മോദി സർക്കാർ തൊഴിലവകാശത്തെ ഹനിക്കുന്നു: ഹമീദ് വാണിയമ്പലം
തിരൂർ: ഗ്രാമീണ മേഖലയുടെ സാമ്പത്തിക നട്ടെല്ലായ തൊഴിലുറപ്പ് പദ്ധതിയെ ഇല്ലായ്മ ചെയ്യാനുള്ള കേന്ദ്ര സർക്കാർ നീക്കങ്ങൾക്കെതിരെ വെൽഫെയർ പാർട്ടി നേതൃത്വത്തിൽ റെയിൽവേ സ്റ്റേഷൻ മാർച്ച് സംഘടിപ്പിച്ചു. പരിപാടി വെൽഫെയർ പാർട്ടി ദേശീയ വൈസ് പ്രസിഡന്റ് ഹമീദ് വാണിയമ്പലം ഉദ്ഘാടനം ചെയ്തു.
പാവപ്പെട്ടവന്റെ അന്നം മുടക്കുന്ന നയങ്ങളുമായാണ് കേന്ദ്ര സർക്കാർ മുന്നോട്ട് പോകുന്നതെന്ന് അദ്ദേഹം ഉദ്ഘാടന പ്രസംഗത്തിൽ പറഞ്ഞു. "100 ശതമാനം കേന്ദ്രം നൽകിയിരുന്ന വേതന വിഹിതം 60 ശതമാനമാക്കി കുറച്ചതും, ബാക്കി 40 ശതമാനം സംസ്ഥാനങ്ങൾ നൽകണമെന്ന് നിബന്ധന വെച്ചതും പദ്ധതിയെ പാടെ തകർക്കാനാണ്. കേരളം പോലുള്ള സംസ്ഥാനങ്ങൾക്ക് ഇത് താങ്ങാനാവാത്ത സാമ്പത്തിക ബാധ്യതയാണ് ഉണ്ടാക്കുന്നത്. 125 തൊഴിൽ ദിനങ്ങൾ എന്നത് വെറും കബളിപ്പിക്കലാണ്. ഗ്രാമസഭകളുടെ അധികാരം കവർന്നെടുത്ത് പദ്ധതിയെ കേന്ദ്രീകൃതമാക്കുന്നതിലൂടെ ദരിദ്ര ജനവിഭാഗങ്ങളുടെ തൊഴിൽ അവകാശമാണ് ഇല്ലാതാകുന്നത്," ഹമീദ് വാണിയമ്പലം കൂട്ടിച്ചേർത്തു.
കൂലിയുടെയും മറ്റ് ചിലവുകളുടെയും വലിയൊരു ഭാഗം സംസ്ഥാനങ്ങളുടെ മേൽ അടിച്ചേൽപ്പിക്കുന്നത് വഴി കേരളത്തിലെ ഗ്രാമപഞ്ചായത്തുകളുടെ വികസന പ്രവർത്തനങ്ങൾ തടസ്സപ്പെടും. തൊഴിലാളി ആവശ്യപ്പെടുമ്പോൾ ജോലി നൽകുക എന്ന നിയമപരമായ ബാധ്യതയിൽ നിന്ന് കേന്ദ്രം പിന്മാറുകയാണ്. കൃഷി സീസണിന്റെ പേരിൽ 60 ദിവസം തൊഴിൽ നിഷേധിക്കുന്നത് സ്ത്രീ തൊഴിലാളികളെ പട്ടിണിയിലാക്കും.പഞ്ചായത്തുകളുടെ ആസൂത്രണ അധികാരം കവർന്ന് കേന്ദ്രം നിശ്ചയിക്കുന്ന ഇടങ്ങളിൽ മാത്രം ജോലി നൽകുന്ന രീതി ജനാധിപത്യ വിരുദ്ധമാണെന്നും അദ്ദേഹം പറഞ്ഞു.
പ്രതിഷേധ മാർച്ചിൽ ജില്ലാ പ്രസിഡണ്ട് സഫീർ ഷാ അധ്യക്ഷത വഹിച്ചു, ജില്ലാ സെക്രട്ടറി ഇബ്രാഹിം കുട്ടിമംഗലം, സലീന അന്നാര, ഷാറൂൺ അഹ്മദ്, അഫ്സൽ നവാസ്, എ.കെ. സെയ്തലവി എന്നിവർ സംസാരിച്ചു. മണ്ഡലം നേതാക്കളായ മുഹമ്മദ് പൊന്നാനി, ഷാജഹാൻ നല്ലെപ്പാട്ട്, അഷ്റഫലി തിരൂർ, ഡോ.ജൗഹർലാൽ എന്നിവർ പ്രകടനത്തിന് നേതൃത്വം നൽകി. നൂറുകണക്കിന് പാർട്ടി പ്രവർത്തകരും തൊഴിലുറപ്പ് തൊഴിലാളികളും പ്രതിഷേധ മാർച്ചിൽ പങ്കെടുത്തു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0അഭിപ്രായങ്ങള്‍