താമസസ്ഥലത്തു മരിച്ചനിലയിൽ കണ്ടെത്തി.

ponnani channel
By -
0
മഞ്ചേരി ∙ മഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രിയിലെ ഫിസിക്കൽ മെഡിസിൻ ആൻഡ് റിഹാബിലിറ്റേഷൻ (പിഎംആർ) വിഭാഗത്തിലെ സീനിയർ റസിഡന്റും വളാഞ്ചേരി നടുക്കാവിൽ ഡോ.സാലിഖ് മുഹമ്മദിന്റെ ഭാര്യയുമായ സി.കെ.ഫർസീനയെ (35) താമസസ്ഥലത്തു മരിച്ചനിലയിൽ കണ്ടെത്തി. മൃതദേഹം മഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറിയിൽ.

ഇന്നലെ വൈകിട്ട് അഞ്ചോടെയാണു മഞ്ചേരി വയപ്പാറപ്പടിയിലെ ഫ്ലാറ്റിലെ കിടപ്പുമുറിയിൽ മരിച്ച നിലയിൽ കണ്ടതെന്നു പൊലീസ് പറഞ്ഞു. വൈകിട്ട് നാലോടെ സഹപാഠികളുടെ വാട്സാപ് ഗ്രൂപ്പിൽ ജീവിതം അവസാനിപ്പിക്കുന്നതു സംബന്ധിച്ച സന്ദേശം അയയ്ക്കുകയും സ്റ്റേറ്റസ് ആയി വയ്ക്കുകയും ചെയ്തു.
സഹപാഠികൾ ഇക്കാര്യം ആശുപത്രിയിലെ പിഎംആർ വിഭാഗം മേധാവിയെ അറിയിച്ചു. അദ്ദേഹം ആശുപത്രിയിലെ ഓർത്തോട്ടിസ്റ്റിനെ ഡോക്ടറുടെ താമസസ്ഥലത്തേക്ക് പറഞ്ഞു വിടുകയും അദ്ദേഹം ഫ്ലാറ്റിലെത്തി ഡോക്ടറോടു വകുപ്പുമേധാവി ആശുപത്രിയിൽ ചെല്ലാൻ ആവശ്യപ്പെട്ടതായി പറയുകയും ചെയ്തു.

വസ്ത്രം മാറി വരാമെന്നു പറഞ്ഞു ഡോക്ടർ അകത്തുകയറി വാതിലടച്ചു. അപ്പോഴേക്കു പൊലീസ് സ്ഥലത്തെത്തിയിരുന്നു. പുറത്തെ വാതിലും ബെഡ് റൂമിന്റെ വാതിലും ചവിട്ടിത്തുറന്നു പൊലീസ് അകത്തുകടന്നപ്പോൾ കിടപ്പുമുറിയിലെ ഹുക്കിൽ തൂങ്ങിയ നിലയിലായിരുന്നു. ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഇന്നലെ ഉച്ചവരെ ഡ്യൂട്ടിയിൽ ഉണ്ടായിരുന്നതായും വിഷാദരോഗത്തിന് ചികിത്സ തേടിയിരുന്നതായും സഹപ്രവർത്തകർ പറഞ്ഞു. 2 മാസം മുൻപാണ് മഞ്ചേരിയിൽ ജോലിക്ക് കയറിയത്. കൽപകഞ്ചേരി മാമ്പ്ര ചെങ്ങണക്കാട്ടിൽ കുഞ്ഞിപോക്കറുടെ മകളാണ്. 2 കുട്ടികളുണ്ട്.
Tags:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0അഭിപ്രായങ്ങള്‍

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ (0)