യുഡിഎഫിനോടാണ് ലീഗിന് ഉത്തരവാദിത്തം'; സാദിഖലി ശിഹാബ് തങ്ങൾ

ponnani channel
By -
0
യുഡിഎഫിനോടാണ് ലീഗിന് ഉത്തരവാദിത്തം'; സാദിഖലി ശിഹാബ് തങ്ങൾ
ഏക സിവിൽ കോഡിൽ സിപിഐഎം സംഘടിപ്പിക്കുന്ന സെമിനാറിലേക്കുള്ള ക്ഷണം നിരസിച്ച് ലീഗ്
'യുഡിഎഫിനോടാണ് ലീഗിന് ഉത്തരവാദിത്തം'; സാദിഖലി ശിഹാബ് തങ്ങൾ
യുഡിഎഫിലെ ഏറ്റവും പ്രമുഖ ഘടകകക്ഷിയാണ് മുസ്ലിം ലീഗ്. യുഡിഎഫിനോട് ലീഗിന് കൂടുതൽ ഉത്തരവാദിത്തമുണ്ടെന്ന് ലീഗ് സംസ്ഥാന അദ്ധ്യക്ഷൻ പാണക്കാട് സാദിഖലി തങ്ങൾ. സിപിഐഎം നടത്തുന്ന സെമിനാറിൽ കോൺഗ്രസിനോ മറ്റ് യുഡിഎഫ് ഘടകകക്ഷികൾക്കോ ക്ഷണമില്ല. ലീഗിനെ മാത്രമാണ് ക്ഷണിച്ചത്. അതുകൊണ്ട് സെമിനാറിൽ പങ്കെടുക്കേണ്ട എന്നാണ് ലീഗിൻറെ തീരുമാനമെന്നും സാദിഖലി തങ്ങൾ വ്യക്തമാക്കി. പാണക്കാട് ചേർന്ന മുസ്ലിം ലീഗ് നേതൃയോഗ തീരുമാനങ്ങൾ വിശദമാക്കി മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു സാദിഖലി തങ്ങൾ.

രാവിലെ പാണക്കാട് ചേർന്ന മുസ്ലിംലീഗ് നേതൃയോഗം വർത്തമാന രാഷ്ട്രീയ സാഹചര്യങ്ങൾ വിലയിരുത്തിയതായി സാദിഖലി തങ്ങൾ പറഞ്ഞു. ഏക സിവിൽ കോഡാണ് പ്രധാനമായും ചർച്ച ചെയ്തത്. ഏക സിവിൽ കോഡിനെതിരെ എല്ലാവരും ഒന്നിച്ചു നിൽക്കണം. ഇതൊരു ദേശീയ വിഷയമാണ്. ഒരു സമുദായത്തെ മാത്രം ബാധിക്കുന്ന വിഷയമല്ല. അതുകൊണ്ട് ഈ നിയമം പാർലമെൻറിൽ പാസാകാൻ പാടില്ലെന്നും തങ്ങൾ പറഞ്ഞു.

രണ്ട് ദിവസം മുമ്പ് മുസ്ലിം കോർഡിനേഷൻ കമ്മിറ്റി യോഗം ചേർന്നിരുന്നു. ഏക സിവിൽ കോഡിനെ എതിർക്കാൻ എല്ലാ രാഷ്ട്രീയ പാർട്ടികളുടേയും പിന്തുണ ആവശ്യമാണെന്ന് യോഗം വിലയിരുത്തിയിരുന്നു. പലരും സെമിനാറുകൾ നടത്തും. അതിൽ പങ്കെടുക്കുകയോ പങ്കെടുക്കാതിരിക്കുകയോ ചെയ്യാൻ എല്ലാവർക്കും സ്വാതന്ത്ര്യം ഉണ്ട്. ഓരോരുത്തർക്കും ഇക്കാര്യത്തിൽ തീരുമാനം എടുക്കാം എന്ന നിലപാടാണ് യോഗം സ്വീകരിച്ചതെന്നും തങ്ങൾ വെളിപ്പെടുത്തി.

എന്നാൽ സിപിഐഎം നടത്തുന്ന സെമിനാറിൽ കോൺഗ്രസിനെയോ മറ്റ് യുഡിഫ് ഘടകകക്ഷികളെയോ വിളിക്കാത്ത സാഹചര്യത്തിൽ സഹകരിക്കേണ്ട എന്നാണ് ലീഗിൻറെ തീരുമാനം. അത് കേരളത്തിലെ ഭാവി രാഷ്ട്രീയ സാഹചര്യത്തിന് ഗുണകരമാകില്ല എന്നാണ് ലീഗിൻറെ നിലപാടെന്നും തങ്ങൾ വ്യക്തമാക്കി.

