തവനൂർ സ്‌കിൽ പാർക്കിൽ സെൻട്രൽ ഫൂട്ട് വെയർ ട്രെയിനിങ് ഇൻസ്റ്റിറ്റ്യൂട്ട് കേന്ദ്രത്തിന് ധാരണ- മന്ത്രി ഡോ. ആർ ബിന്ദു

ponnani channel
By -
0
```07.08.2024```
--------------------------



ഉന്നത വിദ്യാഭ്യാസ വകുപ്പിന് കീഴിലെ അസാപ് കേരളയുടെ തവനൂർ സ്‌കിൽ പാർക്കിൽ സെൻട്രൽ ഫൂട്ട് വെയർ ട്രെയിനിങ് ഇൻസ്റ്റിറ്റ്യൂട്ട് ന്റെ എക്സ്റ്റൻഷൻ സെന്റർ ആരംഭിക്കാൻ ധാരണയായതായി ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ. ആർ ബിന്ദു അറിയിച്ചു. മാറുന്ന തൊഴിൽ സാഹചര്യങ്ങളെ മുൻനിർത്തി സെൻട്രൽ ഫൂട്ട് വെയർ ട്രെയിനിങ് ഇൻസ്റ്റിറ്റ്യൂട്ടുമായി( സിഎഫ്ടിഐ)ചേർന്ന് നോൺ ലെതർ പാദരക്ഷാ നിർമാണ മേഖലയിലുള്ള നൂതന പരിപാടികൾ സംഘടിപ്പിക്കാനാണ് തീരുമാനം. പാദരക്ഷാ നിർമാണ മേഖലയിൽ കേരളത്തിൽ പ്രവർത്തിക്കുന്ന വിവിധ കമ്പനികളുടെ ആവശ്യാനുസരണം അവരുടെ തൊഴിലാളികൾക്കുള്ള പ്രത്യേക നൈപുണ്യ വികസന കോഴ്സുകളും ഇതോടൊപ്പം ലഭ്യമാക്കും. 

ക്വാളിറ്റി കൺട്രോൾ ഇൻസ്പെക്ടർ, ബേസിക് കട്ടിങ് ഓപ്പറേറ്റർ, ഫൂട്ട് വെയർ CAD/CAM ഓപ്പറേറ്റർ, ലൈൻ സൂപ്പർവൈസർ തുടങ്ങി നിരവധി ഹ്രസ്വകാല, ദീർഘകാല കോഴ്സുകൾ പരിഗണനയിലുണ്ട്. പാദരക്ഷാനിർമാണ മേഖലയിൽ പ്രവർത്തിയ്ക്കുന്ന കമ്പനികൾ അഭിമുഖീകരിക്കുന്ന, സാങ്കേതികവിദ്യാ നിപുണരായ തൊഴിലാളികളുടെ ലഭ്യതക്കുറവിൻ്റെ പ്രശ്നം ഒരു പരിധിവരെ പരിഹരിയ്ക്കുവാൻ ഇത്തരം പരിശീലനപരിപാടികളിലൂടെ സാധിക്കുമെന്ന് മന്ത്രി അറിയിച്ചു. ഉന്നത വിദ്യാഭ്യാസ വകുപ്പിന് കീഴിലെ അസാപ് കേരളയും സെൻട്രൽ ഫൂട്ട് വെയർ ട്രെയിനിങ് ഇൻസ്റ്റിറ്റ്യൂട്ടും തമ്മിലുള്ള ധാരണാപത്രം ഒപ്പിടുന്ന ചടങ്ങിൽ സംസാരിക്കുകയായിരുന്നു മന്ത്രി. 
