മലപ്പുറം ജില്ലയില്‍ സൈബർ ക്രൈം കേസുകള്‍ വർദ്ധിക്കുന്നു. 2023ല്‍ 185 സൈബർ ക്രൈം കേസുകളാണ് ജില്ലയില്‍ റിപ്പോർട്ട് ചെയ്തതെന്ന് ക്രൈം റേക്കാഡ്സ് ബ്യൂറോയുടെ കണക്കുകൾ. ആരോടും പങ്കുവയ്ക്കാൻ പാടില്ലാത്ത ഒ.ടി.പി, സി.വി.വി പോലുള്ള സെക്യൂരിറ്റി കോഡുകള്‍ കൈക്കലാക്കിയാണ് തട്ടിപ്പുകളേറെയും. 14നും 24 വയസിനും ഇടയില്‍ പ്രായമുള്ളവരാണ് കൂടുതലും സൈബർ കെണിയിലകപ്പെടുന്നത്. 2021ല്‍ 59ഉം 2022ല്‍ 14ഉം സൈബർ ക്രൈം കേസുകളാണ് ജില്ലയില്‍ റിപ്പോർട്ട് ചെയ്തത്. രക്ഷിതാക്കളെയും കുട്ടികളെയും ഒരുമിച്ചിരുത്തി സൈബർ പൊലീസിന്റെ നേതൃത്വത്തില്‍ സ്‌കൂളുകളിലും കോളേജുകളിലും ബോധവത്കരണ ക്ലാസുകള്‍ സംഘടിപ്പിക്കുന്നുണ്ട്.
വാട്ട്സ്‌ആപ്പില്‍ വീഡിയോ കോളിനിടെ സ്‌ക്രീൻ ഷെയർ ചെയ്യാൻ ആവശ്യപ്പെടുകയും അതുവഴി ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍ അടക്കം ചോർത്തുകയും ചെയ്യുന്ന രീതിയിലുള്ള തട്ടിപ്പുകളും കണ്ടുവരുന്നുണ്ട്. ഷെയർ ട്രേഡിങ്ങില്‍ സഹായിക്കാമെന്ന വ്യാജേനയും സൈബർ കുറ്റകൃത്യങ്ങള്‍ നടക്കുന്നുണ്ട്.
ട്രേഡിംഗ് ആപ്പുകള്‍ എന്ന വ്യാജേന തട്ടിപ്പ് ആപ്പുകള്‍ ഫോണില്‍ ഇൻസ്റ്റാള്‍ ചെയ്യാൻ ആവശ്യപ്പെടുകയും ഇതില്‍ അക്കൗണ്ട് തുറന്ന ശേഷം കച്ചവടം നടത്താൻ ആവശ്യപ്പെടുകയും ചെയ്യും. തുടക്കത്തില്‍ ചെറിയ ലാഭം ലഭിക്കുങ്കെിലും വിശ്വസിച്ച് കൂടുതല്‍ പണം നിക്ഷേപിച്ചാല്‍ ആ പണം നഷ്ടമാകുമെന്നും മുന്നറിയിപ്പുണ്ട്.
കെ.എസ്.ഇ.ബി ബില്ല് ഉടൻ അടയ്ക്കണമെന്നും അല്ലെങ്കില്‍ വൈദ്യുതി വിച്ഛേദിക്കുമെന്നും പറഞ്ഞ് ഫോണിലേക്ക് സന്ദേശം വരുന്നു. പിന്നാലെ കെ.എസ്.ഇ.ബി എനി ഡെസ്‌ക്ക് എന്ന ആപ്ലിക്കേഷൻ ഇൻസ്റ്റാള്‍ ചെയ്താല്‍ വേഗത്തില്‍ തുക അടയ്ക്കാമെന്ന നിർദ്ദേശവും ലഭിച്ചു. ഈ ആപ്ലിക്കേഷൻ ഡൗണ്‍ലോഡ് ചെയ്താല്‍ സ്‌ക്രീനില്‍ ചെയ്യുന്നതെല്ലാം വിളിച്ചവർക്ക് കാണാൻ സാധിക്കും. ഇത്തരത്തില്‍ അക്കൗണ്ട് വിവരങ്ങളെല്ലാം മനസ്സിലാക്കി പണം നഷ്ടപ്പെട്ടവരും ജില്ലയിലുണ്ട്.
ബാങ്ക് അധികൃതർ ഒരിക്കലും അക്കൗണ്ട് വിവരങ്ങള്‍ ഫോണിലൂടെ ചോദിക്കില്ല. വലിയ വരുമാനം നേടാമെന്ന തരത്തില്‍ വരുന്ന സന്ദേശങ്ങള്‍ തട്ടിപ്പിലേക്കുള്ള വഴിയാണ്. ഒ.ടി.പി പോലെ രഹസ്യസ്വഭാവമുള്ള വിവരങ്ങള്‍ ആരുമായും പങ്കുവയ്ക്കരുത്.