ഹജ്ജ് 2024: മന്ത്രിയുടെ നേതൃത്വത്തിൽ അവലോകനയോഗം ചേർന്നു*

ponnani channel
By -
0
```08.08.2024```
--------------------------
ഈ വർഷത്തെ ഹജ്ജ് തീർത്ഥാടന നടപടികൾ പൂർത്തിയായ സാഹചാര്യത്തിൽ കായിക - ന്യൂനപക്ഷ ക്ഷേമ - ഹജ്ജ് - വഖഫ് വകുപ്പ് മന്ത്രി വി. അബ്ദുറഹിമാന്‍റെ അധ്യക്ഷതയിൽ അവലോകന യോഗം ചേർന്ന് നടപടിക്രമങ്ങളിൽ പൂർണ സംതൃപ്തി രേഖപ്പെടുത്തി. കേന്ദ്ര ന്യൂനപക്ഷ മന്ത്രാലയം പ്രസിദ്ധീകരിച്ച പുതിയ 2025 ലെ ഹജ്ജ് നയം യോഗം വിശദമായി ചർച്ച ചെയ്തു. സംവരണ വിഭാഗത്തിന്റെ വയസ്സ് എഴുപതില്‍ നിന്നും 65 ആക്കിയതിൽ യോഗം സന്തുഷ്ടി രേഖപ്പെടുത്തുകയും പോളിസി സംബന്ധിച്ച ചില നിർദ്ദേശങ്ങൾ കേന്ദ്രത്തിന് അയക്കാൻ തീരുമാനിക്കുകയും ചെയ്തു.

സംസ്ഥാന ഹജ്ജ് കമ്മിറ്റി മുഖേന മൂന്ന് പുറപ്പെടൽ കേന്ദ്രങ്ങൾ വഴി 18,200 തീർത്ഥാടകരാണ് ഇത്തവണ വിശുദ്ധ ഹജ്ജ് കർമ്മത്തിനായി പുറപ്പെട്ടിരുന്നത്. ഇതിൽ 17,920 പേർ സംസ്ഥാനത്ത് നിന്നുള്ളവരും 280 പേർ ഇതര സംസ്ഥാനങ്ങളിൽ നിന്നുള്ളവരുമായിരുന്നു. 90 ഖാദിമുൽ ഹുജ്ജാജുമാർ തീർത്ഥാടകരുടെ സേവനത്തിനായി ഹാജിമാരെ അനുഗമിച്ചു.

ചരിത്രത്തിലാദ്യമായി കേരള സംസ്ഥാന ഹജ്ജ് കമ്മിറ്റി മുഖേന ഏറ്റവും കൂടുതൽ ഹാജിമാരെ യാത്രയയച്ച വർഷമായിരുന്നു 2024. ഇതിന് മുമ്പ് 2019 ലായിരുന്നു ഏറ്റവും കൂടുതൽ ഹാജിമാരെ യാത്രയാക്കിയിരുന്നത്. 13,811 പേരായിരുന്നു അന്ന് ഹജ്ജിന് പുറപ്പെട്ടത്. 

ഹജ്ജ് വേളയിൽ ഹാജിമാർക്കുണ്ടായ ചില ബുദ്ധിമുട്ടുകളും പ്രയാസങ്ങളും യഥാസമയം ഹജ്ജ് കമ്മിറ്റി ഓഫ് ഇന്ത്യ, കോൺസുലേറ്റ് ജനറൽ ഓഫ് ഇന്ത്യ, എംബസി, മൈനോറിറ്റി വകുപ്പ്, നോർക്ക എന്നിവരെ അറിയിക്കുകയും പരിഹാരം കാണുകയും ചെയ്തിരുന്നു.

ചെയർമാൻ സി. മുഹമ്മദ് ഫൈസി, ന്യൂനപക്ഷ ക്ഷേമ വകുപ്പ് സെക്രട്ടറി പ്രണബ്ജ്യോതി നാഥ്, എക്സിക്യൂട്ടീവ് ഓഫീസർ കൂടിയായ മലപ്പുറം ജില്ലാ കലക്ടർ വി.ആർ.വിനോദ്, 
ഹജ്ജ് കമ്മിറ്റി അംഗങ്ങളായ അഡ്വ. പി. മൊയ്തീൻകുട്ടി, ഡോ. ഐ.പി. അബ്ദുൽ സലാം, കെ.എം. മുഹമ്മദ് കാസിം കോയ പൊന്നാനി, കടക്കൽ അബ്ദുൽ അസീസ് മൗലവി, അക്ബർ പി.ടി., ന്യൂനപക്ഷ വകുപ്പ് ഡെപ്യൂട്ടി സെക്രട്ടറി വി ആർ ബിന്ദു, ഹജ്ജ് കമ്മിറ്റി അസി. സെക്രട്ടറി എൻ. മുഹമ്മദലി, അസ്സയിന്‍ പി.കെ, 
 ഹജ്ജ് വകുപ്പ് മന്ത്രിയുടെ ഓഫീസ് അസി. പ്രൈവറ്റ് സെക്രട്ടറി ജി.ആര്‍. രമേശ്, അസീം, യൂസഫ് പടനിലം, 
 തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0അഭിപ്രായങ്ങള്‍

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ (0)