പെരുമ്പിലാവ്: മുറിവേറ്റും ജീവനറ്റുമെത്തുന്ന ശരീരങ്ങൾ ഏറ്റുവാങ്ങുന്നത് നഴ്സ് സുലൈഖയ്ക്ക് ഒരു പുതിയ കാര്യമല്ല. എന്നാൽ, വ്യാഴാഴ്ച രാവിലെ പത്തരയോടെ മുന്നിലെത്തിയ കാഴ്ച കണ്ട് അവർ ഞെട്ടിത്തരിച്ചുപോയി. മുന്നിൽ കിടക്കുന്നത് സ്വന്തം മകനാണെന്ന് അവർക്ക് വിശ്വസിക്കാനായില്ല.
അൻസാർ ആശുപത്രിയാണ് ഈ ഹൃദയഭേദകമായ കാഴ്ചയ്ക്ക് സാക്ഷ്യം വഹിച്ചത്. അക്കിക്കാവിലുണ്ടായ വാഹനാപകടത്തിൽ ഗുരുതരമായി പരിക്കേറ്റ 15 വയസ്സുകാരൻ അൽ ഫൗസാനെ സമീപത്തുള്ള അൻസാർ ആശുപത്രിയിലേക്കാണ് കൊണ്ടുപോയത്. അപകടസ്ഥലത്തുണ്ടായിരുന്നവരോ ആശുപത്രിയിലെത്തിച്ചവരോ കുട്ടിയെ തിരിച്ചറിഞ്ഞിരുന്നില്ല.
അൻസാർ ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിൽ എത്തുമ്പോഴേക്കും അൽ ഫൗസാൻ മരണത്തിന് കീഴടങ്ങിയിരുന്നു.
അത്യാഹിത വിഭാഗത്തിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന മാതാവ് സുലൈഖയുടെ കൈകളിലേക്കാണ് അൽ ഫൗസാന്റെ മൃതദേഹമെത്തിയത്.
മകന്റെ ചേതനയറ്റ ശരീരം കണ്ടതോടെ സുലൈഖ കുഴഞ്ഞുവീണു. ഓടിക്കൂടിയപ്പോഴാണ് മരിച്ച കുട്ടിയെക്കുറിച്ച് മറ്റുള്ളവർ അറിയുന്നത്. ഇതോടെ ആശുപത്രി ജീവനക്കാരും തടിച്ചുകൂടിയവരും കണ്ണീരിലായി. പിന്നീട് സ്ഥലത്തെത്തിയ കുടുംബാംഗങ്ങളെ ആശ്വസിപ്പിക്കാനും അവർ ഏറെ പാടുപെട്ടു.
അൽ ഫൗസാന്റെ പിതാവ് ഇതേ ആശുപത്രിയിൽ അക്കൗണ്ടന്റാണ്. എന്നാൽ, സംഭവസമയത്ത് അദ്ദേഹം ആശുപത്രിയിലുണ്ടായിരുന്നില്ല.
ട്യൂഷൻ സെന്ററിലെ ക്ലാസ് കഴിഞ്ഞ് മടങ്ങുമ്പോൾ, സമീപത്തെ കടയിൽനിന്ന് കേടുപാടു തീർത്ത സ്വന്തം സൈക്കിൾ കൈപ്പറ്റി തള്ളിക്കൊണ്ടുപോവുകയായിരുന്നു അൽ ഫൗസാൻ. പിതാവ് മെഹബൂബ് സൈക്കിൾ കൊണ്ടുവരാമെന്ന് പറഞ്ഞിരുന്നെങ്കിലും ജ്യേഷ്ഠൻ കൊടുത്ത പണവുമായി അൽ ഫൗസാൻ തന്നെ കടയിൽ പോയി എടുക്കുകയായിരുന്നു. സംസ്ഥാന പാതയിലൂടെ സൈക്കിൾ ചവിട്ടി വരരുതെന്ന് പറഞ്ഞിരുന്നതിനാലാണ് അവൻ അത് തള്ളിക്കൊണ്ടു വന്നിരുന്നത്.
#മലപ്പുറം #പൊന്നാനി #