പുതുവർഷം മുതൽ നഗരസഭകളിലെ സേവനങ്ങൾ കടലാസു രഹിതം

ponnani channel
By -
0
തിരുവനന്തപുരം  പുതുവർഷം മുതൽ സംസ്ഥാനത്തെ നഗരസഭകളും കോർപ്പറേഷനുകളും കടലാസു രഹിതമാകും. സേവനങ്ങൾ പൂർണമായും ഓൺലൈനിലേക്കു മാറും. തദ്ദേശസ്ഥാപനങ്ങൾക്കുവേണ്ടി ഇൻഫർമേഷൻ കേരള മിഷൻ തയ്യാറാക്കിയ കെ -സ്മാർട്ട് (കേരള സൊല്യൂഷൻ ഫോർ മാനേജിങ് അഡ്മിനിസ്‌ട്രേറ്റീവ് റിഫോർമേഷൻ ആൻഡ് ട്രാൻസ്‌ഫോർമേഷൻ) സോഫ്റ്റ്‌വേർ ജനുവരി ഒന്നു മുതൽ പ്രവർത്തിക്കും.

സേവനങ്ങൾ ഓൺലൈനിലേക്കു മാറുന്നതിനാൽ ബുധനാഴ്ച മുതൽ 31 വരെ എല്ലാ സേവനങ്ങളും തടസ്സപ്പെടാനിടയുണ്ട്. കെ -സ്മാർട്ട് വെബ് പോർട്ടൽ വഴി മാത്രമേ ഇനി സേവനങ്ങൾ ലഭ്യമാകൂ. കെ -സ്മാർട്ട് എന്ന പേരിൽ മൊബൈൽ ആപ്ലിക്കേഷനും തയ്യാറായിട്ടുണ്ട്. രണ്ടാംഘട്ടത്തിൽ ബ്ലോക്ക്, ഗ്രാമപ്പഞ്ചായത്തുകളും കെ -സ്മാർട്ടിലേക്കു മാറും.

നഗരസഭാസേവനങ്ങൾ അപേക്ഷകളും പരാതികളും കടലാസിൽ എഴുതി സമർപ്പിക്കുന്ന രീതിയാണ് ഇല്ലാതാകുന്നത്. പൊതുജനങ്ങൾക്ക് തദ്ദേശസ്ഥാപനങ്ങളിൽ എത്താതെതന്നെ ഇനി സേവനങ്ങൾ ലഭിക്കും. വെബ്പോർട്ടൽ വഴി ലോഗിൻ ചെയ്ത് വിവിധ സേവനങ്ങൾക്കുള്ള അപേക്ഷകൾ നൽകാം. തുടർഅറിയിപ്പുകളും സേവനങ്ങളും എസ്.എം.എസ്, വാട്‌സാപ്പ് എന്നിവ വഴി ലഭിക്കും.

*കെ. സ്മാർട്ട് എന്നാൽ*

തദ്ദേശ സ്ഥാപനങ്ങളിൽനിന്നുള്ള സേവനങ്ങൾ ഓൺലൈൻ വഴി ലഭ്യമാക്കുന്നതിന് നിലവിൽ ഇരുപതോളം സോഫ്റ്റ്‌വേറുകളാണുള്ളത്. ലഭിക്കേണ്ട സേവനങ്ങളെ 35 മൊഡ്യൂളുകളാക്കി അവ ഒറ്റ പ്ലാറ്റ്‌ഫോമിൽ ലഭ്യമാക്കുന്നതാണ് കെ -സ്മാർട്ട്. വെബ്‌പോർട്ടലും മൊബൈൽ ആപ്പും വഴി ഇനി മുഴുവൻ സേവനങ്ങളും ലഭിക്കും. പണമിടപാടുകളും കെ -സ്മാർട്ട് വഴി നടത്താം. നിർമിതിബുദ്ധി സാങ്കേതികവിദ്യകൂടി ഉപയോഗപ്പെടുത്തിയാണ് പ്രവർത്തനം. മൊബൈൽ കണക്‌ഷനും ഡേറ്റയും ഇല്ലാത്തവർക്ക് അക്ഷയ കേന്ദ്രങ്ങളിൽ നിന്നും കുടുംബശ്രീ ഹെൽപ്പ് ഡെസ്‌കുകളിൽ നിന്നും ചുരുങ്ങിയ നിരക്കിൽ കെ -സ്മാർട്ട് സേവനങ്ങൾ ലഭിക്കും.

*ആദ്യഘട്ടം എട്ടുസേവനങ്ങൾ*

* ജനന-മരണ-വിവാഹ രജിസ്‌ട്രേഷൻ
* വ്യാപാര-വ്യവസായ ലൈസൻസുകൾ
* വസ്തു നികുതി
* യൂസർ മാനേജ്‌മെന്റ്
* ഫയൽ മാനേജ്‌മെന്റ് സിസ്റ്റം
* ഫിനാൻസ് മൊഡ്യൂൾ
* കെട്ടിട നിർമാണ അനുമതി
* പൊതുജനപരാതി പരിഹാരം

*സഹായത്തിന് സിറ്റിസൺ ഫെസിലിറ്റേഷൻ സെന്ററുകൾ*

കെ -സ്മാർട്ടിലേക്ക് മാറുമ്പോൾ തുടക്കത്തിൽ പൊതുജനങ്ങൾക്കുണ്ടാകുന്ന ബുദ്ധിമുട്ടുകൾ പരിഹരിക്കാൻ നഗരസഭകളിലും കോർപ്പറേഷനുകളിലും ഒരുമാസം സിറ്റിസൺ ഫെസിലിറ്റേഷൻ സെന്ററുകൾ ഉണ്ടാകും. കടലാസിൽ ലഭിക്കുന്ന അപേക്ഷകൾ ഇവിടെ നിന്ന് ഡിജിറ്റൽ രൂപത്തിലേക്കു മാറ്റും. ഈ സെന്ററുകളോടു ചേർന്ന് രണ്ട് ക്യാഷ് കൗണ്ടറുകളുണ്ടാകും.

Perinthalmanna Online
മലയാളം ഓൺലൈൻ ചാനൽ.

വാർത്തകൾ തത്സമയമറിയാൻ ഞങ്ങളുടെ വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ...
WhatsApp Group No: 173
https://chat.whatsapp.com/K2fi2Lkr9QRIKXTMErVH3A

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0അഭിപ്രായങ്ങള്‍

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ (0)