ബാബരി ധ്വംസനം മതേതര ഇന്ത്യയെ വേട്ടയാടുന്നു - ശശി പൂവ്വൻചിന

ponnani channel
By -
1 minute read
0
പൊന്നാനി: ബാബരി മസ്ജിദ് തകര്‍ക്കപ്പെട്ട് മൂന്ന് പതിറ്റാണ്ടിന് ശേഷവും അതിന്റെ പ്രത്യാഘാതങ്ങള്‍ മതേതര ഇന്ത്യയെ വേട്ടയാടുകയാണെന്ന് പി.ഡി.പി.വൈസ്ചെയര്‍മാൻ ശശി പൂവ്വൻചിന പറഞ്ഞു.

 നാലര നൂറ്റാണ്ടുകാലം നിലനിന്നിരുന്ന ഒരു മുസ്ലിം പള്ളിക്ക് മേല്‍ അവകാശവാദമുന്നയിച്ചും ഭരണകൂട ഒത്താശ്ശയോട് കൂടി സംഘ്പരിവാര്‍ ആക്രമികള്‍ തകര്‍ക്കുകയും ചെയ്തിട്ടും ജുഡീഷ്യറി തന്നെ അനീതിയുടെ വിധി പ്രസ്താവത്തിലൂടെ രാമക്ഷേത്ര നിര്‍മ്മാണത്തിന് ബാബരിയുടെ ഭൂമി വിട്ട് കൊടുത്തതിലൂടെ രാജ്യത്തിന്റെ മതേതരത്വം കളങ്കപ്പെടുകയായിരുന്നു.

 ആ വിധിയാണ് രാജ്യത്ത് ആരാധനാലയ സംരക്ഷണ നിയമം നിലനില്‍ക്കെത്തന്നെ ഒന്നിന് പിറകെ ഒന്നായി മുസ്ലിം പള്ളികളെ സംഘ്പരിവാര്‍ ലക്ഷ്യം വയ്ക്കുന്നത്.

 ഗ്യാന്‍വാപിയില്‍ സംഭലില്‍ ഭോജ്പാലില്‍, അജ്മീര്‍ ദര്‍ഗയില്‍, ഡല്‍ഹി ജുമാമസ്ജിദില്‍ സമീപ നാളുകളിലുണ്ടാകുന്ന അവകാശ തര്‍ക്കങ്ങള്‍ക്ക് ബാബരി മസ്ജിദ് പ്രശ്നത്തിലെ സുപ്രീം കോടതി വിധിയുടെ സ്വാധീനം പ്രധാനപ്പെട്ടതാണ്.

 ബാബരി ഭൂമിയില്‍ ബാബരിയുടെ പുനര്‍ നിര്‍മ്മിതിയിലൂടെയാണ് മതേതര ഇന്ത്യയുടെ അന്തസ്സ് നിലനിര്‍ത്താനാവുക എന്ന കഴിഞ്ഞ 32 വര്‍ഷക്കാലത്തെ പി.ഡി.പി.യുടെ രാഷ്ട്രീയ നിലപാട് കൂടുതല്‍ പ്രസക്തമാവുകയാണെന്നും ഇനിയൊരു ബാബരി ആവര്‍ത്തിക്കാതിരിക്കാന്‍ ഫാസിസത്തിനും ഭരണകൂട ഭീകരതക്കുമെതിരെ മതേതര ജനാധിപത്യ ചെറുത്ത് നില്‍പ്പ് അനിവാര്യമാണെന്നും അദ്ദേഹം പറഞ്ഞു. 

വഖഫ് ഭേദഗതി നിയമത്തിലൂടെയും ഏക സിവില്‍കോഡ് നടപ്പിലാക്കിയും ന്യൂനപക്ഷ പിന്നോക്ക വിഭാഗങ്ങള്‍ക്കെതിരെ ഭരണകൂട അജണ്ടകള്‍ നടപ്പിലാക്കാനുള്ള നീക്കത്തിനെതിരെ ജനാധിപത്യ ഇന്ത്യ ഐക്യപ്പെടണമെന്ന് അദ്ദേഹം പറഞ്ഞു.

ബാബരി-വഖഫ്-സിവില്‍കോഡ് ഫാസിസ്റ്റ് കടന്ന് കയറ്റത്തിനെതിരെ എന്ന മുദ്രാവാക്യത്തില്‍ ബാബരി ഓര്‍മ്മദിനത്തില്‍ പി.ഡി.പി. മണ്ഡലം കമ്മിറ്റി കുണ്ടുകടവ് ജംഗ്ഷനില്‍ സംഘടിപ്പിച്ച ഫാസിസ്റ്റ് വിരുദ്ധ സദസ്സ് ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

 മണ്ഡലം പ്രസിഡന്റ് ഇസ്മായിൽ പുതുപൊന്നാനി അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറല്‍ സെക്രട്ടറി ജാഫർ അലി ദാരിമി മുഖ്യ പ്രഭാഷണം നടത്തി.

ജില്ലാ ജോയിന്റ് സെക്രട്ടറി ഷംലിക് കടകശ്ശേരി, സി പി എം ഏരിയ സെക്രട്ടറി കുഞ്ഞി മുഹമ്മദ്, എസ് വൈ എസ് പൊന്നാനി സോൺ പ്രസിഡന്റ് അബ്ദുൽ കരീം സഅദി, 

പെൽഫയർ പാർട്ടി മുൻസിപ്പൽ പ്രസിഡൻ്റ് ഹംസ, പാർട്ടി നേതാക്കളായ എം.എ അഹമദ് കബീർ, എം. മൊയ്തുണ്ണി ഹാജി, സലാം അതളൂർ, അക്ബർ ചുങ്കത്ത്, അബ്ദുസ്ലാം ബാവ, പി സി എഫ് പ്രതിനിധി മൊയ്തുണ്ണി ചങ്ങരംകുളം തുടങ്ങിയവര്‍ പ്രസംഗിച്ചു.

ബദറു കാപ്പിരിക്കാട് പ്രതിജ്ഞ ചൊല്ലിക്കൊടുത്തു
മുൻസിപ്പൽ സെക്രട്ടറി അബ്ദുറഹ്മാൻ സ്വാഗതവും, മണ്ഡലം സെക്രട്ടറി നിഷാദ് ചങ്ങരംകുളം നന്ദിയും പറഞ്ഞു.



Tags:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0അഭിപ്രായങ്ങള്‍

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ (0)