ഇതു പുതുചരിത്രം തനി കേരള സ്റ്റോറിസംസ്ഥാന ഹജ്ജ് കമ്മിറ്റി മുൻ അംഗം മുഹമ്മദ്‌ കാസിം കോയ

ponnani channel
By -
0
ഇതൊരു മഹാചരിതമാണ്,
ലോകത്തോട് , രാജ്യത്തോട് , വിശിഷ്യാ മലയാള നാടിനോട് ...
ഈ സംസ്ഥാനത്തിൻ്റെ ഭരണത്തലവൻ പറഞ്ഞ വാക്ക് സമ്പൂർണമായും ഇവിടെ പാലിക്ക 
പ്പെടുകയാണ്......

ഉരുളെടുത്ത വയനാട് ചൂരൽമല- മുണ്ടക്കൈ ഗ്രാമങ്ങൾക്ക് അത്യാധുനികതയുടെ നിറപ്പകിട്ടോടെ കൽപ്പറ്റ നഗരമധ്യത്തിൽ എൽസ്റ്റൺ എസ്‌റ്റേറ്റിൽ പുനർജനിക്കാൻ ഇനി ഒരേയൊരു ദിവസം മാത്രം !
വയനാട് ചൂരൽമല- മുണ്ടക്കൈ ഉരുൾപൊട്ടൽ ദുരന്ത ഭൂമിയിലെ സർവ്വതും നഷ്ടപ്പെട്ട കുടുംബങ്ങളെ സംരക്ഷിക്കാൻ സംസ്ഥാന സർക്കാർ ഒരുക്കിയ ടൗൺഷിപ്പ് മാർച്ച് ഒന്നിന് ഞായർ ബഹുമാന്യനായ , കേരളത്തിൻ്റെ അഭിമാനമായ , ലോകത്തിന് മാതൃകയായ മുഖ്യമന്ത്രി പിണറായി വിജയൻ ആ കുടുംബങ്ങൾക്കായി സമർപ്പിക്കുകയാണ് ........


നടുക്കം വിട്ടൊഴിയാത്ത അതിജീവിതരുടെ സ്വപ്നങ്ങൾക്ക് മാരിവില്ലിൻ്റെ നിറം ചാർത്താൻ ചമഞ്ഞൊരുങ്ങുന്ന ആ അത്ഭുത
ഭൂവിലാണ് ഞളിപ്പോൾ ,
ഒരു രാപ്പകൽ കൂടി കഴിഞ്ഞാൽ
ഇവിടെ നിന്നും ഒരു ഒരു ജനതയുടെ ആഹ്ളദത്തിൻ്റെ , സ്വപ്ന സാക്ഷാത്കാരത്തിൻ്റെ കുളിർക്കാറ്റ് ആഞ്ഞാഞ്ഞ് വീശും .....അതു കേരളക്കരയെ ആകെ തഴുകി ത്തലോടി മാറി മാറി..... രാജ്യമാകെ , പിന്നെ , പിന്നെ .... ലോകമാകെ പടരും ...... തീർച്ച !
178 കുടുംബങ്ങളാണ്
ആദ്യഘട്ടത്തിൽ ടൗൺഷിപ്പിൽ താമസമാരംഭിക്കുന്നത് .

ദുരന്തത്തിൽ ഭവനരഹിതരായ ഫേസ് ഒന്നിൽ ഉൾപ്പെട്ടവർക്കാണ് ആദ്യഘട്ടത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ വീടുകൾ കൈമാറുന്നത്. അഞ്ചു സോണിലായി 410 വീടുകളാണ് നിർമിക്കുന്നത്. ഏഴുസെന്റിൽ 1000 ചതുരശ്രയടിയിലാണീ മനോഹര വീടുകൾ ഒരുക്കിയിരിക്കുന്നത്. മൊത്തം 1662 മനുഷ്യ ജീവിതങ്ങൾക്കാണ് ടൗൺഷിപ്പ് തണലും കരുത്തും കാവലുമാകുന്നത്.


ഒരിക്കലും ഓർക്കാൻ ഇഷ്ടപ്പെടാത്ത ആ ദിവസം ,
2024 ജൂലൈ 29 !
പതിവുപോലെ നേരമൊന്നിരുട്ടി വെളുക്കുമ്പോഴേക്കും 
സംഭവിച്ചതെന്തെന്ന് മലയാളിയെ ഇനിയും കൂടുതൽ ഓർമ്മിപ്പിക്കേണ്ടതില്ല.

