`വാര്‍ത്താക്കുറിപ്പ്`
```06.08.2024```
--------------------------
വയനാട് ഉരുൾപൊട്ടലുമായി ബന്ധപ്പെട്ട് ചാലിയാർ പുഴയിൽ നടത്തിയ തിരച്ചിലിൽ ഇന്ന് (ചൊവ്വ) ലഭിച്ചത് 2 ശരീര ഭാഗങ്ങൾ. മുണ്ടേരി കുമ്പളപ്പാറ ഭാഗത്തുനിന്നാണ് അവശിഷ്ടങ്ങൾ ലഭിച്ചത്. ഇതോടെ മലപ്പുറം ജില്ലയിൽ നിന്ന് ആകെ ലഭിച്ച മൃതദേഹങ്ങൾ 76 ഉം ശരീര ഭാഗങ്ങൾ 161 ഉം ആയി. ആകെ 237 എണ്ണം. 38 പുരുഷന്മാരുടെയും 31 സ്ത്രീകളുടെയും 3 ആൺകുട്ടികളുടെയും 4 പെൺകുട്ടികളുടെയും മൃതദേഹങ്ങളാണ് ലഭിച്ചത്.
ഇതുവരെ ലഭിച്ച മുഴുവൻ മൃതദേഹങ്ങളുടെയും അവശിഷ്ടങ്ങളുടെയും പോസ്റ്റ് മോർട്ടം പൂർത്തിയായി. 223 എണ്ണം വയനാട്ടിലേക്ക് കൊണ്ട് പോകുകയും മൂന്നെണ്ണം ബന്ധുക്കൾ ഏറ്റെടുക്കുകയും ചെയ്തു. 7 ശരീര ഭാഗങ്ങൾ പൂർണമായി ഡി.എൻ.എ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. നിലമ്പൂർ ജില്ലാ ആശുപത്രിയിൽ സൂക്ഷിച്ചിട്ടുള്ള നാല് ശരീരഭാഗങ്ങൾ ഉടൻ വയനാട്ടിലേക്ക് കൊണ്ട് പോകും.
*ദുര്‍ഘടമേഖലകളിൽ ഹെലികോപ്റ്ററിലെത്തി ദൗത്യസംഘം*
വയനാട്ടിലെ ദുരന്ത മേഖലയിൽ നിന്ന് ചാലിയാര്‍ തീരത്തെ ദുര്‍ഘടമേഖലയായ സൺറൈസ് വാലിയിലേക്ക് ദൗത്യ സംഘത്തെ ഹെലികോപ്റ്ററിലെത്തിച്ച് തെരച്ചിൽ. ആറ് കരസേനാംഗങ്ങളും കേരള പൊലീസ് സ്പെഷ്യൽ ആക്ഷന്‍ ഗ്രൂപ്പിലെ നാല് പേരും രണ്ട് വനം വകുപ്പ് വാച്ചര്‍മാരും അടങ്ങിയ സംഘത്തെയാണ് രണ്ട് തവണയായി ഹെലികോപ്റ്ററിലെത്തിച്ച് വടത്തിന്‍റെയും ബാസ്കറ്റിന്‍റെയും സഹായത്തോടെ ഈ മേഖലയിൽ ഇറങ്ങാന്‍ സഹായിച്ചത്.
ഒരു പ്രദേശത്ത് തെരച്ചിൽ പൂര്‍ത്തിയാക്കുന്നതനുസരിച്ച് സംഘത്തെ എയര്‍ ലിഫ്റ്റ് ചെയ്ത് അടുത്ത സ്ഥലത്തേക്കെത്തിക്കുന്നതായിരുന്നു രീതി. സൺറൈസ് വാലി മുതൽ അരുണപ്പുഴ ചാലിയാറിൽ സംഗമിക്കുന്ന പ്രദേശം വരെയായിരുന്നു തെരച്ചിൽ.
കല്‍പ്പറ്റ എസ്.ജെ.കെ.എം ഹയര്‍ സെക്കണ്ടറി സ്കൂള്‍ ഗ്രൗണ്ടിൽ നിന്നാണ് ദൗത്യസംഘവുമായി ഹെലികോപ്റ്റര്‍ പറന്നത്. ലാൻഡിംഗ് ബുദ്ധിമുട്ടുള്ള സ്ഥലങ്ങളിൽ ആളുകളെ ഇറക്കുന്നതിനും എയർ ലിഫ്റ്റ് ചെയ്യുന്നതിനും ശേഷിയുള്ള അഡ്വാൻസ്ഡ് ലൈറ്റ് ഹെലികോപ്റ്ററാണ് വായുസേന ദൗത്യത്തിന് ഉപയോഗിച്ചത്.