സ്ഥാനാർഥികളുടെ ചെലവ് നിരീക്ഷണം ശക്തമാക്കും

ponnani channel
By -
0
തദ്ദേശ തെരഞ്ഞെടുപ്പ്: നിരീക്ഷകരുടെ യോഗം ചേര്‍ന്നു.....
തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടു മലപ്പുറം ജില്ലയില്‍ നിയമിതരായ പൊതു നിരീക്ഷകൻ്റെയും ചെലവു നിരീക്ഷകരുടെയും യോഗം ജില്ലാ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥന്‍ കൂടിയായ ജില്ലാ കളക്ടര്‍ വി.ആര്‍.വിനോദിന്റെ അധ്യക്ഷതയില്‍ കളക്ടറുടെ ചേംബറില്‍ ചേര്‍ന്നു. തെരഞ്ഞെടുപ്പ് കഴിയുന്നതു വരെ നിരീക്ഷകര്‍ ജില്ലയില്‍ ക്യാമ്പു ചെയ്ത് ഇലക്ഷൻ പ്രവർത്തനങ്ങളും സ്ഥാനാര്‍ഥികളുടെ പ്രചാരണവുമായി ബന്ധപ്പെട്ട ചെലവുകളും നിരീക്ഷിക്കും. ആറു ചെലവ് നിരീക്ഷകരുടെ നേതൃത്വത്തിലാണ് ത്രിതല പഞ്ചായത്തുകളിലേയും നഗരസഭകളിലേയും തെരഞ്ഞെടുപ്പ് ചെലവ് നിരീക്ഷണം. കളക്ട്രേറ്റിലെ ഫിനാന്‍സ് ഓഫിസറാണ് ജില്ലാതല ചെലവ് നിരീക്ഷണ സംവിധാനത്തിന്റെ നോഡല്‍ ഓഫിസര്‍. 

ചെലവ് നിരീക്ഷണത്തിനു പുറമെ അനധികൃതവും സംശയാസ്പദവുമായ പണമിടപാടുകൾ, അനധികൃത മദ്യം - മയക്കുമരുന്ന് കടത്ത്, തെറ്റായ രീതികളിൽ വോട്ടർമാരെ സ്വാധീനിക്കൽ തുടങ്ങിയവ നിരീക്ഷിക്കും. സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷൻ്റെ മാർഗനിർദ്ദേശ പ്രകാരം എല്ലാ സ്ഥാനാർഥികളും ചെലവുകൾ പരിമിതപ്പെടുത്തണമെന്നും ഹരിത പെരുമാറ്റ ചട്ടം കർശനമായി പാലിക്കണമെന്നും ജില്ലാ കളക്ടർ അഭ്യർത്ഥിച്ചു.

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് മത്സരിക്കുന്ന സ്ഥാനാര്‍ത്ഥികള്‍ നിര്‍ദ്ദിഷ്ട മാതൃകയില്‍ തെരഞ്ഞെടുപ്പ് വരവ് ചെലവ് കണക്കുകള്‍ യഥാ സമയം എഴുതി സൂക്ഷിക്കേണ്ടതും ചെലവ് നിരീക്ഷകര്‍ ആവശ്യപ്പെടുന്ന പക്ഷം ലഭ്യമാക്കേണ്ടതുമാണ്.
ഗ്രാമപഞ്ചായത്തിലേക്ക് മത്സരിക്കുന്ന ഒരു സ്ഥാനാര്‍ത്ഥിക്കായി പരമാവധി 25000 രൂപയും ബ്ലോക്ക് പഞ്ചായത്തിലേക്കും നഗരസഭയിലേക്കും
മത്സരിക്കുന്ന സ്ഥാനാര്‍ത്ഥിക്കായി പരമാവധി 75000 രൂപയും ജില്ലാ പഞ്ചായത്തിലേക്ക് മത്സരിക്കുന്ന സ്ഥാനാര്‍ത്ഥിക്കായി പരമാവധി 1.5 ലക്ഷം രൂപയുമാണ് ചെലവഴിക്കാവുന്നത്. സ്ഥാനാര്‍ത്ഥികള്‍ സൂക്ഷിക്കുന്ന വരവ് ചെലവ് കണക്കുകള്‍ തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തിന് ശേഷം 30 ദിവസത്തിനകം അധികാരപ്പെട്ട ഉദ്യോഗസ്ഥര്‍ മുമ്പാകെ നിര്‍ദ്ദിഷ്ട മാതൃകയില്‍ സമര്‍പ്പിക്കേണ്ടതാണ്. ഇതില്‍ വീഴ്ച വരുത്തുന്ന സ്ഥാനാര്‍ത്ഥികള്‍ തുടര്‍ന്നുള്ള തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിന് അയോഗ്യരാക്കപ്പെടുന്നതാണ്. 

