സുൽഫത്തിൻ്റെ പുസ്തകങ്ങൾ

ponnani channel
By -
0
പൊന്നാനി: ഡോക്ടറാകാൻ പഠിച്ച സുൽഫത്തിൻ്റെ പുസ്തകങ്ങൾ ഇനി പഠിച്ചിറങ്ങിയ സ്കൂൾ ലൈബ്രറിക്ക് സ്വന്തം. പണമില്ലാത്തതിൻ്റെ പേരിൽ മെഡിക്കൽ എൻട്രൻസിന് പോകാനാകാത്തവർക്ക് ഈ പുസ്തകൾ വഴി തുറക്കും. മത്സ്യത്തൊഴിലാളി കുടിലിൽ നിന്ന് ആദ്യമായി ഡോക്ടറായ പൊന്നാനി അഴീക്കൽ സ്വദേശി സുൽഫത്ത് നീറ്റ് പരീക്ഷക്ക് തയ്യാറെടുക്കാൻ പഠിച്ച പുസ്തകങ്ങളാണ് പുതുപൊന്നാനി എം ഐ ഗേൾസ് ഹയർ സെക്കണ്ടറി സ്ക്കൂളിലെ ഹയർ സെക്കണ്ടറി ലൈബ്രറിക്ക് കൈമാറിയത്.

പഠിക്കാൻ മിടുക്കികളായ തീരദേശത്തെ പെൺകുട്ടികൾക്ക് ഉപകാരപ്പെടണമെന്ന ആഗ്രഹത്തോടെയാണ് പുസ്തകങ്ങൾ സ്കൂളിന് നൽകിയത്. സുൽഫത്തിൻ്റെ ഉപ്പ അബ്ദുല്ലത്തീഫും സഹോദരി നൂറുൽ ഫിദയും ചാക്ക് നിറയെ പുസ്തകവുമായെത്തി സുൽഫത്തിൻ്റെ ആഗ്രഹം പങ്കുവെക്കുകയായിരുന്നു. സുൽഫത്ത് പ്ലസ്ടു വരെ പഠിച്ചത് പുതുപൊന്നാനി എം ഐ ഗേൾസിലായിരുന്നു. എസ് എസ് എൽ സിയും പ്ലസ്ടുവും ഫുൾ എ പ്ലസ്സോടെയാണ് പാസായത്.

സർക്കാർ പിന്തുണയോടെ ഡോക്ടർ പഠനം പൂർത്തിയാക്കിയ സുൽഫത്ത് ആദ്യമെത്തിയതും സ്കൂളിലേക്കായിരുന്നു. തീരദേശത്തു നിന്നുള്ള പെൺകുട്ടികളോട് പ്രചോദനത്തിൻ്റെ കരുത്തുള്ള പാഠങ്ങൾ പങ്കുവെച്ചാണ് അന്നു മടങ്ങിയത്. കൊല്ലത്തു നിന്ന് ഹൗസ് സർജൻസി പൂർത്തിയാക്കിയ ന്നുൽഫത്ത് ഇപ്പോൾ പെരിന്തൽമണ്ണ ഇ എം എസ് ആശുപത്രിയിലാണ് പ്രക്ടീസ് ചെയ്യുന്നത്.

വീടിനകത്ത് അടഞ്ഞിരിക്കുന്ന പുസ്തകങ്ങൾ ദാരിദ്ര്യം കൊണ്ട് പഠനം നിഷേധിക്കപ്പെട്ടവർക്കു മുന്നിൽ തുറക്കപ്പെടട്ടെയെന്നത് സുൽഫത്തിൻ്റെ നിശ്ചയമായിരുന്നു. സഹോദരി നൂറുൽ ഫിദ ഇത്താത്തയുടെ നന്മ നിറഞ്ഞ തീരുമാനത്തിനൊപ്പം നിന്നു. ബി ഡി എസ് രണ്ടാം വർഷ വിദ്യാർത്ഥിനിയായ നൂറുൽ ഫിദ തൻ്റെ പുസ്തകങ്ങൾ പ്ലസ് ടു പഠനം പൂർത്തിയാക്കിയ എം ഐ ഹയർ സെക്കണ്ടറി സ്കൂളിന് കൈമാറി.

ദാരിദ്ര്യത്തിൻ്റെ തീ ചൂളയിൽ ഡോക്ടർ പഠനമെന്ന വലിയ മോഹത്തെ ചുട്ടെടുത്ത വെല്ലുവിളിയുടെ വഴികൾ അനുഭവ സാക്ഷ്യമായി മുന്നിലുള്ള സുൽഫത്തിന് തൻ്റെ ആഗ്രഹ സാഫല്ല്യത്തിന് വഴിയൊരുക്കിയ പുസ്തകങ്ങൾ ആർക്കും വേണ്ടാതെ അടച്ചുപൂട്ടിവെക്കാൻ ആകില്ലായിരുന്നു. അതിൽ നിന്നാണ് കൈമാറ്റമുണ്ടായത്. 

പുസ്തകങ്ങൾ സുൽഫത്തിൻ്റെ ഉപ്പ അബ്ദുൽ ലത്തീഫും സഹോദരി നൂറുൽ ഫിദയും ചേർന്ന് പുതുപൊന്നാനി എം ഐ ഗോൾസ് ഹയർ സെക്കണ്ടറി സ്കൂൾ പ്രിൻസിപ്പാൾ കെ ആസിഫിന് കൈമാറി. അധ്യാപകരായ വി പി അബ്ദുൽ മനാഫ്, വി അഷറഫ്, വി ഷീല, ദിലി വിശ്വം, കെ വി സജ്ന എന്നിവർ സംബന്ധിച്ചു.


ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0അഭിപ്രായങ്ങള്‍

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ (0)