സ്വർണക്കടത്തിന് സഹായം നൽകി: കരിപ്പൂരിൽ സിഐഎസ്എഫ് ഉദ്യോഗസ്ഥന് സസ്പെൻഷൻ

ponnani channel
By -
0
മലപ്പുറം: കരിപ്പൂരിൽ സ്വർണക്കടത്ത് കേസുമായി ബന്ധപ്പെട്ട് സിഐഎസ്എഫ് ഉദ്യോഗസ്ഥന് സസ്പെൻഷൻ. സിഐഎസ്എഫ് അസിസ്റ്റൻ്റ് കമാൻഡൻ്റ് നവീൻ കുമാറിനെയാണ് സസ്പെൻഡ് ചെയ്തത്. സ്വർണക്കടത്തുകാരിൽനിന്ന് പണം വാങ്ങി സഹായം നൽകിയെന്ന കണ്ടെത്തലിനെ തുടർന്നാണ് നടപടി.

കഴിഞ്ഞദിവസമാണ് പോലീസിന് ഇതുസംബന്ധിച്ച് വിവരം ലഭിച്ചത്. സിഐഎസ്എഫ് അസിസ്റ്റൻ്റ് കമാൻഡൻ്റ് നവീൻ കുമാറിൻ്റെ സഹായത്തോടെ കരിപ്പൂർ വഴി നിരവധി തവണ സ്വർണം കടത്തിയിട്ടുണ്ടെന്നാണ് പുറത്തുവരുന്ന വിവരം. കസ്റ്റംസ് പരിശോധന സംബന്ധിച്ച വിവരമാണ് ഇയാൾ കടത്തുസംഘത്തിന് ചോർത്തി നൽകിയിരുന്നത്. ഇതിൻ്റെ അടിസ്ഥാനത്തിൽ നവീൻ കുമാറിന്റെ വീട്ടിൽ പോലീസ് പരിശോധന നടത്തിയിരുന്നു. ഉദ്യോഗസ്ഥനെ മണിക്കൂറുകളോളം ചോദ്യംചെയ്യുകയും ചെയ്തിരുന്നു. തുടർന്നാണ് സിഐഎസ്എഫിൻ്റെ ഭാഗത്തുനിന്ന് നടപടിയുണ്ടായത്.

വിമാനത്താവളത്തിന്റെ സുരക്ഷയ്ക്ക് വേണ്ടിയാണ് സെൻട്രൽ ഇൻഡസ്ട്രിയൽ സെക്യൂരിറ്റി ഫോഴ്സിനെ (സിഐഎസ്എഫ്) നിയമിക്കുന്നത്. എന്നാൽ ഇവർതന്നെ കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്നത് ഗൗരവതരമാണെന്ന് അന്വേഷണ സംഘം വിലയിരുത്തുന്നു. കേസിൽ ഒരു കസ്റ്റംസ് ഉദ്യോഗസ്ഥനു കൂടി പങ്കുണ്ടെന്നുള്ള റിപ്പോർട്ടുകളുണ്ട്. ഇതു സംബന്ധിച്ചും പോലീസ് അന്വേഷണം തുടരുകയാണ്. കസ്റ്റംസ് പ്രിവൻറ്റീവ് വിഭാഗവും അന്വേഷണം നടത്തുന്നുണ്ട്. അതേസമയം ഉദ്യോഗസ്ഥനെ സസ്പെൻഡ് ചെയ്ത സാഹചര്യത്തിൽ അറസ്റ്റ് ഉൾപ്പെടെയുള്ള നടപടികളിലേക്ക് പോലീസ് കടന്നേക്കുമെന്നാണ് സൂചന.


ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0അഭിപ്രായങ്ങള്‍

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ (0)