തിരൂർ : പാസഞ്ചർ ഓട്ടോറിക്ഷകളില്‍ ചരക്ക് സാധനങ്ങള്‍ കൊണ്ടുപോകുന്നതിനെതിരെ കർശന നടപടിയുമായി മോട്ടോർ വാഹന വകുപ്പ്. മാർക്കറ്റിൽ നിന്നടക്കം വിവിധ സ്ഥലങ്ങളിലേക്ക് ഓട്ടോറിക്ഷകളില്‍ പച്ചക്കറികളും മറ്റു പലചരക്ക് സാധനങ്ങളും അനധികൃതമായി കൊണ്ടുപോകുന്നത് കാരണം ഗുഡ്സ് വാഹനങ്ങള്‍ക്ക് ഓട്ടം ലഭിക്കുന്നില്ലെന്ന പരാതിയിലാണ് പരിശോധന വരുന്നത്.തിരൂരിൽ ഇത്തരം സംഭവങ്ങൾ വ്യാപകമാവുന്നു എന്ന പരാതിയുടെ അടിസ്ഥാനത്തില്‍ മലപ്പുറം എൻഫോഴ്സ്മെന്റ് പൊന്നാനി തിരൂർ സ്‌ക്വാഡുകള്‍ സംയുക്തമായി പരിശോധന നടത്തി.
പാസഞ്ചർ ഓട്ടോയില്‍ ചരക്ക് സാധനങ്ങള്‍ കൊണ്ടുപോയ 12ഓളം ഓട്ടോറിക്ഷകള്‍ക്കെതിരെ കേസെടുക്കുകയും പിഴ ചുമത്തുകയും ചെയ്തു. കൂടാതെ സ്വകാര്യ വാഹനത്തില്‍ ചരക്ക് സാധനങ്ങള്‍ കൊണ്ടുപോയ മൂന്നു വാഹന ഉടമകള്‍ക്കെതിരെയും ഫിറ്റ്നസ് ഇല്ലാത്തതും റോഡ് ടാക്സ് അടക്കാത്തതുമായ ആറു ചരക്കു വാഹന ഉടമകള്‍ക്കെതിരെയും കേസെടുത്ത് പിഴ ഈടാക്കി.തിരൂർ ബസ് സ്റ്റാൻഡില്‍ നടത്തിയ വാഹന പരിശോധനയില്‍ തിരൂർ ചെമ്മാട് റൂട്ടില്‍ പെർമിറ്റ് ഇല്ലാതെ സർവീസ് നടത്തിയ സ്വകാര്യബസിനെതിരെ കേസെടുത്തു. സർവീസ് നിറുത്തിവയ്പ്പിച്ചു. ഇത്തരത്തില്‍ 30ഓളം വാഹനങ്ങള്‍ക്കെതിരെ കേസെടുത്തു. 52,500 രൂപ പിഴയടയ്ക്കാൻ നോട്ടീസ് നല്‍കി.
പ്രാദേശിക വാർത്തകൾ തത്സമയം അറിയാൻ ഗ്രുപ്പിൽ ജോയിൻ ചെയ്യുക
https://chat.whatsapp.com/DJSsXlFifQQK55hSdOoSzw