പക്ഷേ ,
പ്രിയപ്പെട്ടവരെ 
ഇന്നിവിടെ,
ഈ അത്ഭുത ടൗൺഷിപ്പിൽ എത്തിയപ്പോൾ ഒരു പുണ്യ ഭൂമിയിലെത്തിയത്തിൻ്റെ അനുഭൂതിയാണ് അനുഭവപ്പെടുന്നത് . വിവരണാതീതമാണ് ....
ചുരുക്കി പറയാം, 
മഹാനായ കവി അല്ലാമാ മുഹമ്മദ് ഇഖ്ബാലിൻ്റെ വരികളിലൂടെ -
"ഈ ഭൂമിയിൽ എവിടെയെങ്കിലും ഒരു സ്വർഗ്ഗമുണ്ടെങ്കിൽ ഇതിവിടെയാണ് , ഇവിടെയാണ് ..... "
തീർച്ചയായും ഇവിടം സ്വർഗ്ഗമാണ് .
ഒന്നു വന്നു കാണണം 
നേരിൽ ....

ഒരു സർക്കാർ , എങ്ങനെ
ഈ ദുരന്തബാധിതരോട് നീതി പുലർത്തി എന്നത് അറിയാൻ ,
അനുഭവിച്ചറിയാൻ .
ഒരു ഭരണകൂടവും ഭരണാധികാരിയും നൽകിയ ഉറപ്പ് 
എത്ര മാത്രം പാലിച്ചു എന്നറിയണമെങ്കിൽ 
ഈ സ്വർഗ്ഗപ്പൂങ്കാവനം വന്നു കാണുക തന്നെ വേണം ......




 *വെറും വീടല്ല , മനോഹര വില്ലയാണിത്* 


കേവലം ഒരു വീടല്ല ,
ഒരു ജനതയ്ക്ക് ആവശ്യമുള്ളതെല്ലാം ഒരു കുടക്കീഴിൽ ഒന്നിച്ച് ഒരുക്കി നൽകുന്ന അത്യാധുനികവും അതി മനോഹരവുമായ ടൗൺഷിപ്പാണിത്. രാജ്യത്തിനെന്നല്ല ലോകത്തിന് തന്നെ മാതൃകയാകുന്ന ഒരു മഹത്തായ പുനരധിവസ പദ്ധതിയാണിവിടെ പൂർത്തിയാക്കുന്നത് എന്ന് ആത്മാഭിമാനത്തെ ഇവിടെ, ഈ മണ്ണിൽ അമർത്തി ചവിട്ടി നിന്നു 
നെഞ്ചിൽ കൈ അമർത്തി പറയുന്നു.....


പിന്നിട്ട നാളുകളിൽ
വയനാട്ടിലെ കൊടും തണുപ്പും കോട മഞ്ഞും മറികടന്നാണ് 1500ലേറെ തൊഴിലാളികൾ രാപ്പകൽ ഭേദമില്ലാതെ , ഒരു ദിവസം , ഒരു നേരം ഇടതടവില്ലാതെ പണിയെടുത്താണ് ടൗൺ ഷിപ്പ് ഒരുക്കിയത്. ഇതാ ഇപ്പോഴും ഈ നിമിഷം ഓരോ ഭാഗത്തും നൂറു കണക്കായ തൊഴിലാളികൾ
കൈ മെയ് മറന്ന് തൊഴിലെടുത്തു കൊണ്ടിരിക്കുന്നു. ഈ ടൗൺ ഷിപ്പിൻ്റെ കരാറുകാരായ ഊരാളുങ്കൽ ലേബർ കോൺട്രാക്ട് സൊസൈറ്റിയുടെ മഹാവിസ്മയക്കാഴ്ച കൂടി ഇവിടെ ദർശിക്കാനാകും. 1500 തൊഴിലാളികൾ മൂന്ന് ഷിഫ്റ്റിൽ 
അത്ഭുതം പണിയുകയാണിവിടെ. .
 ഓരോ വീടിനും മനോഹരമായ ചുറ്റുമതിൽ , മുൻഭാഗം നക്ഷത്ര ഹോട്ടലുകൾക്കും റിസോട്ടുകൾക്കുമപ്പുറത്തെ
മനോഹാരിത .വിശാലമായ
നടുമുറി. കുട്ടികൾക്ക് പഠിക്കാൻ പ്രത്യേക ഇടം , വിശാലമായ രണ്ടു കിടപ്പുമുറി .ഇതിലൊന്നിന് ശുചിമുറിയും. എല്ലാവർക്കുമായി മറ്റൊരു ശുചിമുറി , അമ്പരപ്പിക്കുന്ന അടുക്കള , രണ്ടാമതും നിർമിക്കാൻ മുകളിൽ ഒഴിഞ്ഞ സ്ഥലം .
എല്ലാ വീടിനും സോളാർ സംവിധാനം . മിച്ചമാകുന്ന സോളാർ വൈദ്യുതി
KSEB യ്ക്ക് നൽകാം.
മികച്ച വൈദ്യുതീകരണം ,
പ്ലമ്പിങ് ഉൾപ്പെടെ മറ്റെല്ലാം ഉന്നത നിലവാരത്തിൽ .

