കൊളാടി സ്‌മാരക സമഗ്ര സംഭാവനാ പുരസ്‌കാരം എം. മുകുന്ദന് സമർപ്പിച്ചു
പൊന്നാനി: സാന്ത്വനമെന്ന വാക്കിന്റെ അർഥം മനസ്സിലാക്കിയ വ്യക്തികൂടിയായിരുന്ന കൊളാടി ഗോവിന്ദൻകുട്ടി കമ്യൂണിസ്റ്റ് പാർട്ടിയുടെ മാത്രമല്ല അതിലൊന്നും പെടാത്ത മനുഷ്യരുടെ ഹൃദയങ്ങളിൽകൂടി അംഗീകാരം നേടിയ നേതാവായിരുന്നുവെന്ന് പ്രമുഖ സാഹിത്യകാരൻ സി. രാധാകൃഷ്‌ണൻ പറഞ്ഞു. കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ സമുന്നത നേതാവായിരുന്ന സഖാവ് കൊളാടി ഗോവിന്ദൻകുട്ടി അനുസ്‌മരണ സമ്മേളനം മാറഞ്ചേരി സൽക്കാര ഓഡിറ്റോറിയത്തിൽ ഉദ്‌ഘാടനം ചെയ്‌തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ജാതി, മത, രാഷ്‌ട്രീയ വ്യത്യസങ്ങളില്ലാതെ ആരായാലും സഹോദരനായി കാണുകയെന്ന തത്വശാസ്‌ത്രവും, എനിക്കുമാത്രമല്ല എന്റെ നാടിനും നാട്ടുകാർക്കും നല്ലതുവരണമെന്ന മോഹവും, എനിക്കുള്ളതെല്ലാം ചെലവഴിക്കാനുള്ള സന്നദ്ധതയുമാണ് ഒരു പൊതുപ്രവർത്തകന് വേണ്ടത്. ഈ ഗുണങ്ങളെല്ലാമുള്ള ഒരുമഹാനായിരുന്നു കൊളാടി ഗോവിന്ദൻകുട്ടിയെന്നും. മനുഷ്യൻ ഉള്ളിടത്തോളം അവനു നേതൃത്വം നൽകാൻ നേതാവ് അനിവാര്യമാണ്. വലിയ രാഷ്‌ട്രീയ പാർട്ടിയുടെ സ്ഥാപകനായതുകൊണ്ടല്ല മഹാത്മാഗാന്ധിയെ നാം സ്‌നേഹിക്കുന്നതെന്നും എല്ലാം മനുഷ്യരോടും സ്‌നേഹത്തിന്റെയും ധർമ്മ ബോധത്തിന്റെയും അടിസ്ഥാനത്തിലായിരുന്നു സമീപിച്ചിരുന്നത് ആ സ്‌നേഹമാണ് മനുഷ്യർ ഗാന്ധിജിക്ക് നൽകുന്നത്. അത്തരം ഗുണങ്ങൾ സ്വീകരിച്ച നേതാവായിരുന്നു കൊളാടിയെന്നും അദ്ദേഹം പറഞ്ഞു. കൊളാടി സമഗ്ര സംഭാവനാ പുരസ്‌കാരം ലഭിച്ച എന്റെ സുഹൃത്ത് മുകുന്ദൻ മനുഷ്യനെ അറിഞ്ഞും അതിലെ നല്ലതിനെയും ചീത്തയെയും തുറന്നെഴുതുന്ന എഴുത്തുകാരനാണ് എല്ലാവിധ അഭിനന്ദങ്ങളും നേരുന്നതായും അദ്ദേഹം പറഞ്ഞു. കൊളാടി ഗോവിന്ദൻകുട്ടി സ്‌മാരക സമഗ്ര സംഭാവനാ പുരസ്‌കാരം സി. രാധാകൃഷ്‌ണനിൽനിന്ന് എം. മുകുന്ദൻ സ്വീകരിച്ചു. രാജ്യസഭാ അംഗമായ പി.പി. സുനീറിന് കൊളാടി ട്രസ്റ്റിന്റെ ആദരം കവി ആലങ്കോട് ലീലാകൃഷ്‌ണൻ, സി. രാധാകൃഷ്‌ണൻ, സി. മുകുന്ദൻ എന്നിവർ ചേർന്നു കൈമാറി. സി.പി.ഐ. ജില്ലാ സെക്രട്ടറി പി.കെ. കൃഷ്‌ണദാസ് അധ്യക്ഷത വഹിച്ചു. കവി ആലങ്കോട് ലീലാകൃഷ്‌ണൻ കൊളാടി അനുസ്‌മരണ പ്രഭാഷണം നടത്തി. സി.പി.ഐ. സംസ്ഥാന അസി. സെക്രട്ടറി പി.പി. സുനീർ എം.പി., സംസ്ഥാന കൗൺസിൽ അംഗം അജിത് കൊളാടി, പൊന്നാനി മണ്ഡലം സെക്രട്ടറി പി. രാജൻ, വടക്കാഞ്ചേരി മണ്ഡലം സെക്രട്ടറി ഇ.എം. സതീശൻ, എ.കെ. ജബ്ബാർ, അഡ്വ. എം.കെ. മുഹമ്മദ് സലീം, തരോത്തേൽ അഷ്‌റഫ് എന്നിവർ പ്രസംഗിച്ചു.