ഡോ. എം.പി.അബ്ദുസ്സമദ് സമദാനി എം.പി ഫിഷറീസ് മന്ത്രി സജി ചെറിയാനെ ചെങ്ങന്നൂർ റെസ്റ്റ് ഹൗസിൽ ചെന്നുകണ്ട് നിവേദനം നൽകി.

ponnani channel
By -
0
പൊന്നാനി ലോക്സഭാ മണ്ഡലത്തിലെ പുതുപൊന്നാനി, വെളിയങ്കോട് പാലപ്പെട്ടി അടക്കമുള്ള സ്ഥലങ്ങളിൽ അനുഭവപ്പെട്ട രൂക്ഷമായ കടൽക്ഷോഭവും മറ്റു തീരപ്രദേശങ്ങളിൽ നിലനിൽക്കുന്ന കടലാക്രമണ ഭീഷണിയും കണക്കിലെടുത്ത് മത്സ്യത്തൊഴിലാളികളായ ജനങ്ങളുടെ സുരക്ഷിതത്വത്തിനും ക്ഷേമത്തിനും ആവശ്യമായ അടിയന്തിര നടപടികൾ കൈക്കൊള്ളണമെന്നാവശ്യപ്പെട്ടുകൊണ്ട് ഡോ. എം.പി.അബ്ദുസ്സമദ് സമദാനി എം.പി ഫിഷറീസ് മന്ത്രി സജി ചെറിയാനെ ചെങ്ങന്നൂർ റെസ്റ്റ് ഹൗസിൽ ചെന്നുകണ്ട് നിവേദനം നൽകി.

പൊന്നാനിയിലും വെളിയങ്കോട്ടും ഇത്തവണ അനുഭവപ്പെട്ട കടുത്ത കടൽക്ഷോഭത്തെയും അതുമൂലം തീരപ്രദേശത്തെ ജനങ്ങൾക്കുണ്ടായ ദുരിതങ്ങളെയും കുറിച്ച് സമദാനി മന്ത്രിയുമായി വിശദമായി ചർച്ച നടത്തി. പുതുപൊന്നാനി, പാലപ്പെട്ടി, അജ്മീർ നഗർ, വെളിയങ്കോട്, തണ്ണിത്തുറ, പത്തുമുറി, കൂട്ടായി അരയൻ കടപ്പുറം, സുൽത്താൻ വളവ്,
വെട്ടം,വാടിക്കൽ, പള്ളിവളപ്പ്, വാക്കാട്, താനൂർ
എടക്കടപ്പുറം, പുതിയകടപ്പുറം,അഞ്ചുടി, ചിരാൻ കടപ്പുറം. പരപ്പനങ്ങാടി, 
ചാപ്പപ്പടി, ആലുങ്ങൽ ബീച്ച് സദ്ദാം ബീച്ച് എന്നീ പ്രദേശങ്ങളെല്ലാം കാലവർഷത്തെത്തുടർന്ന് കടലാക്രമണ ഭീഷണിയിലാണ്. കാലവർഷം വരുമ്പോഴേക്ക് വിവിധങ്ങളായ പ്രയാസങ്ങളിലേക്ക് തള്ളപ്പെടുന്ന മത്സ്യത്തൊഴിലാളികളുടെ സങ്കടകരമായ ജീവിത സ്ഥിതിയെപ്പറ്റി അദ്ദേഹം വിശദീകരിച്ചു. വർഷംതോറും കടൽ കരയെടുത്തു പോകുന്ന പ്രശ്നം അതീവ ഗുരുതരമാണെന്ന് അദ്ദേഹം മന്ത്രിയോട് പറഞ്ഞു. നിരവധി മീറ്ററുകളാണ് ഓരോ കാലവർഷക്കാലത്തും കടലെടുക്കുന്നത്. ഇത് മത്സ്യത്തൊഴിലാളികൾക്കും അവരുടെ വാസസ്ഥാനങ്ങൾക്കും മാത്രമല്ല നാടിനും അതിൻ്റെ ആവാസ വ്യവസ്ഥക്കും ഭീഷണിയുയർത്തുന്ന പ്രവണതയാണ്. അതേക്കുറിച്ച് ശാസ്ത്രീയവും ആധികാരികവുമായ പഠനം നടത്തുകയും അതിനെ തടയാനുള്ള മുൻകരുതലെടുക്കുകയും വേണം. അതിൻ്റെ പശ്ചാത്തലത്തിൽ മത്സ്യത്തൊഴിലാളികളുടെ സുരക്ഷിതത്വവും ക്ഷേമവും ഉറപ്പുവരുത്തുന്ന നടപടികൾ ഉണ്ടാകണമെന്ന് നിവേദനത്തിൽ ആവശ്യപ്പെട്ടു.

ജലസേചന മന്ത്രി റോസി അഗസ്റ്റിനുമായി ചേർന്ന് ഇക്കാര്യത്തിൽ വേണ്ടത് ചെയ്യുമെന്ന് മന്ത്രി പറഞ്ഞു. തീരം കടലെടുക്കുന്ന പ്രശ്നത്തെ സംബന്ധിച്ച് പഠനം നടത്തുന്ന കാര്യം ഉടൻ പരിഗണിക്കുമെന്നും മന്ത്രി അറിയിച്ചു. മന്ത്രി റോസി അഗസ്റ്റിനുമായും ഈ വിഷയങ്ങളെക്കുറിച്ച് സമദാനി ഫോണിൽ വിളിച്ച് സംസാരിക്കുകയും അദ്ദേഹം ആവശ്യപ്പെട്ടതു പ്രകാരം അദ്ദേഹത്തിൻ്റെ ഓഫീസിൽ നിവേദനം എത്തിക്കുകയും ചെയ്തു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0അഭിപ്രായങ്ങള്‍

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ (0)