ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസ്, മലപ്പുറം

ponnani channel
By -
0

ഭിന്നശേഷിക്കാര്‍ക്കായി ജില്ലാ കളക്ടറുടെ 'ഒപ്പം' പദ്ധതി
സൗജന്യ പി.എസ്.സി പരിശീലന പരിപാടിക്കു തുടക്കം

മലപ്പുറം ജില്ലയിലെ ഭിന്നശേഷിക്കാരെ മുഖ്യധാരയിലെത്തിക്കുന്നതിനായി ജില്ലാ കളക്ടര്‍ വി.ആര്‍ വിനോദ് മുന്‍കൈയെടുത്ത് നടപ്പാക്കുന്ന 'ഒപ്പം' പദ്ധതിക്കു തുടക്കം. ഭിന്നശേഷിക്കാരായ ഉദ്യോഗാര്‍ഥികളെ സര്‍ക്കാര്‍- സ്വകാര്യ തൊഴില്‍ മേഖലകളിലേക്ക് പ്രാപ്തരാക്കുന്നതിനായുള്ള സൗജന്യ പി.എസ്.സി പരിശീലന ക്ലാസിനാണ് കളക്ടറേറ്റ് കോണ്‍ഫ്രന്‍സ് ഹാളില്‍ ബുധനാഴ്ച ആരംഭം കുറിച്ചത്. 

സര്‍ക്കാര്‍ സര്‍വീസുകളില്‍ ഭിന്നശേഷിക്കാര്‍ക്ക് നാല് ശതമാനം സംവരണമുണ്ടെങ്കിലും ഈ തസ്തികയിലേക്ക് പോലും യോഗ്യരായ ഭിന്നശേഷിക്കാര്‍ ഇല്ലാതെ വരുന്ന സാഹചര്യമാണ് നിലവിലുള്ളത്. ഇതിനു കൂടിയുള്ള പരിഹാരമാണ് ഭിന്നശേഷിക്കാര്‍ക്ക് നിരന്തര പി.എസ്.സി പരിശീലനം നല്‍കുന്നതിലൂടെ ജില്ലാ ഭരണകൂടം ലക്ഷ്യമിടുന്നത്. ഓണ്‍ലൈന്‍ വഴിയും ഓഫ്‌ലൈനായും ഈ ബാച്ചിന് ആറ് മാസം പരിശീലനം തുടരും. ഇതുകൂടാതെ കഴിവും പ്രാപ്തിയുമുള്ള ഭിന്നശേഷിക്കാര്‍ക്ക് സ്വകാര്യ സ്ഥാപനങ്ങളിലും തൊഴിലവസരം ലഭ്യമാക്കാന്‍ അവസരമൊരുക്കുക ഒപ്പം പദ്ധതിയുടെ ലക്ഷ്യമാണ്. 

കളക്ടറേറ്റ് കോണ്‍ഫ്രന്‍സ് ഹാളില്‍ ആരംഭിച്ച പരിശീലന പരിപാടിയില്‍ ആദ്യ ദിവസം തന്നെ 40 ഓളം പേര്‍ പങ്കെടുത്തു. ജില്ലാ കളക്ടര്‍ വി.ആര്‍ വിനോദ് ഉദ്ഘാടനം ചെയ്തു. തിരൂര്‍ സബ് കളക്ടര്‍ സച്ചിന്‍ കുമാര്‍ യാദവ്, പെരിന്തല്‍മണ്ണ സബ് കളക്ടര്‍ അപൂര്‍വ ത്രിപാദി എന്നിവര്‍ ഉദ്യോഗാര്‍ഥികളുമായി സംവദിച്ചു. കൊണ്ടോട്ടി ഗവ. കോളെജ് അസിസ്റ്റന്റ് പ്രൊഫസര്‍ അബ്ദുല്‍ നാസര്‍ കെ., കളക്ടറേറ്റിലെ സീനിയര്‍ സൂപ്രണ്ട് വേണുഗോപാല്‍, റവന്യൂ ജീവനക്കാരനായ വിബിന്‍ വി. തുടങ്ങിയവര്‍ ക്ലാസുകള്‍ക്ക് നേതൃത്വം നല്‍കി. ജില്ലാ സാമൂഹിക നീതി ഓഫീസര്‍ ഷീബ മുംതാസ്, റവന്യൂ ഉദ്യോഗസ്ഥനായ രജീഷ് ബാബു, പരിപാടിയുമായി സഹകരിക്കുന്ന ആക്‌സസ് മലപ്പുറം പ്രതിനിധികളായ ബഷീര്‍ മമ്പുറം, മുസ്തഫ തോരപ്പന്‍, സിനില്‍ദാസ്, ബി.എൻ. ഐ പ്രതിനിധികളായ ഇര്‍ഫാന്‍ റഹ്‌മാന്‍, സഫീറുദ്ദീന്‍ എന്നിവര്‍ സംസാരിച്ചു.

വിവിധ മേഖലയിലെ സ്വകാര്യ സംരംഭകരായ 20 ഓളം പേരും ഭിന്നശേഷിക്കാരുമായുള്ള ആശയവിനിമയത്തിനായി ചടങ്ങില്‍ പങ്കെടുത്തു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0അഭിപ്രായങ്ങള്‍

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ (0)