പൊന്നാനി ഹാർബറിൽ നിർമ്മിച്ച പുനർഗേഹം ഭവനസമുച്ചയത്തിലെ സാങ്കേതിക പ്രശ്നങ്ങൾ അടിയന്തരമായി പരിഹരിക്കുമെന്ന് എം.എൽ.എ. പി. നന്ദകുമാർ അറിയിച്ചു.
പൊന്നാനി : വർഷങ്ങളായി കടലാക്രമണം മൂലം ദുരിതമനുഭവിക്കുന്ന മത്സ്യത്തൊഴിലാളി കുടുംബങ്ങളെ പുനരധിവസിപ്പിക്കുന്നതിനാണ് ഹാർബറിൽ ഭവനസമുച്ചയം നിർമ്മിച്ചത്. ഇതുമായി ബന്ധപ്പെട്ട് ഉയർന്നുവന്ന പരാതികളെക്കുറിച്ച് ചർച്ച ചെയ്യാൻ വിളിച്ചുചേർത്ത വകുപ്പ് മേധാവികളുടെ യോഗത്തിലാണ് എം.എൽ.എ. ഇക്കാര്യം വ്യക്തമാക്കിയത്.
മാലിന്യ സംസ്കരണ പ്രശ്നങ്ങൾ ഉടൻ പരിഹരിക്കും
12.8 കോടി രൂപ ചെലവഴിച്ച് നിർമ്മിച്ച ഭവനസമുച്ചയത്തിലെ മാലിന്യ സംസ്കരണ പ്രശ്നങ്ങൾ പരിഹരിക്കാൻ എം.എൽ.എ. മുൻകൈയെടുത്ത് നടപ്പാക്കുന്ന 157 ലക്ഷം രൂപയുടെ സംസ്കരണ പ്ലാന്റിന്റെ നിർമ്മാണം ഉടൻ പൂർത്തിയാക്കും. സെപ്റ്റംബർ 26-നകം പണി പൂർത്തിയാക്കാമെന്ന് കരാർ കമ്പനിയായ ഐ.ആർ.ടി.സി. ഉറപ്പുനൽകി. പ്ലാന്റിന്റെ അവസാനഘട്ട ജോലികൾ സമയബന്ധിതമായി പൂർത്തിയാക്കാൻ കരാർ കമ്പനി ഉദ്യോഗസ്ഥർക്ക് എം.എൽ.എ. കർശന നിർദേശം നൽകി.
നിലവിലെ പ്രശ്നങ്ങൾക്ക് ശാശ്വത പരിഹാരം കാണുന്നതിന്റെ ഭാഗമായി ബന്ധപ്പെട്ട ജോലികൾ ഉടൻ ആരംഭിക്കാനും, ഉദ്യോഗസ്ഥർ സ്ഥലം സന്ദർശിച്ച് സ്ഥിതിഗതികൾ വിലയിരുത്താനും നിർദേശം നൽകിയതിന്റെ അടിസ്ഥാനത്തിൽ സംഘം സ്ഥലം സന്ദർശിക്കുകയുണ്ടായി
മാലിന്യ സംസ്കരണ പ്രശ്നങ്ങൾക്കു പുറമേ, ഭവനസമുച്ചയത്തിലെ മറ്റ് പ്രശ്നങ്ങൾ സമഗ്രമായി വിലയിരുത്തി പരിഹാരം കാണുന്നതിനായി ഊരാളുങ്കൽ ടീം ഉടൻ തന്നെ സ്ഥലം സന്ദർശിക്കും.
നന്ദകുമാർ എം.എൽ.എയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ നഗരസഭാ ചെയർപേഴ്സൺ ശിവദാസ് ആറ്റുപുറം, ഫിഷറീസ് ജോയിന്റ് ഡയറക്ടർ ഷീജ ടി കോവൂർ, ഫിഷറീസ് ഡി.ഡി. ആഷിഖ്, ഹാർബർ ഇ.ഇ. വിനീത് സി.പി., മുഹമ്മദ് കുഞ്ഞി എം.എ., ഹമീദ്, തീരദേശ വികസന വകുപ്പിന്റെയും ഐ.ആർ.ടി.സി.യുടെയും ഉദ്യോഗസ്ഥർ എന്നിവരും പങ്കെടുത്തു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0അഭിപ്രായങ്ങള്‍