തിരൂർ നഗരസഭ വാക്കുപാലിച്ചില്ലെന്ന് ; കോരങ്ങത്ത് ഇ.എം.എസ് പാർക്ക് പൂട്ടാനൊരുങ്ങുന്നു

ponnani channel
By -
0
തിരൂർ: ഒരു വർഷം മുമ്പ് കൊട്ടിയാഘോഷിച്ച് തുറന്നു കൊടുത്ത കോരങ്ങത്ത് സ്ഥിതി ചെയ്യുന്ന തിരൂർ നഗരസഭയുടെ ഇ.എം.എസ് കമ്മ്യൂണിറ്റി പാർക്കിന്റെ നടത്തിപ്പ് നിറുത്താനൊരുങ്ങി കരാറുകാരൻ. തിരൂർ നഗരസഭ വാക്കുപാലിച്ചില്ലെന്ന് ആരോപിച്ചാണ് കോരങ്ങത്ത് ഇ.എം.എസ് പാർക്ക് കരാറുകാരായ നിള ഹോളിഡേഴ്സ് പൂട്ടാനൊരുങ്ങുന്നത്. 

കരാർ പ്രകാരം തിരൂർ നഗരസഭ പറഞ്ഞ സഹായങ്ങൾ നൽകാതിരുന്നത് മൂലമാണ് നടത്തിപ്പ് അവസാനിപ്പിക്കുന്നതെന്ന് കരാറുകാരൻ പറഞ്ഞു. ഒരു വർഷം മുമ്പ് രണ്ടര കോടി രൂപ ചിലവഴിച്ച് നവീകരിച്ച പാർക്കാണ് നിള ഹോളിഡേഴ്സ് പൂട്ടാനൊരുങ്ങുന്നത്. നിള ഹോളിഡേഴ്സ് പ്രൈവറ്റ് കമ്പനി നഗരസഭയുമായി 2022 സെപ്തംബറിലാണ് കരാർ ഒപ്പിട്ടതെങ്കിലും 2023 ഫെബ്രുവരി മുതലാണ് കരാർ പ്രാബല്യത്തിൽ വന്നത്. പാർക്കിലെ ഫുഡ് കോർട്ട്, അമ്യൂസ്മെൻ്റ് പാർക്ക്, ടോയ്ലറ്റ്, വാഷ് റൂം എന്നിവിടങ്ങളിലേക്ക് കരാർ പ്രകാരം പറഞ്ഞ വെള്ളം എത്തിച്ച് നൽകിയിട്ടില്ല. കൂടാതെ വാട്ടർ അതോറിറ്റിയിൽ നിന്നും വെള്ളം ലഭ്യമാക്കാനുള്ള അനുമതി പത്രം, ഭക്ഷ്യ സുരക്ഷ ലൈസൻസ് നേടിയെടിക്കാനുള്ള അനുമതി പത്രം ഉൾപ്പെടെയുള്ളവയ്ക്ക് നഗരസഭ സഹായം ചെയ്ത് കൊടുത്തില്ലെന്നും തിരൂർ നഗരസഭ സെക്രട്ടറിക്ക് നിള ഹോളിഡേഴ്സ് മാനേജിങ് ഡയറക്ടർ നൽകിയ കത്തിൽ ചൂണ്ടിക്കാട്ടുന്നു. 

ഇതിന് പുറമെ പാർക്കിലേക്ക് വരുന്ന വാഹനങ്ങൾ പാർക്ക് ചെയ്യാനുള്ള ഏരിയ കൃത്യമായി നിർവചിച്ച് നൽകിയിട്ടുമില്ല. രണ്ടര കോടി രൂപ ചിലവഴിച്ച് നവീകരിച്ചതിന് പുറമെ കരാറിൽ കാണിച്ച പരിരക്ഷക്കുള്ള 25000 രൂപയും ലൈസൻസ് ഫീ ഇനത്തിൽ രണ്ടു ഗഡുക്കളായി 1,84,000 രൂപയും നൽകിയിട്ടുണ്ട്. എന്നാൽ, ഇത് കൂടാതെ, ലൈസൻസ് ഫീയായി 1,09,200 രൂപയും പാർക്കിങ് ഫീയായി 28,600 രൂപയും ചേർത്ത് പിഴ പലിശയടക്കം 1,37,800 രൂപ അടക്കാൻ ബാക്കിയുണ്ടെന്ന് കാണിച്ച് കരാറുകാരന് നഗരസഭ ദിവസങ്ങൾക്കു മുമ്പ് നോട്ടീസ് നൽകിയിരുന്നു. എന്നാൽ ഈ തുക അടക്കാൻ ആകില്ലെന്നാണ് കഴിഞ്ഞ ദിവസം കമ്പനി നൽകിയ മറുപടിയിൽ പറയുന്നത്. കൂടാതെ നഷ്ടം സഹിച്ച് മുന്നോട്ട് പോകാനാകില്ലെന്നും പാർക്കിൻ്റെ നടത്തിപ്പ് അവസാനിപ്പിക്കേണ്ട സ്ഥിതിയാണെന്നുമാണ് കരാറുകാരൻ നഗരസഭ സെക്രട്ടറിക്ക് നൽകിയ മറുപടി കത്തിൽ ചൂണ്ടിക്കാട്ടുന്നത്.



Tags:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0അഭിപ്രായങ്ങള്‍

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ (0)