തെരഞ്ഞെടുപ്പ് വരവ് ചെലവ് കണക്കുകള്‍ സൂക്ഷിക്കുന്നതിലും അവ യഥാ സമയം കൃത്യമായ മാതൃകയില്‍ അധികാരപ്പെട്ട ഉദ്യോഗസ്ഥര്‍ മുമ്പാകെ സമര്‍പ്പിക്കുന്നതിലും ശ്രദ്ധ പുലര്‍ത്തണമെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു.
സ്ഥാനാര്‍ത്ഥികളുടെ പ്രചാരണ യോഗങ്ങളില്‍ അമിതമായ പണത്തിന്റെ സ്വാധീനവും ആര്‍ഭാടവുമുണ്ടോയെന്ന് നിരീക്ഷേണ്ടതും നടത്തപ്പെടുന്ന യോഗങ്ങളുടെ രീതിക്ക് അനുയോജ്യമായ തുകയാണോ ദിനംപ്രതിയുള്ള കണക്കില്‍ അവര്‍ രേഖപ്പെടുത്തിയിട്ടുള്ളതെന്നും നിരീക്ഷകര്‍ കണക്കുകള്‍ വാങ്ങി പരിശോധിക്കും. 
സ്ഥാനാര്‍ത്ഥികള്‍ പ്രചാരണത്തിനായി ഉപയോഗിക്കുന്ന വാഹനങ്ങള്‍, അച്ചടിച്ച നോട്ടീസുകള്‍. ചുവര്‍ പരസ്യങ്ങള്‍, ബാനറുകള്‍, കമാനങ്ങള്‍, നടത്തിയ യോഗങ്ങള്‍, മറ്റുപരിപാടികള്‍ തുടങ്ങിയവ സംബന്ധിച്ച് ചെലവ് നിരീക്ഷകന്‍ പ്രത്യേക നിരീക്ഷണവും അന്വേഷണവും നടത്തും. ചെലവ് നിരീക്ഷകന്‍ ആവശ്യപ്പെടുമ്പോള്‍ അതുവരെയുള്ള കണക്കുകള്‍ സ്ഥാനാര്‍ത്ഥിയോ എജന്റോ ഹാജരാക്കണം. സ്ഥാനാര്‍ത്ഥികളുടെ തിരഞ്ഞെടുപ്പ് നോട്ടീസുകളിലും ലഘുലേഖകളിലും പ്രസാധകന്റെയും പ്രസ്സുടമയുടെയും വിശദാംശം, അച്ചടിച്ച കോപ്പികളുടെ എണ്ണം മുതലായ വിവരങ്ങള്‍ നല്‍കിയിട്ടുണ്ടോയെന്ന് പരിശോധിക്കുന്നതടക്കമുള്ള ചുമതലകൾ ചെലവു നിരീക്ഷകര്‍ നിര്‍വഹിക്കും.

യോഗത്തിൽ പൊതു നിരീക്ഷകനായ പി.കെ. അസിഫ്, ചെലവു നിരീക്ഷകരായ വിനോദ് ശ്രീധര്‍, മുഹമ്മദ് റിജാം, എം.ആര്‍.ധന്യ, കെ. സുനില്‍കുമാര്‍, തോമസ് സാമുവല്‍ എ. നൗഷാദ്, തെരഞ്ഞെടുപ്പ് ഡെപ്യൂട്ടി കളക്ടര്‍ ഇ.ആര്‍.ജയന്തി, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ കെ.മുഹമ്മദ്, ആര്‍.ടി.ഒ. ബി.ഷരീഫ്, എക്സൈസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ ഇ. ജിനേഷ്, തുടങ്ങിയവര്‍ സംബന്ധിച്ചു.
Tags:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0അഭിപ്രായങ്ങള്‍

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ (0)