ചത്ത പൂച്ചയുടെ മാംസാവശിഷ്ടം ഭക്ഷിച്ച അസം സ്വദേശിയെ കുതിരവട്ടം മാനസിക കേന്ദ്രത്തിൽ പ്രവേശിപ്പിച്ചു

ponnani channel
By -
0

കുറ്റിപ്പുറം : ചത്ത പൂച്ചയുടെ മാംസാവശിഷ്ടം ഭക്ഷിച്ച അസം സ്വദേശി ദിബോജിത് റോയ് ( 27) നെ കോഴിക്കോട് കുതിരവട്ടം മാനസിക ആരോഗ്യ കേന്ദ്രത്തിൽ പ്രവേശിപ്പിച്ചു. ഇന്നലെ ഉച്ചയോടെയാണ്  യുവാവിനെ കുതിര വട്ടത്തെ മാനസിക ആരോഗ്യ കേന്ദ്രത്തിൽ പ്രവേശിപ്പിച്ചത്. ശനിയാഴ്ച വൈകീട്ട് കുറ്റിപ്പുറം ബസ്റ്റാൻഡ് പരിസരത്തെ മാലിന്യ കൂമ്പാരത്തിന് സമീപം വെച്ച് ചത്ത പൂച്ചയുടെ അവശിഷ്ടം തിന്നുന്നത് നാട്ടുകാരുടെ ശ്രദ്ധയിൽപ്പെട്ടത്. സംഭവം നാട്ടുകാർ കുറ്റിപ്പുറം പൊലിസിനെ അറിക്കുകയും ചെയ്തു. ഇതിനെ തുടർന്ന് സ്ഥലത്തെത്തിയ സി.ഐ ഒ.പത്മരാജൻ്റെ നേതൃത്വത്തിൽ യുവാവിൽ നിന്ന് വിവരങ്ങൾ ചോദിച്ചറിഞ്ഞു. ഇതോടെയാണ് മനുഷ്യ മനസാക്ഷിയെ ഞെട്ടിച്ച വിവരം പുറത്ത് വന്നത്.



വിശപ്പ് സഹിക്കാൻ കഴിയാത്തത് കൊണ്ടാണ് താൻ പൂച്ചയുടെ മാംസാവശിഷ്ടങ്ങൾ ഭക്ഷിച്ചെതെന്ന് യുവാവ് പൊലിസിനോട് വെളിപ്പെടുത്തിയത്. ഇതു കേട്ട നാട്ടുകാരും സാമൂഹ്യ പ്രവർത്തകരും ഇയാൾ ഷവർമയും പഴങ്ങളും വാങ്ങി നൽകി. ഭക്ഷണം ആർത്തിയോടെ കഴിച്ച യുവാവ് പിന്നീട് അവിടെ നിന്നും ഓടി മറഞ്ഞു. ഇന്നലെ സംഭവം മാധ്യമങ്ങളിലൂടെ പുറലോകം അറിഞ്ഞതോടെ ഇയാളെ തേടി പൊലിസ് തിരച്ചിൽ ആരംഭിച്ചു. അവസാനം കുറ്റിപ്പുറം റെയിൽവേ സ്റ്റേഷനിൽ നിന്നും ദിബോജിത് റോയിയെ കണ്ടെത്തി. എസ്.ഐമാരായ ഡി.ശെൽവകുമാർ, വാസുണ്ണി എന്നിവരുടെ നേതൃത്വത്തിൽ ഇയാളെ പൊലിസ് സ്‌റ്റേഷനിൽ എത്തിച്ചു. ഇവിടെ നിന്നും യുവാവിനെ കുളിപ്പിച്ച് പുതുവസ്ത്രം ധരിപ്പിച്ചു. പൊലിസ് കാൻ്റീനിൽ നിന്ന് ഭക്ഷണവും നൽകി. പിന്നീട് യുവാവിൽ നിന്നും അസമിലെ ബന്ധുക്കളുടെ മേൽവിലാസം വാങ്ങിയ പൊലിസ് അവരുമായി ഫോണിൽ ബന്ധപ്പെട്ടു. ഇവരിൽ നിന്നും യുവാവിന് മാനസിക വിഭ്രാന്തിയുണ്ടെന്ന് മനസിലാക്കിയ പൊലിസ് കുറ്റിപ്പുറം താലൂക്ക് ആശുപത്രിയിൽ എത്തിച്ച് വൈദ്യ പരിശോധന നടത്തി. ഇവിടെ വച്ച് നടത്തിയ പരിശോധനയിൽ യുവാവ് കടുത്ത മാനസിക രോഗത്തിന് അടിപ്പെട്ടിട്ടുണ്ടെന്ന് സ്ഥിരീകരിച്ചു. ഇതോടെ പൊലിസ് ഇയാളെ കുതിരവട്ടത്തെ മാനസിക കേന്ദ്രത്തിലേക്ക് ചികിത്സയ്ക്ക് അയക്കുകയായിരുന്നു.



Tags:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0അഭിപ്രായങ്ങള്‍

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ (0)