തൃപ്രങ്ങോട് ശിവക്ഷേത്രത്തിലെ പ്രദക്ഷിണവഴിയിൽ കൃഷ്ണശില വിരിക്കുന്ന പ്രവൃത്തി തുടങ്ങി.

ponnani channel
By -
0
 ക്ഷേത്രത്തിൽ നാലമ്പലത്തിനു ചുറ്റുമുള്ള നിലവിലെ പ്രദക്ഷിണവഴി പൊളിച്ചുമാറ്റിയാണ് കൃഷ്ണശില വിരിച്ചുള്ള പുതിയ പ്രദക്ഷിണ വഴി നിർമിക്കുന്നത്. 4038 ചതുരശ്രയടി വിസ്തീർണമുള്ള പുതിയ പ്രദക്ഷിണവഴിയാണ് പ്രവൃത്തിക്കു ശേഷം ക്ഷേത്രത്തിൽ പൂർത്തിയാവുക. 7 അടി നീളവും 2 അടി വീതിയുമുള്ള ശിലകളാണ് ഇതിനായി ഉപയോഗിക്കുന്നത്. കന്യാകുമാരിയിലെ മയിലാടിയിൽ നിന്നാണ് ഇവ എത്തിക്കുന്നത്. ഒരു കല്ലിന് 10000 രൂപയാണ് വില വരുന്നത്. ഒരു ചതുരശ്രയടി കല്ലിന് 750 രൂപയാണു വില. ഭക്തരിൽ നിന്നുള്ള സഹായങ്ങൾ കൊണ്ടാണ് പ്രവൃത്തി നടത്തുന്നത്. ഞായറാഴ്ച രാവിലെ നടന്ന ചടങ്ങിൽ സാമൂതിരിയുടെ പ്രതിനിധി മായാ ഗോവിന്ദ് ചന്ദ്രശേഖർ പ്രവൃത്തിയുടെ ശിലാസ്ഥാപനം നിർവഹിച്ചു. തന്ത്രി കൽപുഴ കൃഷ്ണൻ നമ്പൂതിരി ഭദ്രദീപം തെളിയിച്ച ശേഷമാണ് ചടങ്ങുകൾ ആരംഭിച്ചത്. മേൽശാന്തി പന്തൽ വൈദികമന ദാമോദര കൃഷ്ണൻ നമ്പൂതിരി ശിലയുടെ പൂജ നടത്തി. തുടർന്ന് ശില സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് ദേവസ്വം പുറത്തിറക്കിയ ബ്രോഷർ സാമൂതിരിയുടെ പ്രതിനിധി അഡ്വ. ഗോവിന്ദ് ചന്ദ്രശേഖർ പ്രകാശനം ചെയ്തു. കല്ലുകൾ സ്ഥാപിക്കാനുള്ള ഭക്തരുടെ സംഭാവന സ്വീകരിക്കലും ചടങ്ങിൽ വച്ച് നടന്നു. സുഷമ ജയപ്രകാശ്, ബാബു തൃശൂർ, ദീപ രാജേന്ദ്രകുമാർ, പാണാട്ട് രുക്മിണി എന്നിവർ ചടങ്ങിൽ വച്ച് കൃഷ്ണശിലകൾ ദേവസ്വത്തിലേക്ക് സംഭാവന ചെയ്തു. ചടങ്ങുകൾക്ക് ദേവസ്വം എക്സിക്യൂട്ടീവ് ഓഫിസർ ആർ.എസ് രാജേഷ്, കമ്മിറ്റി ജനറൽ സെക്രട്ടറി രാജേന്ദ്രകുമാർ പാണാട്ട്, കെ.രഘുനാഥ് എന്നിവർ നേതൃത്വം നൽകി.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0അഭിപ്രായങ്ങള്‍

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ (0)