വഖഫ് നിയമ ഭേദഗതിക്കെതിരെപൊന്നാനിയിൽ ബഹുജന റാലിയുംപ്രതിഷേധ സംഗമവും വെള്ളിയാഴ്ച

ponnani channel
By -
1 minute read
0
വഖഫ് നിയമ ഭേദഗതിക്കെതിരെ

പൊന്നാനിയിൽ ബഹുജന റാലിയും
പ്രതിഷേധ സംഗമവും വെള്ളിയാഴ്ച

പൊന്നാനി: കേന്ദ്ര സർക്കാർ നടപ്പാക്കിയ വഖഫ് ഭേദഗതി നിയമത്തിനെതിരെ പൊന്നാനിയിലെ മത സാംസ്ക്കാരിക സംഘടനകളുടെ കൂട്ടായ്മയായ സമന്വയം പൊന്നാനിയുടെ നേതൃത്വത്തിൽ ബഹുജന മഹാറാലിയും സാംസ്കാരിക സംഗമവും വെള്ളിയാഴ്ച നടക്കും. വൈകീട്ട് നാലിന് പൊന്നാനി ഫിഷിംഗ് ഹാർബറിൽ നിന്നാരംഭിക്കുന്ന റാലി കുണ്ടുകടവ് ജംഗ്ഷനിൽ സമാപിക്കും.

മുസ്‌ലിം ന്യൂനപക്ഷ അവകാശങ്ങൾക്ക് മേലുള്ള കടന്നുകയറ്റമാണ് വഖഫ് ഭേദഗതി നിയമമെന്നതിൽ യാതൊരു സംശയവുമില്ല. നിയമഭേദഗതി എന്ന വ്യാജേന വഖഫ് എന്ന സംവിധാനത്തെ തന്നെ ഇല്ലായ്മ ചെയ്യാനാണ് കേന്ദ്രസർക്കാർ ശ്രമിക്കുന്നത്. ന്യൂനപക്ഷങ്ങൾക്ക് ഭരണഘടന വിഭാവനം ചെയ്യുന്ന മൗലികമായ സ്വാതന്ത്ര്യത്തെ ഇല്ലായ്മ ചെയ്യലാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. ഇത് നിലവിലെ വഖഫ് നിയമങ്ങളെയും ട്രൈബൂണലുകളെയും നോക്കുകുത്തികളാക്കി രാജ്യത്തിന്റെ പല ഭാഗത്തും ന്യൂനപക്ഷങ്ങൾക്കും അവരുടെ ആരാധനാലയങ്ങൾക്കും നേരെ നടന്നുകൊണ്ടിരിക്കുന്ന കടന്നു കയറ്റങ്ങൾക്കും പിടിച്ചെടുക്കലുകൾക്കും നിയമപരമായ സാധുത നൽകുക എന്നതാണ് ലക്ഷ്യമിടുന്നത്. ഭരണഘടന വിഭാവനം ചെയ്യുന്ന അവകാശങ്ങളുടെ കൃത്യമായ ലംഘനം കൂടിയാണിതെന്ന് സമന്വയം ഭാരവാഹികൾ പറഞ്ഞു.

റാലിയുടെ ഭാഗമായി വൈകീട്ട് 6:30ന് കുണ്ടുകടവ് ജംഗ്ഷനിൽ നടക്കുന്ന പ്രതിഷേധ സംഗമം പി നന്ദകുമാർ എം എൽ എ ഉദ്ഘാടനം ചെയ്യും. യു ഡി എഫ് ജില്ല ചെയർമാൻ പി ടി അജയ് മോഹൻ, മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി അബ്ദുറഹിമാൻ രണ്ടത്താണി, സി പി എം ജില്ല സെക്രട്ടറിയേറ്റ് അംഗം പി കെ ഖലീമുദ്ധീൻ, സി പി ഐ സംസ്ഥാന എക്സിക്യൂട്ടീവ് അംഗം അജിത് കൊളാടി, പൊന്നാനി മഖ്ദൂം എം പി മുത്തുക്കോയ തങ്ങൾ തുടങ്ങി പ്രമുഖർ പങ്കെടുക്കും.

വാർത്താസമ്മേളനത്തിൽ സമന്വയം ചെയർമാൻ കെ എം മുഹമ്മദ് കാസിം കോയ, അബ്ദുറഹിമാൻ ഫാറൂഖി, സി വി അബ്ദുല്ലകുട്ടി, എം പി നിസാർ എന്നിവർ പങ്കെടുത്തു.
Tags:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0അഭിപ്രായങ്ങള്‍

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ (0)