ഇൻ്റർനാഷണൽ ബുക്ക് ഓഫ് റെക്കോർഡ്സുമായി സി സഫാന

ponnani channel
By -
0

പൊന്നാനി: വിശപ്പിനെ കുറിച്ചു പറയാൻ ആവർത്തനമില്ലാത്ത 350 വാക്കുകൾ കയ്യിലുണ്ടെന്ന് തെളിയിച്ച് ലോക റെക്കോർഡ് ഒപ്പം ചേർത്തിരിക്കുകയാണ് രണ്ടാം വർഷ ബിരുദ വിദ്യാർത്ഥി സഫാന. ഇന്ത്യയിലെ ദാരിദ്ര്യത്തെ കുറിച്ച് ഇംഗ്ലീഷിൽ സഫാന നടത്തിയ ഹ്രസ്വ പ്രസംഗം ഇൻ്റർനാഷണൽ ബുക്ക് ഓഫ് റെക്കോർഡ്സിൻ്റെ ഭാഗമാണിപ്പോൾ. ഒരൊറ്റ വാക്കും ആവർത്തിക്കാതെയാണ് ഏഴ് മിനിറ്റോളം ദൈർഘ്യമുള്ള സഫാനയുടെ പ്രസംഗം. 350 വാക്കുകളുള്ള പ്രസംഗത്തിൽ ഒരു വാക്കും രണ്ടാമത് പറഞ്ഞില്ല.

ഇന്ത്യ, പുവർട്ടി, സൊസൈറ്റി എന്നീ വാക്കുകൾക്ക് നാനാർത്ഥം കണ്ടെത്തിയായിരുന്നു സഫാനയുടെ പ്രസംഗം. 40 സന്ദർഭങ്ങളിൽ പുവർട്ടി എന്ന വാക്കിന് മറ്റു പദങ്ങൾ പ്രയോഗിച്ചു. പ്രസംഗത്തിൽ കമ്പമുള്ള സഫാന വ്യത്യസ്തമായി എന്തെങ്കിലും മികവിനൊപ്പം ചേരണമെന്ന ആഗ്രഹത്തിൽ നിന്നാണ് ഇങ്ങനെയൊരു ശ്രമത്തിനൊപ്പം കൂടിയത്. ഓൺലൈനായാണ് പ്രഭാഷണം നടത്തിയത്. 

ഇന്ത്യ എന്ന വാക്ക് ആവർത്തിക്കാതിരിക്കാൻ ഏറെ ശ്രമം നടത്തേണ്ടി വന്നെന്ന് സഫാന പറഞ്ഞു. ഏറെ ദിവസത്തെ ശ്രമത്തിനൊടുവിലാണ് ഇൻ്റർനാഷണൽ ബുക്ക് ഓഫ് റെക്കോർഡ്സിനു മുന്നിൽ പ്രഭാഷണം നടത്താൻ സഫാന ഒരുങ്ങിയത്. എസ് എസ് എൽ സിക്കും, പ്ലസ് ടുവിനും ഏറ്റവും ഉയർന്ന മാർക്കോടെ പാസായെങ്കിലും പാഠ്യേതര മികവുകൾക്കൊപ്പം കൂടാൻ സഫാനക്ക് സാധിച്ചിരുന്നില്ല. ഗാന്ധി ദർശൻ നടത്തിയ പ്രസംഗ മത്സരങ്ങളിൽ പങ്കെടുത്ത് ജില്ല തലത്തിൽ വിജയി ആയിട്ടുണ്ട്. വ്യത്യസ്തമായൊരു മികവ് സ്വന്തം പേരിൽ വേണമെന്ന അന്വേഷണത്തിൽ നിന്നാണ് വാക്കുകൾ ആവർത്തിക്കാതെയുള്ള പ്രസംഗം കണ്ടെത്തിയത്.

എം ഇ എസ് പൊന്നാനി കോളേജിലെ ജിയോളജി ബിരുദ വിദ്യാർത്ഥിയായ സഫാന എം എസ് എഫ് ഹരിതയുടെ ജില്ല കമ്മിറ്റി അംഗമാണ്. ഹരിതക്കു വേണ്ടി കാമ്പസുകളിലും മറ്റും നിരന്തരമായി പ്രസംഗിക്കാറുണ്ട്. പൊന്നാനി പോലീസ് സ്റ്റേഷന് സമീപം സി. എം മൊയ്‌തുണ്ണിയുടെയും, വളപ്പിൽ സുലൈഖയുടെയും മകളാണ്. ഉപ്പ മൊയ്തുണ്ണി പഴയ കോൺഗ്രസ്സുകാരനാണ്. പാർടിക്കു വേണ്ടി പ്രസംഗിക്കുന്ന ആളുമായിരുന്നു. സഫാനയിലെ പ്രസംഗകയുടെ പാരമ്പര്യം ഉപ്പയിൽ നിന്നാണ്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0അഭിപ്രായങ്ങള്‍

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ (0)