതികളും വിദ്യാർഥികളും അധ്യാപകരും ചേർന്ന് വേദിയിലേക്ക് ആനയിച്ചു.



പരിപാടിയിൽ നഗരസഭ അധ്യക്ഷ ഡോ. ഹനീഷ, ജില്ലാ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷ നസീബ അസീസ്, ജില്ലാ പഞ്ചായത്ത് അംഗം ബഷീർ രണ്ടത്താണി, നഗരസഭ കൗൺസിലർമാരായ ടി. കബീർ, സനില പ്രവീൺ, ഡി.ഇ.ഒ പി.പി റുഖിയ, പ്രധാനാധ്യാപകൻ എം.വി രാജൻ, പി.ടി.എ പ്രസിഡന്റ് സാജിത് മാങ്ങാട്ടിൽ എന്നിവർ സംസാരിച്ചു. ശേഷം കപ്പുമായുള്ള ഘോഷയാത്രയുടെ പ്രയാണം പാലക്കാട് ജില്ലയിലേക്ക് കടന്നു.

Tags:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0അഭിപ്രായങ്ങള്‍

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ (0)