പോക്‌സോ കേസില്‍ 75 കാരന്‍ 285 ദിവസം ജയിലില്‍ കിടന്നു; വ്യാജ മൊഴി നല്‍കിയെന്ന് സമ്മതിച്ച് പെണ്‍കുട്ടി

ponnani channel
By -
0

ആലപ്പുഴ: പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയുടെ വ്യാജമൊഴിയില്‍ രജിസ്റ്റര്‍ ചെയ്ത പോക്‌സോ കേസില്‍ 75കാരന്‍ ജയിലില്‍ കിടന്നത് 285 ദിവസം. വിചാരണവേളയില്‍ 'അതിജീവിത' സത്യം തുറന്നുപറഞ്ഞതോടെയാണ് ആലപ്പുഴ അഡീഷണല്‍ സെഷന്‍സ് പോക്‌സോ പ്രത്യേക കോടതി വയോധികനെ വെറുതെ വിട്ടത്. 'അതിജീവിത'യുടെ പുതിയ മൊഴി പ്രകാരം ആണ്‍സുഹൃത്താണ് ഇപ്പോള്‍ പ്രതി.
  ആഗസ്റ്റിലാണ് കേസിനാസ്പദമായ സംഭവങ്ങള്‍ നടന്നതെന്ന് പറയപ്പെടുന്നു. അച്ഛന്‍ ഉപേക്ഷിച്ച് പോയ കുട്ടി അമ്മയ്‌ക്കൊപ്പമായിരുന്നു താമസം. ഇവര്‍ രണ്ടാളും മാത്രമേ വീട്ടില്‍ താമസം ഉണ്ടായിരുന്നുള്ളൂ. ഇതേ സമയം കുട്ടി പഠിക്കുന്ന സ്‌കൂളിലെ സെക്യൂരിറ്റി ജീവനക്കാരനായ വയോധികന്‍ ഈ കുടുംബവുമായി അടുപ്പത്തിലായി. വയോധികന്‍ പീഡിപ്പിച്ചെന്ന് സ്‌കൂളിലെ സഹപാഠികളോടാണ് കുട്ടി ആദ്യമായി പറഞ്ഞത്. കുട്ടികള്‍ അധ്യാപകരോട് പറഞ്ഞതിനെ തുടര്‍ന്ന് ആലപ്പുഴ നോര്‍ത്ത് പോലിസില്‍ അറിയിച്ചു. പിന്നാലെ, അവര്‍ വയോധികനെ അറസ്റ്റ് ചെയ്തു. ക്രൂരമായ കുറ്റം ചെയ്തതിനാല്‍ ജാമ്യം ലഭിക്കാതെ വയോധികന്‍ റിമാന്‍ഡില്‍ കഴിയവേ 2023ല്‍ വിചാരണ തുടങ്ങി. കേസില്‍ ഒന്നാം സാക്ഷിയായി കുട്ടി മൊഴി നല്‍കി. പ്രതിഭാഗം ക്രോസ് വിസ്താരം നടത്തുന്നതിനിടയിലാണ് കുട്ടി സത്യം പറയേണ്ടി വന്നത്. വയോധികനെതിരെയുള്ള ആരോപണം പിന്‍വലിച്ച പെണ്‍കുട്ടി ആണ്‍സുഹൃത്തിനെതിരെയാണ് ആരോപണം ഉന്നയിച്ചത്. അതിന് ശേഷം ആണ്‍സുഹൃത്തിനെതിരേയും മൊഴി നല്‍കി. ഇതേ തുടര്‍ന്ന് കോടതി കേസില്‍ തുടരന്വേഷണത്തിന് ഉത്തരവിട്ടു. ഇപ്പോള്‍ ആണ്‍സുഹൃത്ത് റിമാന്‍ഡിലാണ്. ഈ കേസ് ഇപ്പോള്‍ ചെങ്ങന്നൂരിലെ പോക്‌സോ കോടതിയുടെ പരിഗണനയിലാണ്.285 ദിവസത്തിന് ശേഷം വയോധികന് ജാമ്യം ലഭിച്ചെങ്കിലും ശിക്ഷിക്കണമെന്നാണ് പോലിസ് വാദിച്ചത്. അതിനായി അവര്‍ അധിക കുറ്റപത്രവും നല്‍കി. വയോധികന്‍ തന്നെ ഒന്നും ചെയ്തിട്ടില്ലെന്ന് പെണ്‍കുട്ടി വീണ്ടും മൊഴി നല്‍കി. പിന്നീട് മൊഴികള്‍ രേഖപ്പെടുത്തി കോടതി വയോധികനെ വെറുതെവിട്ടു.
Tags:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0അഭിപ്രായങ്ങള്‍

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ (0)