ഉത്സവപ്പറമ്പുകളിൽ വിൽക്കുന്ന ചോക്കുമിഠായിയെ ചുവപ്പിക്കുന്നത് മാരകവിഷമായ റോഡമിൻ–ബി"

ponnani channel
By -
0

 



പൊന്നാനി :ഉത്സവപ്പറമ്പുകളിൽ വിൽപനയ്ക്കു വയ്ക്കുന്ന മിഠായിയിൽ നിറത്തിനായി ചേർക്കുന്നത് വസ്ത്രങ്ങൾക്കും മറ്റും നിറം ചേർക്കാൻ ഉപയോഗിക്കുന്ന റോഡമിൻ–ബി. ഇതിനെതിരെ കർശന നടപടിയുമായി രംഗത്തിറങ്ങിയ ഭക്ഷ്യസുരക്ഷാ വകുപ്പ് ഉൽപാദകർക്ക് പിഴ ചുമത്തി. ചുവന്ന നിറത്തിൽ ലഭിക്കുന്ന ചോക്കിന്റെ ആകൃതിയിലുള്ള മിഠായിയിലാണ് വസ്ത്രങ്ങൾക്കും മറ്റും നിറം നൽകാൻ ഉപയോഗിക്കുന്ന റോഡമിൻ–ബി എന്ന ഡൈ ചേർത്ത് ചുവന്ന നിറം നൽകിയിരിക്കുന്നത്. റോഡമിൻ–ബി ഉള്ളിൽച്ചെന്നാൽ കാൻസറിനും കരൾ രോഗത്തിനും കാരണമാകും. 


പുതിയങ്ങാടി നേർച്ച നടക്കുന്ന സ്ഥലത്ത് വിൽപനയ്ക്കെത്തിച്ച മിഠായിയുടെ സാംപിൾ സംശയം തോന്നി വകുപ്പ് ശേഖരിച്ചിരുന്നു. ഇത് ലാബിൽ പരിശോധിച്ചപ്പോഴാണ് നിറം നൽകാൻ റോഡമിൻ–ബി ഉപയോഗിച്ചതായി കണ്ടെത്തിയത്. തുടർന്ന് മിഠായി ഉൽപാദിപ്പിക്കുന്ന പൊന്നാനി കൊല്ലംപടിയിലെ കേന്ദ്രം ഉദ്യോഗസ്ഥർ കണ്ടെത്തി. ഇവിടെ 3 വീടുകളിലാണ് മിഠായി നിർമിച്ചിരുന്നത്. ഇവിടെനിന്ന് വെള്ളത്തിൽ കലക്കിവച്ച നിലയിലും പൊടി രൂപത്തിലും റോഡമിൻ–ബി കണ്ടെത്തിയിട്ടുണ്ട്. 50 ഗ്രാം വരുന്ന 500 പാക്കറ്റ് മിഠായികളും പരിശോധനയ്ക്കായി കണ്ടെടുത്തിട്ടുണ്ട്. 


ഭക്ഷ്യസുരക്ഷാ വകുപ്പ് ജില്ലാ അസി. കമ്മിഷണർ സുജിത്ത് പെരേര, തിരൂർ ഭക്ഷ്യസുരക്ഷാ ഓഫിസർ എം.എൻ.ഷംസിയ, പൊന്നാനി ഭക്ഷ്യസുരക്ഷാ ഓഫിസർ എസ്.ധന്യ എന്നിവരുടെ നേതൃത്വത്തിലാണ് പരിശോധന നടന്നത്. ചുവന്ന നിറമുള്ള നീളത്തിലുള്ള മിഠായിയാണ് ചോക്ക് മിഠായി. ഇത് വായിലിട്ട് നുണഞ്ഞാൽ നാക്കും ചുണ്ടുമെല്ലാം ചുവക്കും. ഇപ്പോഴും ഉത്സവപ്പറമ്പുകളിലും മറ്റും ഈ മിഠായിയുടെ വിൽപന തകൃതിയാണ്. 


നിറത്തിനു പിന്നിലെ രഹസ്യം മാരകം


 റോഡമിൻ–ബി വസ്ത്രങ്ങളിൽ മാത്രമല്ല, തുകൽ, പേപ്പർ, പ്രിന്റിങ്, പെയിന്റ്, നിറമുള്ള ഗ്ലാസ്, പ്ലാസ്റ്റിക് വ്യവസായം എന്നിവയിലെല്ലാം ഉപയോഗിക്കുന്നുണ്ട്. ഫ്ലൂറസെന്റ് നിറമാണിതിന്. ഇതു ചേർത്തുണ്ടാക്കുന്ന മിഠായിക്ക് തിളങ്ങുന്ന ചുവപ്പ് അല്ലെങ്കിൽ പിങ്ക് നിറം കിട്ടും. പഞ്ചസാര ചേർത്തുണ്ടാക്കുന്ന ഈ മിഠായിയുടെ മധുരവും ചുവപ്പുനിറവും തന്നെയാണ് ഇതിലേക്ക് ആളുകളെ ആകർഷിക്കുന്നത്. കുട്ടികളാണ് കൂടുതലും വാങ്ങുന്നത്. മുതിർന്നവർ കുട്ടികൾക്കു വാങ്ങിനൽകുന്നുമുണ്ട്.



Tags:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0അഭിപ്രായങ്ങള്‍

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ (0)