ആത്മാവില്ലാത്ത ഐറാന്റെആത്മാവ്.....

ponnani channel
By -
0

ക്രിപ്റ്റോടെറസ്ട്രിയൽ ഗൂഢവാദസങ്കല്പത്തെ അടിസ്ഥാനമാക്കി ഹാർവാഡ് സർവകലാശാല നടത്തിയ ഗവേഷണ പ്രബന്ധം ഫിലോസഫി & കോസ്മോളജി ജേണലിന് പ്രസിദ്ധീകരണത്തിന് നൽകി.മെക്സിക്കോയിലെ പ്രോപോ കാറ്റെപ്റ്റൽ അഗ്നിപർവതനിരകളിലും അമേരിക്കയിലെ ശസ്ത പർവതനിരകളിലും അന്യഗ്രഹ ജീവികളുടെ സാന്നിധ്യം എന്നതാണ് ആനുകാലിക സോഷ്യൽ മീഡിയ ചർച്ച.ഏലിയൻസ് വേഷം മാറി മനുഷ്യർക്കിടയിൽ ജീവിച്ച് മനുഷ്യരെക്കുറിച്ച് പഠനം നടത്തുന്നുണ്ട്. യുഎഫ്ഒ പേടകങ്ങളിൽ അന്യഗ്രഹങ്ങളിൽ നിന്നും അവർക്ക് സന്ദർശകരും ഉണ്ട്.

ജീവിതം വലിയ പ്രതിസന്ധിയിൽ അകപ്പെട്ടു പോയപ്പോൾ സ്വാതി പാലോറാൻ എന്ന പെൺകുട്ടി ഐറാൻ എന്ന ഏലിയനെ തിരിച്ചറിഞ്ഞു. ആത്മാവില്ലാത്ത ആ ഏലിയനിലൂടെ അവൾ സംവദിക്കുവാനാരംഭിച്ചു.സ്വാതി പാലോറാന്റെ ആത്മാവിന്റെ പരിഗണനയുടെ അനിവാര്യത ഐറാൻ പൊളാറിസ് പർവതനിരകളിൽ നിന്നും സമൂഹത്തോട് വിളിച്ചു പറഞ്ഞു.ചുറ്റുപാടുകളുടെ നന്മതിന്മകളിൽ അവർ പരസ്പരം കലഹിച്ചു.നിനക്ക് എന്റെ കെട്ടുപാടുകൾ പോലെ ആത്മാവില്ലെന്ന് അവൾ ഉറക്കെ വിളിച്ചു പറഞ്ഞു.ഒടുവിൽ ഐറാന്റെ വാക്കുകൾ ഒരുപാട് ആത്മാവുകളിൽ മനുഷ്യനെ കണ്ടെത്തി.അവർ മയ്യഴിയിൽ ഒത്തുകൂടി. അവിടെ വച്ച് സ്വാതി പാലോറാൻ ഐറാന്റെ അനുവാദമില്ലാതെ പിന്തുണയില്ലാതെ സധൈര്യം സമൂഹത്തോട് വിളിച്ചു പറഞ്ഞു. "ഹേ മനുഷ്യരെ എനിക്കും ഒരു ആത്മാവുണ്ട്...എന്നെയും ഒന്നു പരിഗണിക്കൂ... 'I Too Have A Soul'.. "

തലശ്ശേരിക്കാരിയായ സ്വാതി പാലോറാൻ എന്ന അനുഗ്രഹീത എഴുത്തുകാരിയുടെ ' I Too Have A Soul ' എന്ന ഇംഗ്ലീഷ് ഫിക്ഷൻ നോവലിന്റെ പ്രകാശനം, ഇന്നലെ ന്യൂ മാഹി ഹിറാ സോഷ്യൽ സെന്ററിൽ വച്ച് നടന്നു.സാഹിത്യകാരൻ വി ആർ സുധീഷ് പുസ്തകപ്രകാശനം നടത്തി.പുസ്തകം പരിചയപ്പെടുത്തുക എന്നത് എന്റെ കർത്തവ്യം ആയിരുന്നു.ചടങ്ങിന് നന്ദി അറിയിച്ചത് ബ്ലഡ്‌ ഡോണേഴ്സ് കേരളയുടെ മാഹിയിലെ അമരക്കാരൻ റിയാസ് ആയിരുന്നു.ശ്രീനി പാലേരി ആണ് സ്വാതിയുടെ കഥാപാത്രങ്ങൾക്ക് അനുയോജ്യമായ മുഖങ്ങൾ വരച്ചത്.സെഡ് എ സൽമാൻ മാസ്റ്റർ, ബാലൻ അമ്പാടി, അധീർ മാസ്റ്റർ, വിനയൻ പുത്തലത്ത്, ചന്ദ്രൻ മാസ്റ്റർ തുടങ്ങിയ പ്രമുഖർ ആശംസകൾ അർപ്പിച്ച പ്രൗഢസദസ്സ് ഒരുക്കുവാൻ ഐറാനൊപ്പം ആദ്യാവസാനം കൂടെ നിന്നത് മാഹിയിലെ സാമൂഹ്യപ്രവർത്തക സി കെ രാജലക്ഷ്മി ആയിരുന്നു.

പൊളാറസ് മലഞ്ചെരുവിലെ ഗ്രാമത്തിൽ ഇറായുടേയും ഐറിഷിന്റെയും ഐറാൻബ്ലൂമിംഗ്‌സണിന്റെയും മുന്നിലേക്ക് പീതവർണ്ണങ്ങളിൽ തീജ്വാലയുയർത്തിയ ഒരു യുഎഫ്ഒ സന്ദർശകപേടകം വീണ്ടും പറന്നിറങ്ങി. അതിൽ നിന്നും ശ്രീനി പാലേരി നൽകിയ പുതിയ മുഖവുമായി ആത്മാവില്ലാത്ത ചോരയില്ലാത്ത ഐറാൻ പുഞ്ചിരിയോടെ സന്തോഷവാനായി പുറത്തേക്കിറങ്ങി......


ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0അഭിപ്രായങ്ങള്‍

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ (0)