പുതുമയുളള വിദ്യാലയ വിശേഷങ്ങളൊരുക്കി സംസ്ഥാന തലത്തില്‍ ഒട്ടേറെ അംഗീകാരങ്ങള്‍ നേടിയ പുറത്തൂർ ഗവൺമെന്റ് യുപി സ്കൂൾ, വിദ്യാര്‍ഥികളുടെ ഗ്രാന്റ് പാരന്റ്സിനായി വിമാനയാത്രയൊരുക്കുന്നു. സ്കൂളിീല്‍ നടത്തിയ ഗ്രാന്റ് പാരന്റ്സ് കോഫിഡേയില്‍ പങ്കെടുത്തവരില്‍ നിന്നും തെരഞ്ഞെടുക്കപ്പെട്ട 10 ഗ്രാന്റ് പാരന്റ്സിനു സമ്മാനമായി കര- ജല- വ്യോമ യാത്രയാണ് സ്കൂള്‍ പി.ടി.എ യുടെ നേതൃത്വത്തില്‍ ഒരുക്കുന്നത്. സ്കൂള്‍ വെല്‍ഫയര്‍ കമ്മറ്റി ചെയര്‍മാന്‍ ശ്രീ. സി.പി കുഞ്ഞിമൂസയാണ് വിമാനയാത്ര സ്പോണ്‍സര്‍ ചെയ്തത്. മാര്‍ച്ച് 30 നു എറണാകുളത്തെത്തി മെട്രോ, വാട്ടര്‍മെട്രോ എന്നിവയില്‍ സഞ്ചരിച്ചു നെടുമ്പാശ്ശേരിയില്‍ നിന്നും കണ്ണൂര്‍ എയര്‍പോര്‍ട്ടിലേക്ക് പോകും. രാത്രി കണ്ണൂരില്‍ താമസിച്ചു അടുത്ത ദിവസം ട്രെയിന്‍ മാര്‍ഗം നാട്ടിലേക്കു മടങ്ങും. കൃത്യമായ മാനദണ്ഡങ്ങള്‍ രൂപപ്പെടുത്തി നിരന്തരമായി നടത്തിയ വിലയിരുത്തലിലൂടെയാണ് അര്‍ഹരായ യാത്രികരെ കണ്ടെത്തിയത്.
സമൂഹത്തിൽ വേണ്ടത്ര പരിഗണന കിട്ടാത്ത മുത്തശ്ശന്മാരെയും മുത്തശ്ശിമാരെയും ആദരിക്കുന്നതിനും അവരുടെ ഒഴിവും കഴിവും വിദ്യാർത്ഥികളുടെ പഠനത്തിലും വളർച്ചയിലും ഉപയോഗപ്പെടുത്തുന്നതിനുമായി നടത്തുന്ന പദ്ധതിയുടെ ഭാഗമായാണ് കോഫി ഡേ നടത്തിയത്.
യാത്രികര്‍ക്കുളള വിമാന ടിക്കറ്റ് വിതരണം ബഹു പുറത്തൂര്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സി.ഒ ശ്രീനിവാസന്‍, തിരൂര്‍ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് പ്രീത പുളിക്കല്‍ എന്നിവര്‍ നിര്‍വ്വഹിച്ചു. പി.ടി.എ പ്രസിഡന്റ് കെ. ഉമ്മര്‍ അധ്യക്ഷത വഹിച്ചു. സുഭാഷ്.പി.വി, ടി.പി മുസ്തഫ സംസാരിച്ചു. പ്രധാനധ്യാപകന്‍ ഏ.വി ഉണ്ണികൃഷ്ണന്‍ സ്വാഗതവും ഷാജി കുമ്മില്‍ നന്ദിയും പറഞ്ഞു.