ടൗൺഷിപ്പിനുള്ളിലെ 11.42 കിലോമീറ്റർ റോഡിന്റെ പണിയും അതിവേഗത്തിൽ പുരോഗമിക്കുകയാണ്. 9.5 മീറ്റർ വീതിയുള്ള രണ്ട് ഉപറോഡ് 2.70 കിലോമീറ്ററിൽ . അഞ്ച് സോണുകളിൽ 35 ക്ലസ്റ്ററുകളിലേക്കാണ് റോഡ് ഒരുക്കിയിരിക്കുന്നത് . 5.8 മീറ്റർ വീതിയാണ് ക്ലസ്റ്റർ റോഡുകൾക്ക്. ഒമ്പത് ലക്ഷം ലിറ്റർ ശേഷിയിൽ കുടിവെള്ള സംഭരണി, 10 സിവേജ് ട്രീറ്റ്മെന്റ് പ്ലാന്റ്, ഭൂഗർഭവൈദ്യുത ശൃംഖല, എല്ലായിടത്തുമായി സമ്പൂർണ ഓവുചാൽ സംവിധാനം ...... ഈ ടൗൺ ഷിപ്പ് കണ്ടാൽ 
പശ്ചാത്യ വികസിത മുതലാളിത്ത രാജ്യങ്ങൾ പോലും അമ്പരക്കും !
 
തീരുന്നില്ല വയനാടൻ വിസ്മയം,
ടൗൺ ഷിപ്പിനെ പൂർണമായും ഒരു പൂന്തോട്ടമാക്കിയിരിക്കുന്നു.
ഓരോ വീൻ്റെയും ജനൽ പാളി മെല്ലെത്തുറന്നാൽ മനോഹരമാണ് പുറം കാഴ്ച .
പച്ചപുതച്ച മലമടക്കുകൾക്കൊപ്പം
വീട്ടുപരിസരങ്ങളെ ഉദ്യാനമാക്കിയതിൻ്റെ കാഴ്ചഭംഗി ഓരോ മനസ്സിനും കുളിരേകുന്നതാണ്.
   
കേവലം ആളടുക്കാത്ത ആന കേറി മദിക്കുന്ന കാട്ടു ഭൂമിയല്ല , നഗരഹൃദയത്തിൽ ഒരു സെൻ്റിന് 25 ലക്ഷം വിലമതിക്കുന്നിടത്താണ്
കൽപ്പറ്റ വില്ലേജിലെ എൽസ്റ്റൺ എസ്റ്റേറ്റിലെ 64.4705 ഹെക്ടർ ഭൂമി സർക്കാർ ഏറ്റെടുത്ത്
സ്വപ്ന ഭവനം തീർത്തിരിക്കുന്നത്.



 


 *ടൗൺഷിപ്പിൽ കൂടുതൽ എന്തെല്ലാം....* 


  410 വീടുകളിലായി 1662 ൽ ഏറെപ്പേർക്ക് തണലൊരുങ്ങുന്നതിനൊപ്പം പൊതു റോഡ് , മികച്ച ആരോഗ്യ കേന്ദ്രം, അങ്കണവാടി, പൊതുമാർക്കറ്റ്, കമ്മ്യൂണിറ്റി സെന്ററുകൾ എന്നിവയുമുണ്ട് . 

ആരോഗ്യ കേന്ദ്രത്തിൽ ലബോറട്ടറി, ഫാർമസി, പരിശോധന-വാക്സിനേഷൻ-ഒബ്സർവേഷൻ മുറികൾ, ഒപി ടിക്കറ്റ് കൗണ്ടർ സൗകര്യങ്ങളും സജീകരിക്കും. പൊതു മാർക്കറ്റിൽ കടകൾ, സ്റ്റാളുകൾ, ഓപ്പൺ മാർക്കറ്റ്, കുട്ടികൾക്ക് കളി സ്ഥലം, വിശാല പാർക്കിങ് . മർട്ടി പർപ്പസ് ഹാൾ, കളി സ്ഥലം, ലൈബ്രറി, സ്പോട്സ് ക്ലബ്ബ്, ഓപ്പൺ എയർ തിയേറ്റർ എന്നിവ കമ്യൂണി സെന്ററിനോടനുബന്ധിച്ചു നിർമ്മിക്കുന്നു.

