തിരുവനന്തപുരം: മെഡിക്കല്‍ കോളജുകളില്‍ നിന്ന് നിരവധി ചികിത്സാപ്പിഴവുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്ന പശ്ചാത്തലത്തില്‍ ആരോഗ്യമന്ത്രി വീണാ ജോര്‍ജ് വിളിച്ച അടിയന്തര ഉന്നതതല യോഗം ഇന്ന്. മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടർ, ആരോഗ്യവകുപ്പ് സെക്രട്ടറി, കോഴിക്കോട് – ആലപ്പുഴ മെഡിക്കൽ കോളേജിലെ പ്രിൻസിപ്പൽമാർ, വൈസ് പ്രിൻസിപ്പൽമാർ, സൂപ്രണ്ട് തുടങ്ങിയവർ യോഗത്തിൽ നേരിട്ട് പങ്കെടുക്കും. യോഗത്തിൽ മെഡിക്കൽ കോളേജുകളിലെ ചികിത്സാപിഴവ് അടക്കമുള്ള വിഷയങ്ങൾ വിലയിരുത്തും. ഉച്ചയ്‌ക്ക് 12 മണിക്ക് ആരോഗ്യ മന്ത്രി വീണ ജോർജിന്‍റെ ഓഫീസിലാണ് യോഗം.
വിരലിന് പകരം നാവിന് ശസ്ത്രക്രിയ നടത്തിയ സംഭവവും കാലിന് പകരം കൈയില്‍ കമ്പിയിട്ട സംഭവവും അടുത്തിടെ കോഴിക്കോട് മെഡിക്കല്‍ കോളജിനെതിരെ രൂക്ഷവിമര്‍ശനങ്ങളുയരാന്‍ കാരണമായി. തിരുവനന്തപുരം തൈക്കാട് സര്‍ക്കാര്‍ ആശുപത്രിയില്‍ ഗര്‍ഭിണിക്ക് ചികിത്സ നിഷേധിച്ചതായി കഴിഞ്ഞ ദിവസം പരാതിയുയര്‍ന്നിരുന്നു. കുഞ്ഞിന് അനക്കമില്ലെന്ന് ഡോക്ടറെ അറിയിച്ചപ്പോള്‍ ഉറങ്ങുന്നത് ആകും എന്ന് പറഞ്ഞ് തിരിച്ചയച്ചതായി കുടുംബം ആരോപിച്ചിരുന്നു. ആലപ്പുഴ പുന്നപ്ര സ്വദേശി 70 വയസ്സുകാരി ഉമൈബ മരിച്ചത് മെഡിക്കല്‍ കോളജിന്റെ അനാസ്ഥ മൂലമാണെന്ന് ആരോപിച്ച് ബന്ധുക്കള്‍ പ്രതിഷേധിച്ചിരുന്നു.
സംസ്ഥാനത്തെ സര്‍ക്കാര്‍- സ്വകാര്യ കോളജുകളിലെ നഴ്സിങ് പ്രവേശനത്തിലെ പ്രതിസന്ധി പരിഹരിക്കാന്‍ ആരോഗ്യമന്ത്രി വിളിച്ച യോഗവും ഇന്ന് ചേരും. 2017 മുതലുള്ള ഓരോ അപേക്ഷയ്‌ക്കും 18% ജിഎസ്ടി നല്‍കണമെന്ന ഉത്തരവ് പിന്‍വലിച്ചാല്‍ ഏകജാലക പ്രവേശനത്തിന് തയ്യാറെന്നാണ് മാനേജ്‌മെന്‍റ് അസോസിയേഷന്‍റെ നിലപാട്. ഇന്നത്തെ യോഗത്തില്‍ മാനേജ്‌മെന്‍റ് പ്രതിനിധികള്‍ ഇക്കാര്യം അറിയിക്കും.