ഉണർവ് നാടൻ പാട്ട് സംഘം പൊന്നാനിയിൽ കൊട്ടിപ്പാടിയപ്പോൾ പാട്ടിനൊപ്പം നിറഞ്ഞാടി പൊന്നാനിയിലെ കലാസ്വാദകരും.
കേരളക്കരയിലെ മൺമറഞ്ഞു പോകുന്ന ആചാര പെരുമകളെയും തപ്പ് താളങ്ങളെയും കോർത്തിണക്കി വയനാട് കൽപ്പറ്റയിലെ ഉണർവ് നാടൻ കലാപഠന കേന്ദ്രത്തിലെ 17 കലാകാരൻമാർ അണിനിരത്തിയ ദൃശ്യ കലാവിരുന്നിൽ അരങ്ങും വേറിട്ടതായി. വള്ളുവനാടിന്റെ തനത് ജീവിത പരിസരങ്ങളിൽ നിന്നും ആചാര പെരുമയുടെ പുതിയ കാലത്തിലേക്ക് നടന്നെത്തിയ വട്ട മുടിയെന്ന കലാരൂപവും ദൃശ്യാവിഷ്ക്കാരത്തിന് ചാരുതയേകി. വട്ട കിരീടവും ചുവപ്പ് കറുപ്പും ഇടകലർന്ന പട്ടുതുണിയുടുത്തും അസുര ചെണ്ടയുടെ താളത്തിൽ വള്ളുവനാടൻ ദൈവിക കലാരൂപങ്ങൾ വേദിയിൽ നിറഞ്ഞാടി. കലം പൂജയിൽ തുടങ്ങി ഗോത്ര ജീവിതക്കാഴ്ചകളിൽ നിന്നും അടർത്തിയെടുത്ത പാട്ടുകളിലൂടെ കേരളക്കരകളിലൂടെയുള്ള പാടി പതിഞ്ഞ പാട്ടുകളും ദൃശ്യ താള ലയമായിരുന്നു. കരിങ്കാളിക്കഥയുടെ പുനരാവിഷ്കാരവും പാട്ടിന്റെയും ചുവടുകളുടെയും താളത്തിൽ സദസ്സിന് പുതുമയുള്ള അനുഭവമായി. പരുന്തുകളി, മുടിയാട്ടം, അലാമിക്കളി, മംഗലംകളി തുടങ്ങിയ സാംസ്കാരിക കേരളത്തിന്റെ അണിയറയിലേക്ക് ചുരുങ്ങിപ്പോയ നാടൻകലയുടെ പുനരാവിഷ്കാരവും ഉണർവ്വ് നാടൻ പാട്ടുകളും ദൃശ്യാവിരുന്നിന് ചാരുതയേകി