ഭൂമി ഏറ്റെടുത്തതിന് തൊട്ടടുത്ത ദിവസം നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിച്ചതാണ്. 2025 മാർച്ച് 27 ന് മുഖ്യമന്ത്രി പിണറായി വിജയൻ ടൗൺഷിപ്പിന് തറക്കല്ലിട്ടു. സർവ്വതും നഷ്ടമായ ഒരു ജനതയുടെ സ്വപ്നമാണ് എൽസ്റ്റൺ എസ്റ്റേറ്റിലെ പുനരധിവാസ ടൗൺഷിപ്പിൽ തളിരിടുന്നത് . ടൗൺഷിപ്പിന്റെ ശേഷിക്കുന്ന നിർണ പ്രവർത്തനങ്ങളും അതിവേഗം പുരോഗമിക്കുകയാണ്.




 *പുണ്യ നാളിലെ തീർത്ഥാടനം* 


പുണ്യ റമളാനിലെ നട്ടു നേരത്ത് ചെറിയ മക്കയായ പൊന്നാനിയിൽ നിന്നും പുറപ്പെട്ട് , കോഴിക്കോട് താമസക്കാരനും തനി പൊന്നാനിക്കാരനുമായ ദേശാഭിമാനിയുടെ പ്രിയപ്പെട്ട മനാഫ് താഴത്തുമായാണ് ചുരം കയറി കല്പറ്റയിലെത്തിയത്.

കേരളത്തിലെ ജനകീയ സർക്കാർ ഒരുക്കിയ കല്പറ്റ നഗരത്തിലെ ഈ ടൗൺ ഷിപ്പിൽ എത്തിയപ്പോൾ മാനന്തവാടിക്കാരനായ ആശിഖും ഉമ്മയും ഞങ്ങളെ കാത്തു നിൽപ്പുണ്ടായിരുന്നു .

പ്രവേശ കവാടം മുതൽ ഒരറ്റം വരെയും കടന്നു ചെല്ലുമ്പോൾ വിസ്മയങ്ങൾക്കു മേൽ പുതുവിസ്മയങ്ങളായിരുന്നു കാഴ്ചകൾ .

റിട്ട. മിലിട്ടറി ഓഫീസറും പയ്യോളി സ്വദേശിയുമായ കാവൽ ചുമതലക്കാരനായ വിനോദിൻ്റെ സ്വീകരണത്തിന് പത്തര മാറ്റിൻ്റെ തിളക്കം . നിറപുഞ്ചിരിയിൽ പൊതിഞ്ഞ വിവരണം, കൂടെ ആശിഖിൻ്റെ വിശദീകരണം വേറെയും . അവിശ്വസനീയമായ വിസ്മയ കാഴ്ചയിൽ പ്രിയ സുഹൃത്ത് മനാഫ് തലങ്ങും വിലങ്ങും ഓടുന്നത് കാണാമായിരുന്നു. ഒരു ദിവസം മുഴുവനായും കാണാൻ വേണമെന്നും നാടിത് കണ്ട് മനസ്സിലാക്കണമെന്നും മാതൃക പദ്ധതിയെന്നും മനാഫിൻ്റെ പക്ഷം ! 

 ലോകാൽഭുതങ്ങളിൽ അത്യത്ഭുതമെന്ന് തിരുത്തി ഞാനും !

ടൗൺ ഷിപ്പ് കാണാനെത്തിയ ഞങ്ങളെ ഹൃദ്യമായി വരവേറ്റ കെ റഫീഖ് എന്ന വയനാടിൻ്റെ നേതാവിനെ ഒരിക്കലും വിസ്മരിക്കാനാവില്ല.