 
തൽപരരായ ഉദ്യോഗാർത്ഥികൾക്ക് പദ്ധതിയുടെ ഭാഗമായി,യഥാർഥ തൊഴിൽ സാഹചര്യങ്ങൾ മനസിലാക്കുവാനും നേരിട്ടു തൊഴിൽ നൽകുന്ന പരിശീലന പരിപാടികളിൽ ഏർപ്പെടാനുമുള്ള സൌകര്യങ്ങൾ തവനൂർ കമ്യൂണിറ്റി സ്കിൽ പാർക്കിൽ ഒരുക്കും. ഏതാണ്ട് 25000 സ്ക്വയർ ഫീറ്റ് വിസ്താരമുള്ള കമ്യൂണിറ്റി സ്കിൽ പാർക്കിൽ പ്രസ്തുത പ്രവർത്തനങ്ങൾക്കായി ഉയർന്ന നിലവാരത്തിലുള്ള ലാബ്, വർക്ക്ഷോപ്പ് സൗകര്യങ്ങളും അത്യന്താധുനിക സാങ്കേതിക വിദ്യകൾ സമന്വയിപ്പിച്ച സ്മാർട്ട് ക്ലാസ് മുറികളും സജ്ജീകരിക്കുന്നുണ്ട്.

 തൊഴിൽ നൈപുണ്യവികസനം എന്ന സുപ്രധാന ലക്ഷ്യം മുൻനിർത്തി അസാപ് കേരള, കമ്യൂണിറ്റി സ്കിൽ പാർക്കുകളിലൂടെ വിവിധ പരിശീലന പരിപാടികൾ ഇപ്പോൾത്തന്നെ നടത്തി വരുന്നുണ്ട്. തവനൂർ അസാപ് കമ്യൂണിറ്റി സ്കിൽ പാർക്കിൽ കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷ് ട്രെയിനർ, സർട്ടിഫിക്കറ്റ് കോഴ്സ് ഇൻ വെഹിക്കൾ റീഫിനിഷ് തുടങ്ങിയ വിവിധ നൈപുണ്യവികസന പരിശീലനപദ്ധതികൾ ഇപ്പോൾ നടന്നുവരുന്നു. കൂടാതെ മൂന്നോളം പ്ലേസ്മെന്റ് ഡ്രൈവുകളും വിവിധ ഇന്റേൺഷിപ്പ് പരിപാടികളും ഇവിടെ സംഘടിപ്പിച്ചിട്ടുണ്ട്. സിഎഫ്ടിഐ ട്രെയിനിങ് എക്സ്റ്റൻഷൻ സെന്റർ തവനൂർ സ്കിൽ പാർക്കിൽ സ്ഥാപിതമാകുന്നതോടു കൂടി, തികച്ചും വ്യതസ്തമായൊരു വ്യവസായമേഖലയിൽ നൈപുണ്യപരിശീലനം ലഭിക്കുന്നതിനുള്ള അവസരം തൊഴിൽ രഹിതരായ ചെറുപ്പക്കാർക്ക് ലഭ്യമാകും. പാദരക്ഷ നിർമാണമേഖലയിൽ പുതിയ കമ്പനികൾ വരുന്നതിനും, ഇപ്പോൾ ആ മേഖലയിൽ പ്രവർത്തിക്കുന്ന കമ്പനികൾക്ക് അവരുടെ നിർമാണ വിതരണപ്രവർത്തങ്ങൾ മെച്ചപ്പെടുത്തുന്നതിനും സെന്ററിലെ പരിശീലനങ്ങൾ സഹായകരമായിരിക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു . ഉന്നത വിദ്യാഭ്യാസവകുപ്പ് മന്ത്രി ഡോ. ആർ ബിന്ദുവിൻ്റെ സാന്നിധ്യത്തിൽ അസാപ് കേരള സി.എം.ഡി ഡോ. ഉഷ ടൈറ്റസും സിഎഫ്ടിഐ ചെന്നൈ ഡയറക്ടർ കെ മുരളിയും തമ്മിൽ ധാരണാപത്രം ഒപ്പുവെച്ചു. അസാപ് കേരള കമ്യൂണിറ്റി സ്‌കിൽ പാർക്ക് ഹെഡ് സജിത്ത് കുമാർ ഇ.വി, അസോസിയേറ്റ് ഡയറക്ടർ രാകേഷ് കെ വി, ചീഫ് കോർഡിനേറ്റർ, സിഎഫ്ടിഐ ചെന്നൈ നാഗരാജൻ എന്നിവർ പങ്കെടുത്തു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0അഭിപ്രായങ്ങള്‍

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ (0)