മർദ്ദിതപ്രതിരോധത്തിന്റെ കവിതയാണ് ഫുട്ബോൾ - എം.ബി രാജേഷ്.
രാഷ്ട്രീയ പ്രതിരോധത്തിന്റെ കരുത്തുറ്റ വഴികളാണ് ഫുട്‌ബോൾ എന്ന കളിയിലൂടെ ലാറ്റിൻ അമേരിക്കൻ രാജ്യങ്ങളും ഡീഗോ മറഡോണ എന്ന നായകനും തുറന്നു വെച്ചതെന്ന് തദേശസ്വയം ഭരണ എക്സൈസ് വകുപ്പ് മന്ത്രി ശ്രീ എം.ബി രാജേഷ് പറഞ്ഞു. ഫുട്ബോൾ എന്നാൽ കേവലം കളി മാത്രമല്ല, പ്രതിരോധത്തിന്റെ ആയുധവും ഐഡന്റിറ്റിയുടെ ഭാഷയും സാമ്രാജ്യത്വത്തിനെതിരായ സമരത്തിന്റെ ശക്തിയുമാണത്. പൊന്നാനി എ.വി ഹയർ സെക്കന്ററി സ്കൂളിൽ നടക്കുന്ന മൂന്നാമത് നൈതൽ ഫെസ്റ്റിവലിൽ 'പന്തുലച്ച ഗോൾവലകൾ' എന്ന വിഷയത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
അർജന്റീന, ബ്രസീൽ, ഉറുഗ്വേ പോലുള്ള രാജ്യങ്ങളിൽ കേവല കായിക വിനോദം എന്നതിലപ്പുറം ഒരു ജനകീയപ്രസ്ഥാനമായി ഫുട്‌ബോൾ മാറിക്കഴിഞ്നിരിക്കുന്നു. വർഗ്ഗസമരത്തിന്റെയും സാമ്രാജ്യത്വവിരുദ്ധതയുടെയും മനുഷ്യനീതിക്കു വേണ്ടിയുള്ള പോരാട്ടത്തിന്റെയും ഭാഗമായി ഫുട്‌ബോൾ ഇവിടങ്ങളിൽ മാറിക്കഴിഞ്ഞു. ഡീഗോ മറഡോണയെന്ന കളിക്കാരൻ ഈ പോരാട്ടങ്ങളുടെ ഹൃദയഭാഗത്ത് പ്രതിഷ്ഠ നേടിയയാളാണ്. രണ്ടായിരത്തി അഞ്ച് നവംബറിൽ അർജന്റീനയിലെ മാർദൽ പ്ലാറ്റയിൽ നടന്ന പ്രതിഷേധ റാലിയിൽ അന്നത്തെ അമേരിക്കൻ പ്രസിഡന്റിനെ
'കശാപ്പുകാരൻ ബുഷ്' എന്ന് വിശേഷിപ്പിച്ചത് ലോകശ്രദ്ധ നേടിയിരുന്നു. യു.എസിന്റെ സാമ്പത്തിക ഉപരോധത്തിനും സാമ്രാജ്യത്തിന്റെ ആയുധമായ ഫ്രീ ട്രേഡ് ഏരിയക്കുമെതിരെ അമേരിക്കൻ ഭൂഖണ്ഡത്തിലെ രാഷ്ട്ര നേതാക്കൾ പങ്കെടുത്ത ഉച്ചകോടിയാണ് മറഡോണയുടെ ശബ്ദം കൊണ്ട് ശ്രദ്ധേയമായത്. വെനിസുലൻ നേതാവ് ഹ്യൂഗോ ഷാവേസിനൊപ്പം സാമ്രാജ്യത്വവിരുദ്ധ റാലിയിൽ പങ്കു ചേർന്ന മറഡോണ 'സ്റ്റോപ്പ് ബുഷ്' എന്നെഴുതിയ ടീ ഷർട്ട് ധരിച്ച് മൈക്ക് കൈയിലെടുത്ത് അമേരിക്കയുടെ യുദ്ധക്കൊതിയെക്കുറിച്ചും ഇറാക്ക് അധിനിവേശത്തെക്കുറിച്ചും ലാറ്റിൻ അമേരികൻ രാജ്യങ്ങളുടെ മേൽ ചുമത്തുന്ന സാമ്പത്തിക ഉപരോധത്തെക്കുറിച്ചും സംസാരിച്ചിരുന്നു. പാലസ്തീൻ നേതാക്കളെ നേരിൽക്കണ്ടിരുന്ന മറഡോണ, പലസ്തീനിയൻ ജനതയ്ക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് അവരുടെ ആരാധനാണ് താനെന്നും പറഞ്ഞിരുന്നു.
നവലിബറൽ ശക്തികൾ ഫുട്ബോളിനെ ഒരു കോർപറേറ്റ് കാഴ്ച മാത്രമായി മാറ്റാൻ ശ്രമിക്കുകയാണ്. ഫുട്‌ബോൾ പിറന്നത് പാവങ്ങളുടെ തെരുവിൽ നിന്നാണ്. അടിച്ചമർത്തപ്പെട്ടവരുടെ കവിതയാണ് ഫുട്‌ബോൾ- രാജേഷ് പറഞ്ഞു. ചടങ്ങിൽ ലത്തീഫ് പൊന്നാനി സ്വാഗതപ്രസംഗം നടത്തി. രാജീവ് രാമചന്ദ്രൻ അധ്യക്ഷത വഹിച്ചു.