 വിദ്യാർഥി യുവജന നേതാവിലൂടെ വളർന്ന് വയനാട്ടിലെ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിൻ്റെ നേതൃത്വമായി വളർന്ന സിപിഐ എം ജില്ലാ സെക്രട്ടറി പ്രിയ സഖാവ് റഫീഖിൻ്റെ മുല്ലപ്പൂ പോലുള്ള ചിരിയോടെയുള്ള കൂടിക്കാഴ്ച ഈ വയനാടൻ വരവിൻ്റെ ഏറ്റവും വലിയ മിച്ചമാണ് , മേന്മയാണ്. അദ്ദേഹം ടൗൺ ഷിപ്പ് പദ്ധതിയെപ്പറ്റി വിശദീകരിച്ചു. കൂടെ ജില്ലാപഞ്ചായത്ത് തിരുനെല്ലി ഡിവിഷൻ പ്രതിനിധി കൂടിയായ DYF വയനാട് ജില്ലാ പ്രസിഡൻ്റ് കെ ആർ ജിതിൻ ഉണ്ടായിരുന്നു. വിനയത്തോടെയുള്ള ഈ യുവജന നേതാവിൻ്റെ ഇടപെടലും വല്ലാതെ ഇഷ്ടമായി.

ഇത്രയോറെ തൊഴിലാളികൾ രാവു പകലാക്കി പണിയെടുക്കുമ്പോൾ ഇവത്രക്കൊപ്പം പദ്ധതിയുടെ സ്പെഷ്യൽ ഓഫീസർ എസ് സുഹാസ് (ഐഎഎസ് ) നേതൃത്വമായി , സർക്കാറിൻ്റെ മേൽനോട്ടക്കാരനായി എപ്പോഴും ഇവിടെത്തന്നെയുണ്ട്. ഇടവിടാതെ ജില്ലാ കലക്ടർ ഡിആർ മേഘശ്രീ (ഐഎഎസ് ) ടൗൺഷിപ്പിൻ്റെ പൂർത്തീകരണത്തിനായി സദാ കൂടെയുണ്ട് . ഇതിനെല്ലാമപ്പുറം മുഖ്യമന്ത്രി , റെവന്യു മന്ത്രി , മറ്റു മന്ത്രിമാർ , ചീഫ് സെക്രട്ടറി , മറ്റു ഉന്നത ഉദ്യോഗസ്ഥർ എല്ലാവരും എപ്പോഴും ഉണർന്നിരിക്കുന്നു പദ്ധതി പൂർത്തീകരണത്തിനായി .

ഇതൊരു മഹത്തായ കൂട്ടായുടെ ,സർക്കാറിൻ്റെ ഇച്ഛാശക്തിയുടെ , ഒരു ഭരണ മുന്നണിയുടെ കടമയുടെയും കടപ്പാടിൻ്റെയും മാതൃകയാണ് , വെറും മാതൃകയല്ല , മഹത്തായ മാതൃക !





 *കരുതലിൻ്റെ താക്കോൽ നൽകുന്നു ...* 


പ്രിയപ്പെട്ടവരെ



കരുതലിൻ്റെ താക്കോൽ മുഖ്യമന്ത്രി പിണറായി വിജയൻ നൽകുന്ന , 

മാർച്ച് ഒന്നിന് ഞായർ പകൽ മൂന്നിന് നടക്കുന്ന ചടങ്ങിൽ റവന്യു മന്ത്രി കെ രാജൻ അധ്യക്ഷനാകും മന്ത്രിമാരായ ഒ ആർ കേളു ,പി എ മുഹമ്മദ് റിയാസ് , റോഷി അഗസ്റ്റിൻ, എ കെ. ശശീന്ദ്രൻ, കടന്നപ്പള്ളി രാമചന്ദ്രൻ, കെ.ബി. ഗണേഷ്‌കുമാർ , പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ, പ്രതിപക്ഷ ഉപനേതാവ് പി കെ കുഞ്ഞാലിക്കുട്ടി, വയനാട് എം.പി പ്രിയങ്ക ഗാന്ധി, കൽപ്പറ്റ എം.എൽ.എ ടി. സിദ്ദിഖ്, മറ്റ് ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുക്കും. ചീഫ് സെക്രട്ടറി ഡോ. എ ജയതിലക് സ്വാഗതം ആശംസിക്കുന്ന ചടങ്ങിൽ റവന്യു- ദുരന്തനിവാരണ വകുപ്പ് സെക്രട്ടറി എം ജി രാജമാണിക്യം പ്രോജക്ട് റിപ്പോർട്ട് അവതരിപ്പിക്കും. വയനാട് ടൗൺഷിപ്പ് പ്രോജക്ട് സ്‌പെഷ്യൽ ഓഫീസർ എസ് സുഹാസ് നന്ദി അറിയിക്കും. നിങ്ങളും പങ്കാളികളാവുക ......
Tags:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0അഭിപ്രായങ്ങള്‍

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ (0)