ദേശീയ രംഗത്ത് ഏക സിവിൽ കോഡിനെ പരാജയപ്പെടുത്താൻ കോണ്‍ഗ്രസിന്റെ പിന്തുണ ആവശ്യമാണ്. കോൺഗ്രസാണ് ഇക്കാര്യത്തിൽ ദേശീയ രംഗത്ത് നേതൃത്വം നൽകേണ്ടത്. ആ പാർട്ടിയെ ഉൾക്കൊള്ളാത്ത സെമിനാറിൽ ലീഗിന് പങ്കെടുക്കാനാകില്ല എന്ന് പി കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. ലീഗിനെ മാത്രം സെമിനാറിലേക്ക് ക്ഷണിച്ച സിപിഐഎമ്മിൻറെ നടപടി സദുദ്ദേശപരമല്ല എന്ന് ഇ ടി മുഹമ്മദ് ബഷീർ പറഞ്ഞു. അത് യുഡിഎഫിൽ സ്പർദ്ധയുണ്ടാക്കാനുള്ള നീക്കമാണെന്നും ഇ ടി വ്യക്തമാക്കി.

കഴിഞ്ഞ ഏതാനും നാളുകളായി ലീഗിൻറെ നിലപാടിനെ ചൂഴ്ന്ന് നിന്ന ആശയക്കുഴപ്പം ഇതോടെ അവസാനിച്ചിരിക്കുകയാണ്. സെമിനാറിൽ പങ്കെടുക്കുന്നതു സംബന്ധിച്ച് ആഭ്യന്തര ഭിന്നിപ്പ് ലീഗിൽ രൂക്ഷമായിരുന്നു. സെമിനാറിൽ പങ്കെടുക്കണം എന്ന നിലപാടാണ് കുഞ്ഞാലിക്കുട്ടിയും പിഎംഎ സലാമും സ്വീകരിച്ചത്. സമസ്ത സെമിനാറിൽ പങ്കെടുക്കാൻ തീരുമാനിച്ചത് തങ്ങളേയും സമ്മർദ്ദത്തിലാക്കിയിരുന്നു. എന്നാൽ ഇ ടി മുഹമ്മദ് ബഷീറും എം കെ മുനീറും ഇതിനെ ശക്തമായി എതിർത്തു.

കോൺഗ്രസിൻറെ ദേശീയ നേതാക്കളടക്കം ലീഗ് നേതൃത്വവുമായി കഴിഞ്ഞ ദിവസങ്ങളിൽ നിരന്തര ചർച്ചകൾ നടത്തിയിരുന്നു. ഈ ഘട്ടത്തിൽ ലീഗ് സിപിഐഎം സെമിനാറിൽ പങ്കെടുക്കുന്നത് തെറ്റായ സന്ദേശം നൽകുമെന്ന് കോൺഗ്രസ് നേതാക്കൾ ലീഗ് നേതാക്കളെ അറിയിച്ചു. ലീഗ് സിപിഐഎമ്മിനോട് അടുക്കുന്നു എന്ന പ്രചാരണത്തിന് അത് ആക്കം കൂട്ടുമെന്നും കോൺഗ്രസ് നേതാക്കൾ ലീഗിനെ അറിയിച്ചു.

ഒടുവിൽ ലീഗിലെ സിപിഐഎം വിരുദ്ധ വിഭാഗവും കോൺഗ്രസിൻറെ സമ്മർദ്ദവും വിജയിച്ചു. ലീഗ് നിലപാട് വ്യക്തമാക്കിയതോടെ സിപിഐഎമ്മിന് അത് തിരിച്ചടിയായി. ഏകസിവിൽ കോഡിൽ ലീഗിനെ പുറത്തു ചാടിച്ച് യൂഡിഎഫിനെ ദുർബലമാക്കാനുള്ള ആദ്യ ചുവടുവെപ്പിനാണ് തിരച്ചടിയേറ്റിരിക്കുന്നത്. ലീഗിനോട് തൊട്ടുകൂടായ്മയില്ല എന്നു പോലും സിപിഐഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ പറഞ്ഞത്. ഏതായാലും ലീഗിൻറെ തീരുമാനം കോൺഗ്രസിന് ആശ്വാസമായിരിക്കുകയാണ്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0അഭിപ്രായങ്ങള്‍

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ (0)