പൊന്നാനി എം.ഐ ഹൈസ്കൂളിൽ ഫോറസ്ട്രി ക്ലബ്ബിന് തുടക്കമായി

ponnani channel
By -
0

പൊന്നാനി: പ്രകൃതി സംരക്ഷണത്തിന്റെയും ജൈവവൈവിധ്യത്തിന്റെയും പ്രാധാന്യം വിദ്യാർത്ഥികളിലെത്തിക്കുക എന്ന ലക്ഷ്യത്തോടെ പൊന്നാനി എം.ഐ ഹൈസ്കൂളിൽ ഫോറസ്ട്രി-പരിസ്ഥിതി ക്ലബ്ബിന് ഉജ്ജ്വല തുടക്കം. ക്ലബ്ബിന്റെ ഔപചാരികമായ ഉദ്ഘാടനം പൊന്നാനി കൃഷിഭവൻ ഓഫീസർ ശ്രീ. ശ്രീകുമാർ നിർവഹിച്ചു.
സ്കൂൾ ഹെഡ്മാസ്റ്റർ ശ്രീ. ഷൈജൻ ടി.കെയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ പ്രകൃതി സംരക്ഷണത്തിന്റെ ആവശ്യകതയെക്കുറിച്ച് കൃഷി ഓഫീസർ വിദ്യാർത്ഥികളുമായി സംവദിച്ചു. ജൈവവൈവിധ്യങ്ങൾ നാടിന്റെ വിലപ്പെട്ട സമ്പത്താണെന്നും, ഭൂമിയിൽ ജീവൻ നിലനിർത്താൻ അവ അത്യന്താപേക്ഷിതമാണെന്നും അദ്ദേഹം കുട്ടികളെ ഓർമ്മിപ്പിച്ചു.
മാറിവരുന്ന കാലാവസ്ഥാ വ്യതിയാനങ്ങൾ പ്രകൃതിയെ നാം നശിപ്പിക്കുന്നതിന്റെ അനന്തരഫലമാണെന്നും, അതിനാൽ പ്രകൃതിയെ സംരക്ഷിക്കാൻ നാം ഓരോരുത്തരും പ്രതിജ്ഞാബദ്ധരാകണമെന്നും അധ്യക്ഷപ്രസംഗത്തിൽ ശ്രീ. ഷൈജൻ ടി.കെ വ്യക്തമാക്കി.
ചടങ്ങിൽ ഫോറസ്ട്രി ക്ലബ്ബിന്റെ ഔദ്യോഗിക ലോഗോ പ്രകാശനം പൊന്നാനി മുൻസിപ്പൽ വാർഡ് കൗൺസിലർ ശ്രീമതി. സൗദാബി നിർവഹിച്ചു. പരിസ്ഥിതി ക്ലബ്ബ് സ്റ്റാഫ് കൺവീനർ ശ്രീ. കുഞ്ഞൻ ബാവ കെ. ഏവർക്കും സ്വാഗതവും, അധ്യാപകനായ ശ്രീ. കബാബ് ബീരാൻ നന്ദിയും രേഖപ്പെടുത്തി. പരിസ്ഥിതി സംരക്ഷണ പ്രവർത്തനങ്ങൾക്ക് മുൻകൈയെടുക്കുമെന്ന വിദ്യാർത്ഥികളുടെ കൂട്ടായ തീരുമാനത്തോടെയാണ് ചടങ്ങ് അവസാനിച്ചത്.
Tags:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0അഭിപ്രായങ്ങള്‍

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ (0)