രജിസ്ട്രേഷൻ രേഖയിൽ മലയാളത്തിന്റെ മഹാനായ സാഹിത്യകാരൻ സി.രാധാകൃഷ്ണൻ നൽകിയ പേന കൊണ്ട് ഒപ്പ് വച്ചു.

ponnani channel
By -
0
പാർലിമെൻ്റ് ഓഫീസിലെത്തി അംഗത്വത്തിന്റെ രജിസ്ട്രേഷൻ നിർവ്വഹിച്ചു. രജിസ്ട്രേഷൻ രേഖയിൽ മലയാളത്തിന്റെ മഹാനായ സാഹിത്യകാരൻ സി.രാധാകൃഷ്ണൻ നൽകിയ പേന കൊണ്ട് ഒപ്പ് വച്ചു. 

തിരഞ്ഞെടുപ്പ് വേളയിൽ സ്ഥാനാർത്ഥിപര്യടനത്തിനിടെ, അദ്ദേഹത്തെ സന്ദർശിക്കാനായി ചമ്രവട്ടത്തെ വീട്ടിൽ പോയപ്പോൾ ഏറെ സ്നേഹത്തോടെ ഈ പേന പോക്കറ്റിൽ തിരുകിത്തന്ന്, ഡൽഹിയിലെത്തുമ്പോൾ ഇതുകൊണ്ട് ആദ്യത്തെ ഒപ്പ് വെക്കണമെന്ന് പറയുകയുണ്ടായത് ആ സമയം കൂടെയുണ്ടായിരുന്നവർക്കെല്ലാം ഹൃദയസ്പർശിയും അഭിമാനകരവുമായ അനുഭവമായിരുന്നു. പിന്നീട് മാധ്യമങ്ങളിലൂടെ ഇതേക്കുറിച്ചറിഞ്ഞ സഹോദരങ്ങളിൽ പലരും സന്തോഷം അറിയിച്ചതും ഓർക്കുന്നു. മലയാളത്തോടൊപ്പം ഇംഗ്ലീഷിലും സാഹിത്യവും ശാസ്ത്രവും ദർശനവും സമന്വയിപ്പിച്ചുകൊണ്ടുള്ള രചനകൾ നിർവ്വഹിച്ച കേരളീയനായ ഒരേയൊരു എഴുത്തുകാരനാണ് സമാദരണീയനായ സി. രാധാകൃഷ്ണൻ. ആ വലിയ മനസ്സിനും അഗാധ ഹൃദയത്തിനും നമോവാകം!

കേരളത്തിന്റെയും മലയാളത്തിന്റെയും വികാസപരിണാമത്തിന്റെ ചരിത്രത്തിൽ ശക്തമായ വ്യക്തിമുദ്രകൾ പതിപ്പിച്ച തുഞ്ചത്തെഴുത്തച്ഛൻ, മേല്പത്തൂർ, ശൈഖ് സൈനുദ്ദീൻ മഖ്ദൂം, പി.എസ് വാരിയർ, വള്ളത്തോൾ, ഇടശ്ശേരി, ഉറൂബ്, കുട്ടികൃഷ്ണ മാരാർ, കക്കിടിപ്പുറം അബൂബക്കർ മുസ്ലിയാർ, അക്കിത്തം, ആനക്കര കോയക്കുട്ടി മുസ്ലിയാർ, വൈദ്യമഠം ചെറിയ നാരായണൻ നമ്പൂതിരി, പൂമുള്ളി മന ആറാം തമ്പുരാൻ, വി.ടി ഭട്ടതിരിപ്പാട്, എം.ഗോവിന്ദൻ എന്നീ യശശ്ശരീരരായ മഹാ പ്രതിഭകൾ മുതൽ നമ്മുടെ കാലത്തിൻ്റെ മഹാ മനീഷികളായ എം.ടി വാസുദേവൻ നായരും സി.രാധാകൃഷ്ണനും വരെയുള്ള ധന്യവ്യക്തിത്വങ്ങളുടെയെല്ലാം ജന്മസ്ഥലങ്ങൾ പൊന്നാനി മണ്ഡലത്തിലാണെന്ന മണ്ണിൻ്റെ മഹത്വം മനസ്സിൽ വഹിച്ചുകൊണ്ട് അക്ഷരപ്പൊന്ന് വിളയിച്ച ഈ ദേശത്തെയും അവിടത്തെ ജനങ്ങളായ നാട്ടുകാരെയും വീണ്ടും വീണ്ടും ആദരപുരസ്സരം അഭിവാദ്യം ചെയ്തുകൊള്ളട്ടെ!

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0അഭിപ്രായങ്ങള്‍

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ (0)